കൊച്ചി: തല്ലു വാങ്ങികൂട്ടുന്നത് ഒരു റെക്കോർഡാണോ? അതും ഒരു റെക്കോർഡ് തന്നെയായി വിലയിരുത്താം. സൂര്യ ടിവിയുടെ പ്രമുഖ പരിപാടിയായി ഗുലുമാൽ ടീം പലരിൽ നിന്നുമായി ഇഷ്ടംപോലെ തല്ലുവാങ്ങി കൂട്ടിയിട്ടുണ്ട്. ചാനലുകാരാണെന്ന് അറിയാതെ ആളെ പറ്റിക്കുന്ന ഏർപ്പാടാണ് ഗുലുമാൽ. എന്തായാലും തല്ലു കിട്ടുംതോറും തങ്ങളുടെ പരിപാടിയും ഹിറ്റാകുമെന്നാണ് പരിപാടിയുടെ അണിയറ ശിൽപ്പികൾ പറയുന്നത്. എല്ലായാലും തല്ലു മേടിച്ചു കൂട്ടിയ കാര്യങ്ങളെല്ലാം വച്ചുകൊണ്ട് ഒരു പ്രമോ വീഡിയോ തയ്യാറാക്കിയിരിക്കയാണ് ഗുൽമാൽ ടീം. വാട്‌സ് ആപ്പിലൂടെ വീഡിയോ ഷെയർ ചെയ്തു പോകുന്നുമുണ്ട്.

നാട്ടുകാരെ പറ്റിച്ച് തമാശ സന്ദർഭങ്ങൾ സൃഷ്ടിച്ച് കളിയും കാര്യവുമായി കടന്നു പോകുന്ന ഗുലുമാൽ ടീം അടിവാങ്ങുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് പ്രമോ പുറത്തിറക്കിയിരിക്കുന്നത്. സരിതാ നായരുടെ വീട്ടിൽ നിന്നും പി സി ജോർജിന്റെ വീട്ടിൽ നിന്നും വാങ്ങിയ അടിയുടെ കണക്കിലാണ് പ്രമോ അവസാനിക്കുന്നത്. ടെലിവിഷൻ രംഗത്ത് ഏറ്റവും അധികം ടെൻഷൻ അനുഭവിക്കുന്നതും തല്ലുവാങ്ങുന്നതുമായ പ്രോഗ്രാം സൂര്യാ ടി വിയുടെ ഗുലുമാൽ ആണെന്ന് പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതന്നൂർ പറഞ്ഞു.

അവതാരകരായ ഫ്രാൻസിസിനാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അടി കിട്ടിയിട്ടുള്ളത്. കൂടുതൽ അടിയും തെറിയഭിഷേകവും കിട്ടിയിട്ടുള്ള എപ്പിസോഡുകളാണ് റേറ്റിംഗിൽ മുൻനിരയിലേക്ക് കുതിച്ചതെന്നാണ് ഗുലുമാൽ ടീം പറഞ്ഞത്.