ലണ്ടൻ: മലയാളികളുടെ ഇഷ്ട സർവീസുകളായ ഗൽഫിൽനിന്നുള്ള മൂന്നു വിമാന കമ്പനികൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആദ്യത്തെ പത്തു എയർലൈൻസുകളിൽ ഇടംപിടിച്ചു. ഖത്തർ എയർവെയ്സും ഇത്തിഹാദും, എമിറേറ്റ്സുമാണ് ജെറ്റ് എയർലൈനർ ക്രാഷ് ഡാറ്റ ഇവാല്യൂഷൻ സെന്റർ പുറത്തുവിട്ട പുതിയറിപ്പോർട്ടുകൾ പ്രകാരം പട്ടികയിൽ ഇടം നേടിയത്.

നാലാം സ്ഥാനവുമായി ഖത്തർ എയർവെയ്സ് ആണ് ഗൾഫ് നാടുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. എമിറേറ്റ്സ് എയർലൈൻസിന് ഏഴാം സ്ഥാനവും, എത്തിഹാദ് ഐർവേയ്സിന് എട്ടാം സ്ഥാനവുമാണുള്ളത്.

2016ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ എയർലൈൻസുകളാണ്.

ഹോങ്കോങ്ങിലെ കാതി പസിഫിക് ആണ് സുരക്ഷാ റെക്കോർഡുകളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ. ന്യൂസിലൻഡിലെ എയർ ന്യൂസിലൻഡ് രണ്ടാം സ്ഥാനം നേടി. ചൈനയിൽ നിന്നുള്ള ഹൈനാൻ എയർലൈൻസ് (3), ഖത്തർ (4)തർലാൻഡ്സിലെ കെ.എൽ.എം (5), തായ്വാനിലെ ഇവാ എയർ (6), എമിറേറ്റ്സ് (7),ഇത്തിഹാദ് (8)ഖാന്റാസ്- ഓസ്ട്രേലിയ (9), ജപ്പാൻ എയർലൈൻസ് (10) എന്നിവയാണ് സുരക്ഷയുടെ കാര്യത്തിൽ ആദ്യപത്തിൽ എത്തിയ എയർലൈൻസുകൾ.

തൊട്ടു മുൻ വർഷത്തെ റിപ്പോർട്ട് അനുസരിച്ച് രണ്ടാം സ്ഥാനത്ത് ആയിരുന്ന എമിറേറ്റ്സ് ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഏഴാം സ്ഥാനത്തേക്ക് പോയി. എന്നാൽ ഖത്തർ എയർവേസ് മുമ്പും നാലാം സ്ഥാനത്തുതന്നെയായിരുന്നു. ഇത്തിഹാദും പഴയ സ്ഥാനം നിലനിർത്തി.

സുരക്ഷയുടെ കാര്യത്തിൽ ആദ്യ പത്തിലുള്ള വിമാനക്കമ്പനികളുടെ പേരുകളാണ് പുറത്ത് വന്നിരിക്കുന്നത്. മുൻ വർഷത്തെ റിപ്പോർട്ട് അനുസരിച്ച് എയർ ഇന്ത്യ 39ാം സ്ഥാനത്തും ഇന്ത്യയിലെ ജെറ്റ് എയർവേസ് 35ാം സ്ഥാനത്തുമായിരുന്നു. ബ്രിട്ടീസ് എയർവേസിന് 18ാം സ്ഥാനമായിരുന്നു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടിൽ ആദ്യ പത്തിൽ വരുന്ന വിമാന കമ്പനികളുടെ പേരു മാത്രമേ പറയുന്നുള്ളൂ.