കോഴിക്കോട്: ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ലസ് കമ്പനിയുടെ ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പ്രകാശനം കോഴിക്കോട് നടന്നു. ഒമ്പതു വർഷമായി ഖത്തറിൽ പ്രസിദ്ധീകരിച്ചുവരുന്ന ഡയറക്ടറി ഇക്കാലയളവിൽ ചെറുകിട, ഇടത്തരം വ്യാപാര മേഖലകളിൽ വമ്പിച്ച സ്വാധീനമാണുണ്ടാക്കിയിട്ടുള്ളത്. കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി വർത്തിക്കുന്ന പ്രവാസി സമൂഹത്തിന് ഗൾഫ് വ്യാപാര വാണിജ്യ മേഖലയെ സൂക്ഷ്മമായി പരിചയപ്പെടാൻ ഡയറക്ടറി സഹായകമാകുമെന്ന് അധികൃതർ അവകാശപ്പെടുന്നു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താൽപര്യവും നിർദ്ദേശവും കണക്കിലെടുത്ത് ഡയറക്ടറി ഓൺലൈനിലും ലഭ്യമാക്കിയിട്ടുണ്ട്.

കോഴിക്കോട് ഹോട്ടൽ സ്പാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മീഡിയ പ്ലസ് സിഇഒ അമാനുല്ല വടക്കാങ്ങര മലബാർ ഗോൾഡ് ഷോറൂം ഡപ്യൂട്ടി ഹെഡ് സക്കീർ ഹുസൈന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ഇന്തോ ഗൾഫ് വാണിജ്യ രംഗത്തെ ബിസിനസ് സംരംഭകർക്ക് ബിസിനസ് കാർഡ് ഡയറക്ടറി ഏറെ സഹായകമാകുമെന്നതിനാലാണ് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് അമാനുല്ല പറഞ്ഞു. റഷീദ പുളിക്കൽ, മുഹമ്മദ് റഫീഖ്, ഷബീറലി, ജി കെ നമ്പൂതിരി, ഷാജു അഗസ്റ്റിൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.