കൊച്ചി: കേരളത്തെ ഞെട്ടിച്ച് വീണ്ടും കള്ളതോക്ക് വേട്ട. ഇവിടേയും പിടിയിലാകുന്നത് കാശ്മീരുകാർ. നിയമപരമായ രേഖകളില്ലാതെ തോക്കുകൾ കൈവശം വച്ചതിന് കശ്മീരിലെ രജൗരി ജില്ലക്കാരായ 19 യുവാക്കളെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തതോടെ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ്. കേരളത്തിൽ ഉടനീളം ഇനി പരിശോധന നടക്കും.

കളമശ്ശേരിയിൽ 19 തോക്കുകളും നൂറോളം തിരകളും പിടിച്ചെടുത്തു. കൂനംതൈ എകെജി റോഡിൽ പ്രവർത്തിക്കുന്ന കാഷ് ഫില്ലിങ് ഏജൻസിയായ സിസ്‌കോ സെക്യൂരിറ്റീസ് എടിഎമ്മുകളിൽ നിറയ്ക്കുന്നതിനു പണം കൊണ്ടുപോകുന്ന വാഹനത്തിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നവരാണ് അറസ്റ്റിലായ എല്ലാവരും. തിരുവനന്തപുരത്തും സമാന അറസ്റ്റ് നടന്നിരുന്നു.

നീരജ് കുമാർ (38), നട്ടേർ സിങ് (38), ഓംകാർ സിങ് (23), മുഹമ്മദ് ഹനീഫ് (41), അജയ് കുമാർ (25), രഷ്പാൽ കുമാർ (39), സുരേഷ് കുമാർ (46), അൻജൽ കുമാർ (25), രവികുമാർ (24), ഇഷ്ഹാക്ക് അഹമ്മദ് (25), മുഹമ്മദ് ഷഫീക്ക് (24), നന്ദകുമാർ (37), സുഭാഷ് ചന്ദർ (45), നരേഷ് കുമാർ (34), സഫീർ അഹമ്മദ് (22), ജസ്ബീർ സിങ് (35), ബിഷൻ കുമാർ (21), മുഹമ്മദ് അഷ്‌റഫ് (21), വിനോദ്കുമാർ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കേരളത്തിലേക്ക് കാശ്മീരിൽ നിന്ന് ആയുധങ്ങൾ എത്തുന്നതിന് തെളിവാണ് ഈ അറസ്റ്റും. കളമശേരി ഇൻസ്‌പെക്ടർ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ കൂനംതൈയിലെ വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. 15 ഒറ്റക്കുഴൽ തോക്കും 4 ഇരട്ടക്കുഴൽ തോക്കുമാണ് കസ്റ്റഡിയിലെടുത്തത്. തോക്കുകൾ കൈവശം വയ്ക്കുന്നതിനുള്ള നിയമാനുസൃതമായ രേഖകൾ ഉണ്ടായിരുന്നില്ല.

ആയുധ നിയമം അനുസരിച്ചാണ് കേസ്. തോക്കുകളുടെ ലൈസൻസ് സംബന്ധിച്ച നിജസ്ഥിതി അറിയുന്നതിനു രജൗരി ജില്ലയുടെ എഡിഎമ്മുമായി ബന്ധപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ വിനോദ്കുമാറാണ് ഇവരുടെ കോഓർഡിനേറ്ററായി കേരളത്തിൽ പ്രവർത്തിച്ചിരുന്നത് എന്നു പൊലീസ് പറഞ്ഞു.

തിരുവനന്തപുരം കരമനയിൽ ഇതേ സ്ഥാപനത്തിന്റെ 5 ജീവനക്കാരെ ലൈസൻസില്ലാതെ കൈവശം വച്ചിരുന്ന തോക്കുകളുമായി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ നടപടിയെന്നാണ് സൂചന. ഈ സെക്യൂരിറ്റി ഏജൻസിയുടെ കൂടുതൽ കേന്ദ്രങ്ങളും കൂടുതൽ ജീവനക്കാരും പൊലീസ് നിരീക്ഷണത്തിലാണ്.

കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ സെക്യൂരിറ്റി ഏജൻസികൾ ലൈസൻസ് ഇല്ലാതെ കൈവശം വെച്ചിരുന്ന തോക്കുകൾ പിടികൂടിയ സംഭവത്തിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഉൾപ്പെട്ട സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കളമശ്ശേരിയിൽ ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. കളമശ്ശേരി കൂനംതൈ എ.കെ.ജി. റോഡിലുള്ള സിസ്‌കോ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ സെക്യൂരിറ്റി ജീവനക്കാർ താമസിച്ചു വരുന്ന എ.കെ.ജി. ടെമ്പിൾ റോഡിലെ വാടകവീട്ടിൽനിന്ന് 19 തോക്കുകളും നൂറോളം തിരകളും പിടിച്ചെടുക്കുകയുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ തോക്കിന്റെ രേഖകൾ ഹാജരാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും ഹാജരാക്കിയില്ല. തുടർന്നാണ് ജീവനക്കാരെ അറസ്റ്റ് ചെയ്തത്. തോക്കിന്റെ ലൈസൻസ് സംബന്ധിച്ച നിജസ്ഥിതി അറിയാൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.