മനാമ: തീവ്രവാദ ആക്രമണങ്ങളിൽ നിന്ന് വിമാനയാത്രക്കാർക്ക് സംരക്ഷണം നൽകാനാണ് ഗൾഫ് എയർ വിമാനങ്ങളിൽ രഹസ്യ ഏജന്റുമാരെ നിയമിക്കുന്നത്. ഈ പുതിയ സുരക്ഷാ സംവിധാനം ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാകും പ്രവർത്തിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ വിമാനങ്ങളിലും ആയുധധാരികളായ രഹസ്യ ഏജന്റുമാർ ഉണ്ടാകും.

പാർലമെന്ററി ഫോറിൻ അഫയേഴ്‌സ്, നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കമ്മറ്റി എന്നിവർ ചേർന്ന യോഗത്തിലാണ് പുതിയ സുരക്ഷാ സംവിധാനമൊരുക്കുവാനുള്ള കാര്യത്തിൽ ധാരണയായത്. എംപിമാരുടെ ഒരുസംഘമാണ് കമ്മറ്റിക്ക് മുമ്പാകെ നിർദ്ദേശം മുന്നോട്ടുവച്ചത്. ബഹ്‌റിന്റെ ദേശീയ വിമാനത്തെ റാഞ്ചാനുള്ള തീവ്രവാദികളുടെ ശ്രമത്തെ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ സുരക്ഷാ സംവിധാനം.

വിഷയത്തിൽ കൂടുതൽ പഠനങ്ങൾക്കായി പാർലമെന്റ് ചെയർമാന്റെ ഓഫീസിൽ നിർദ്ദേശം സമർപ്പിച്ചിരിക്കുകയാണ്. കൂടാതെ പല പുതിയ പദ്ധതികൾക്കുള്ളനനിർദ്ദേശങ്ങളും അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകളിൽ ഡ്രൈവിങ് പരിശീലകരുടെ എണ്ണം വർദ്ധിപ്പിക്കുക, മയക്കുമരുന്ന് ഉപയോഗത്തെ തടയാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ക്യാംപെയിൻ സംഘടിപ്പിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.