കോഴിക്കോട്: ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പിന്റെ പ്രകാശനം കാലിക്കറ്റ് ബീച്ച് ഹോട്ടലിൽ നടന്നു. ഖത്തർ കെ.എം.സി.സി നേതാവും കുറ്റ്യാടി എംഎ‍ൽഎയുമായ പാറക്കൽ അബ്ദുല്ല, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാൽ വരദൂരിന് നൽകിയാണ് ഡയറക്ടറി പ്രകാശനം ചെയ്തത്. 

വെബ്സൈറ്റ് ലോഞ്ചിങ് കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ആൻഡ് നാഷണൽ ഹോസ്പിറ്റൽ എം.ഡി ഡോ. കെ മൊയ്തു നിർവഹിച്ചു. മൊബൈൽ അപ്ലിക്കേഷൻ ലോഞ്ചിങ് ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് കമ്പനി ചെയർമാൻ രമേശൻ പാലേരി നിർവ്വഹിച്ചു. ചടങ്ങിൽ മീഡിയ പ്ലസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമാനുല്ല വടക്കാങ്ങര, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സെക്രട്ടറി എൻ രാജേഷ്, റിയ ട്രാവൽസ് ഡയറക്ടർ സാമുവൽ തോമസ്, ഇബ്റാഹീം ബിൻ അബ്ദുല്ല അൽഹെയ്ൽ (ഖത്തർ), മുഹമ്മദുണ്ണി ഒളകര, ജോസ് ഫിലിപ്പ്, ഖത്തർ ഐ.എം.എഫ് മുൻ പ്രസിഡന്റ് അശ്റഫ് തൂണേരി, മീഡിയ പ്ലസ് ഇന്ത്യൻ ഓപറേഷൻസ് മാനേജർ ഷാജു അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

കഴിഞ്ഞ 10 വർഷത്തോളമായി ഖത്തറിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്മോൾ ആൻഡ് മീഡിയം മേഖലകളിൽ വമ്പിച്ച സ്വാധീനമുണ്ടാക്കുവാൻ കഴിഞ്ഞതായി ഡയറക്ടറിയുടെ പ്രകാശനത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ മീഡിയ പ്‌ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താൽപര്യവും നിർദേശവും കണക്കിലെടുത്താണ് ഓൺലൈൻ പതിപ്പും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചത്. വിശദമായ മാർക്കറ്റിങ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വർഷം തോറും കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നത് ഡയറക്ടറിയുടെ പ്രചാരത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ടാർജറ്റഡ് മാർക്കറ്റിഗിനുള്ള ഇൻട്രാ ഗൾഫ്, ഇന്തോ ഗൾഫ് ബിസിനസ് കോറിഡോറായി ഡയറക്ടറി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. www.gbcdonline.com എന്ന വിലാസത്തിൽ ഓൺലൈനിലും ഗൂഗിൽ പ്ലേ സ്റ്റോറിൽ gbcd എന്ന വിലാസത്തിലും ഡയറക്ടറി ലഭ്യമാണ്.