അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടയിൽ നടന്ന ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ 24 പ്രതികൾ കുറ്റക്കാരെന്ന് കോടതി. 36 പേരെ വെറുതെ വിട്ടു. 2002ലെ കലാപത്തിൽ ഗുൽബർഗ സൊസൈറ്റിയിൽ അക്രമത്തിൽ 69 പേരാണു കൊല്ലപ്പെട്ടത്. 31 പേരെ കാണാതായി. കോൺഗ്രസ് എംപിയായിരുന്ന എഹ്‌സാൻ ജാഫ്രി ഈ അക്രമത്തിനിടെയാണു ക്രൂരമായി കൊലചെയ്യപ്പെട്ടത്.

സുപ്രീം കോടതിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെതെൽവാദ് നേതൃത്വം നൽകുന്ന സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) ആണ് ഈ ആവശ്യമുന്നയിച്ചു സുപ്രീം കോടതിയിലെത്തിയത്. കലാപത്തിന്റെ ഇരകളായ 570 സാക്ഷികളെയാണു സിജെപി കോടതിയിലെത്തിച്ചത്. കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുൽബർഗിൽ നടന്നത്. ഏറ്റവും വലിയ കൂട്ടക്കുരുതി അഹമ്മദാബാദ് നഗരത്തിനുള്ളിലെ നരോദ പാട്യയിലായിരുന്നു. 126 പേരെയാണ് ഇവിടെ അക്രമികൾ കൊലപ്പെടുത്തിയത്. ഈ കേസിൽ 2012 ഓഗസ്റ്റിൽ വിധി പ്രഖ്യാപിച്ചിരുന്നു. മുൻ മന്ത്രി മായാ കോട്‌നാനി അടക്കം 32 പേരെ ശിക്ഷിച്ചിരുന്നു.

ഇതടക്കം 126 പേരെ ഇതിനകം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിച്ചിട്ടുണ്ട്. അതേസമയം, ഗുൽബർഗ് സംഭവവുമായി ബന്ധപ്പെട്ട് ജാഫ്രിയുടെ ഭാര്യ സാകിയ നൽകിയ കേസിൽ അന്വേഷണം തുടരുകയാണ്. ഗുൽബർഗ് അടക്കമുള്ള മുന്നൂറോളം കേസുകളിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടൽ അന്വേഷിക്കണമെന്നാണു സാകിയ ആവശ്യപ്പെട്ടത്.