കൊച്ചി : ക്രിസ്ത്യൻ ദമ്പതികൾ യുഎഇ കോടതിയിൽനിന്നു മുസ്‌ലിം വ്യക്തിനിയമം അനുസരിച്ചു വിവാഹമോചനം നേടിയതു പരസ്പര സമ്മതത്തോടെയാണെങ്കിൽ ഇന്ത്യൻ കോടതിയിൽ അംഗീകാരം നൽകാമെന്നു ഹൈക്കോടതി. ഇന്ത്യയിൽ പുനർവിവാഹത്തിന് അനുമതി നിഷേധിച്ചതിനെതിരെ പറവൂർ സ്വദേശി അഗസ്റ്റിൻ സമർപ്പിച്ച ഹർജി അനുവദിച്ചാണു ഹൈക്കോടതിയുടെ നിർദ്ദേശം.

ക്രിസ്ത്യൻ മതാചാരപ്രകാരം വിവാഹിതരായവർക്ക് രാജ്യത്ത് ഇന്ത്യൻ വിവാഹമോചന നിയമമാണു ബാധകം. ഈ നിയമം യുഎഇ കോടതി അംഗീകരിക്കുന്നില്ല. എന്നാൽ, പരസ്പര സമ്മതപ്രകാരം സമീപിച്ചതിനാൽ, ദമ്പതികളുടെ നിയമത്തിന് അംഗീകാരമില്ലെങ്കിലും, യുഎഇ കോടതി വിവാഹമോചനം അനുവദിച്ചു. ഈ സാഹചര്യത്തിൽ യുഎഇയിൽനിന്നുള്ള വിവാഹമോചന സർട്ടിഫിക്കറ്റിന് ഇന്ത്യൻ കോടതികളിൽ അംഗീകാരം നൽകാമെന്നു കോടതി വ്യക്തമാക്കി.

പരസ്പര സമ്മതപ്രകാരം യുഎഇ കോടതിയിൽനിന്നു നേടിയ വിവാഹമോചന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാരൻ മറ്റൊരു വിവാഹത്തിനു സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം നോട്ടിസ് നൽകി. എന്നാൽ, ഇന്ത്യൻ കോടതി അംഗീകരിക്കാത്ത വിവാഹമോചന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പുനർവിവാഹം അനുവദിക്കില്ലെന്നായിരുന്നു മാര്യേജ് ഓഫിസറുടെ നിലപാട്. ഇതോടെയാണ് വിഷയം കോടതിയിൽ എത്തിയത്.

യുഎഇ കോടതിയിൽനിന്നു വിവാഹമോചനം നേടിയ ദമ്പതികൾ ക്രൈസ്തവ മതത്തിൽപെട്ടവരാണെന്നും ഇവർക്കു ബാധകമായ ഇന്ത്യൻ നിയമം യുഎഇ കോടതി അംഗീകരിക്കുന്നില്ലെന്നുമായിരുന്നു വാദം. മുസ്‌ലിം വ്യക്തിനിയമം അനുസരിച്ചാണു വിവാഹമോചനം നേടിയിട്ടുള്ളതെന്നും മാര്യേജ് രജിസ്റ്റ്രാർ വിശദീകരിച്ചു. ഇതോടെയാണ് വിഷയം ഹൈക്കോടതിയിൽ എത്തിയത്.