സൂര്യ ടിവിയുടെ ഗുലുമാൽ എന്ന പരിപാടിയിൽ സെക്യൂരിറ്റി ജീവനക്കാരനായി മാറേണ്ടിവന്ന യുവാവിന് യഥാർഥ ജീവിതത്തിലും അതേ ജോലി ലഭിച്ചു. പരിപാടിയിലൂടെ തന്റെ ജീവിതപ്രാരാബ്ധങ്ങൾ തുറന്നുപറഞ്ഞ തൃശൂർ സ്വദേശി ദിലീപിനാണ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിച്ചത്. ആദ്യ ഡ്യൂട്ടി സൂര്യ ടിവിക്കു മുന്നിലാണെന്നതും ദിലീപിന് ഇരട്ടിമധുരമായി.

ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാതെ വിഷമിക്കുമ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി വാഗ്ദാനം ചെയ്ത് ദിലീപിനെ ഒരു സംഘം സമീപിച്ചത്. പറഞ്ഞ പണി മുഴുവൻ ചെയ്ത് ജോലി ഉറച്ചെന്ന സന്തോഷത്തിൽ നിൽക്കുമ്പോഴാണ് തനിക്ക് പറ്റിയ അമളി ദിലീപിന് മനസിലായത്.

സൂര്യ ടിവിയുടെ 'ഗുലുമാൽ' എന്ന പരിപാടിയിലൂടെ കബളിപ്പിക്കപ്പെടുകയായിരുന്നു താനെന്ന് അറിഞ്ഞതോടെ ദിലീപ് ഏറെ വിഷമിച്ചു. ഗുലുമാൽ പരിപാടിയുടെ ഇരയായി മാറുകയായിരുന്നു എന്ന് വെളിപ്പെട്ട സമയത്ത് തന്റെ ജീവിതാവസ്ഥ ദിലീപ് തുറന്നു പറയുകയും ചെയ്തു.

ഒടുവിലിതാ, ഒരു തൊഴിലിനു വേണ്ടി അന്വേഷണം നടത്തുകയായിരുന്ന ആ ചെറുപ്പക്കാരന് സെക്യുരിറ്റി ജീവനക്കാരനായി തന്നെ ജോലി കിട്ടി. എറണാകുളത്തെ വാൻ ഗാർഡ് എന്ന സെക്യുരിറ്റി സ്ഥാപനത്തിൽ തിങ്കളാഴ്ച മുതലാണ് ദിലീപ് ജോലിയിൽ പ്രവേശിച്ചത്. ശമ്പളം കൂടാതെ മറ്റു ആനുകൂല്യങ്ങളും സഹിതമാണ് ജോലി ലഭിച്ചത്. സൂര്യ ടിവിയുടെ കൊച്ചി ഓഫീസിനു മുന്നിൽതന്നെ ആയിരുന്നു ആദ്യ ഡ്യുട്ടി എന്നതും കൗതുകമായി.