ഓഫർ വർദ്ധിപ്പിച്ചും സർവ്വീസുകൾ കൂട്ടിയും കമ്പനികൾ വേനലവധിക്കാലത്തെ വരവേൽക്കാൻ വിമാന കമ്പനികൾ ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഗൾഫ് എയറും സർവ്വീസ് വർദ്ധിപ്പിച്ച് രംഗത്തെത്തി. ബഹ്‌റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ സൗദിയിലേക്കുള്ള സർവീസുകൾ ആണ് വർധിപ്പിച്ചത്.

റിയാദിലേക്ക് ആഴ്ചയിൽ 28 സർവീസുണ്ടായിരുന്നത് 32 ആയി ഉയർത്തി. ജിദ്ദയിലേക്കുള്ള സർവീസിലും വർധനവ് വരുത്തി. ഇന്ത്യൻ നഗരങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് വർധിപ്പിച്ച സർവീസുകൾ ഉപകാരപ്രദമാകും. സൗദി അറേബ്യയിലെ ദമ്മാം, മദീന, ഖസീം നഗരങ്ങളിലേക്കും ഗൾഫ് എയർ സർവീസ് നടത്തുന്നുണ്ട്.

എയർ ഇന്ത്യ ആഴ്ചയിൽ നടത്തിയിരുന്ന 96 സർവീസുകൾ 119 ആയി ഉയർത്തിയിരുന്നു.മുംബൈ വഴി കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക് പുതിയ സൗകര്യമാണ് ജെറ്റ് എയർവെയിസ് ഒരുക്കിയിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര ടെർമിനലിലെത്താതെ തന്നെ
മാർച്ച് 15 മുതൽ കണക്ഷൻ ഫ്‌ളൈറ്റുകൾ ഒരുക്കും. ഇന്ത്യൻ വിമാനത്താവളങ്ങളിൽ ജെറ്റ് എയർവെയിസിന്റെ സൗഹൃദ ഹബുകൾ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ജെറ്റ് എയർവെയ്‌സ്
വാർത്താകുറിപ്പിൽ പറഞ്ഞു.

അതിനിടെ എണ്ണ വില കുറഞ്ഞ സാഹചര്യത്തിൽ വിമാന കമ്പനികളുടെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. അവധിക്കാല യാത്രയിൽ നിരക്ക് വർധന വേണ്ടെന്നാണ് വിമാന കമ്പനികളുടെ തീരുമാനം. ഖത്തർ എയർവെയിസ്, ഇത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങിയ കമ്പനികളെല്ലാം നിരക്കിളവ് പ്രഖ്യാപിച്ചു. എമിറേറ്റ്‌സ് 8.5 ശതമാനവും ഖത്തർ എയർവെയിസ് 14.5 ശതമാനവുമാണ് ഇന്ത്യയിലേക്കുള്ള സർവീസുകളിൽ നിരക്ക് കുറച്ചത്.