ദോഹ. വ്യക്തിബന്ധങ്ങൾ വ്യാപാര ബന്ധങ്ങളേയും നിക്ഷേപത്തേയും കാര്യമായി സ്വാധീനിക്കുന്ന സമകാലിക ലോകത്ത് ബിസിനസ് കാർഡ് ഡയറക്ടറി എന്ന ആശയം ഏറെ പ്രസക്തമാണെന്നും സ്‌മോൾ ആൻഡ് മീഡിയം മേഖലകളിൽ ഈ സംരംഭത്തിന് വമ്പിച്ച സ്വാധീനമുണ്ടാക്കുവാൻ കഴിയുമെന്നും ദോഹ ബാങ്ക് കോർപറേറ്റ് ആൻഡ് കൊമേഴ്‌സ്യൽ ബാങ്കിങ് മേധാവി സി.കെ. കൃഷ്ണൻ അഭിപ്രായപ്പെട്ടു.

മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ ഒമ്പതാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് മേഖലയിൽ വാണിജ്യ സ്ഥാപനങ്ങൾക്കും സംരഭകർക്കും മികച്ച റഫറൻസായി കുറഞ്ഞ കാലം കൊണ്ട് തന്നെ ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി മാറിയതായി ഡയറക്ടറിയുടെ ആദ്യ പതിപ്പ് സ്വീകരിച്ച് സംസാരിച്ച ഖത്തർ യു. എ. ഇ. എക്‌സ്‌ചേഞ്ച് കൺട്രി മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

ഗൾഫ് രാജ്യങ്ങൾ സാമ്പത്തിക രംഗത്ത് സ്വീകരിക്കുന്ന ഉദാരവൽക്കരണവും നിക്ഷേപ ചങ്ങാത്ത സമീപനവും കൂടുതൽ സംരംഭകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നുണ്ട്. സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക കായിക രംഗങ്ങളിൽ മാതൃകാപരമായ നടപടികളിലൂടെ ഗൾഫ് മേഖലയിൽ അസൂയാവഹമായ പുരോഗതിയാണ് ഖത്തർ കൈവരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലും വിദ്യാഭ്യാസ രംഗത്തുമെന്നുവേണ്ട ഖത്തറിന്റെ നേട്ടങ്ങളും പുരോഗതിയിലേക്കുള്ള കുതിച്ചുചാട്ടവും ഏറെ വിസ്മയകരമാണ്. പുതിയ സംരംഭകർക്കും നിലവിലുള്ള വ്യവസായികൾക്കും തങ്ങളുടെ പ്രവർത്തനങ്ങൾ അനായാസം നിർവഹിക്കുവാൻ സഹായകരമായ സംരംഭമാണ് ബിസിനസ് കാർഡ് ഡയറക്ടറി എന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ഉപഭോക്താക്കളുടേയും സംരംഭകരുടേയും താൽപര്യവും നിർദേശവും കണക്കിലെടുത്ത് ഡയറക്ടറി ഓൺലൈനിലും ലഭ്യമായതായും കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവർത്തന മേഖല വികസിപ്പിക്കാനു ദ്ദേശിക്കുന്നതായും മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഓരോ വർഷവും കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഡയറക്ടറി വിപുലീകരിച്ചുവരികയാണ്.

അക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു. ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ പ്രസിഡണ്ട് ഡോ. എം. പി. ഹസ്സൻ കുഞ്ഞി, ട്രാൻസ് ഓറിയന്റ് മാനേജർ കെ.പി. നൂറുദ്ധീൻ, ഈസ അൽ ദർബസ്തി മാനേജർ ഫവാസുൽ ഹഖ്, സിറ്റീസ് കൺസ്ട്രക്ഷൻസ് ജനറൽ മാനേജർ നൗഷാദ് ആലം മാലിക്, സ്പീഡ് ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ് സംസാരിച്ചു.

അബ്ദുൽ ഫത്താഹ് നിലമ്പൂർ, ഷറഫുദ്ധീൻ തങ്കത്തിൽ, ഫൗസിയ അക്‌ബർ, അഫ്‌സൽ കിളയിൽ, മുഹമ്മദ് റഫീഖ്, സിയാറുഹ്മാൻ മങ്കട, ശബീറലി കൂട്ടിൽ, സെയ്തലവി അണ്ടേക്കാട്, അശ്കറലി, ഖാജാ ഹുസൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.