- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജാറാത്തിലേക്കും വ്യാജ ലൈസൻസിൽ തോക്കുകളെത്തി; അറസ്റ്റിലായ ശേഷം മുഖ്യ പ്രതിയുടെ ആത്മഹത്യ; കരമനയിലെ വ്യാജ തോക്കിൽ തെളിവ് തേടി പോയ കേരളാ പൊലീസിന് നിരാശ; പിടിയിലായവർ താമസിക്കുന്നത് പാക്കിസ്ഥാൻ അതിർത്തിക്ക് അടുത്ത്; സംശയം തുടരുമ്പോൾ
തിരുവനന്തപുരം: വ്യാജ തോക്കുകളും ലൈസൻസുകളും പിടികൂടിയ കേസിലെ മുഖ്യപ്രതി കശ്മീരിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത കൂടുന്നു. കശ്മീർ രജൗരി സ്വദേശി സത്പാൽ സിങ്ങാണ് ആത്മഹത്യ ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി കേരളത്തിൽനിന്നുള്ള പൊലീസ് സംഘം കശ്മീരിൽ എത്തിയപ്പോഴാണ് ഇത് മനസ്സിലാക്കുന്നത്. ഇതോടെ കേസിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം എത്താത്ത സാഹചര്യമുണ്ടാകും.
തീവ്രവാദ സംഘടനകൾ കേരളത്തിൽ നിലയറുപ്പിക്കുന്നുവെന്ന സംശയം പൊലീസിനുണ്ട്. ഈ സാഹചര്യത്തിലാണ് തോക്കിലെ ഉറവിടം കണ്ടെത്താൻ പൊലീസ് കാശ്മീരിലെത്തിയത്. ഇത് മനസ്സിലാക്കിയാണ് മുഖ്യപ്രതിയുടെ ആത്മഹത്യ. ഇതോടെ തോക്കിന് പിന്നിലെ ദുരൂഹത എല്ലാം അറിയുന്ന പ്രധാന പ്രതിയാണ് ഇല്ലാതെയാകുന്നത്. ഇയാളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ പ്രതീക്ഷിച്ച പൊലീസും നിരാശരായി. സത്പാൽ സിങ് സുരക്ഷാജോലിക്കായി ആവശ്യക്കാർക്ക് വ്യാജ തോക്കുകളും ലൈസൻസും നൽകുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണെന്ന് കേരള പൊലീസ് പറഞ്ഞു.
കരമനയിൽനിന്നു പിടിച്ച പ്രതി ഗുൽസമനുമായാണ് കേരള പൊലീസ് കശ്മീരിലേക്കു പോയത്. ആത്മഹത്യയുടെ വിവരം കശ്മീർ പൊലീസാണ് അറിയിച്ചത്. ഗുജറാത്തിൽ സമാനമായ കേസിൽ സത്പാൽ സിങ് പൊലീസ് പിടിയിലായിരുന്നു. അതിനു പിന്നാലെയാണ് സത്പാൽ ആത്മഹത്യ ചെയ്തത്. അന്വേഷണവുമായി കരമന സിഐ. ബി.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പത്തുദിവസമാണ് കശ്മീരിലുണ്ടായിരുന്നത്. ഏറെ ദുരൂഹതകൾ തോക്ക് കേസിൽ ഇപ്പോഴമുണ്ട്. പാക്കിസ്ഥാൻ ഇടപെടലും സംശയിക്കുന്നു.
പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന പ്രദേശത്തുള്ളവരാണ് പിടിയിലായവർ. അതുകൊണ്ടുതന്നെ തീവ്രവാദബന്ധം ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്. ഇവർ ജോലിക്കു വേണ്ടിയാണ് വ്യാജ തോക്കും ലൈസൻസും സ്വന്തമാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായവർക്ക് നിലവിൽ ക്രിമിനൽ പശ്ചാത്തലമില്ല. ഇവരുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നതാണ് ഈ വിലയിരുത്തലിന് കാരണം. അപ്പോഴും അവർക്ക് മറ്റെന്തെങ്കിലും തീവ്രവാദ ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്. ഈ അന്വേഷണങ്ങൾക്ക് തിരിച്ചടിയാണ് മുഖ്യപ്രതിയുടെ ആത്മഹത്യ.
എ.ടി.എമ്മിന്റെ സുരക്ഷാജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന മഹാരാഷ്ട്രയിലെ കമ്പനിയായ എസ്.എസ്.വി.യുടെ സൗത്ത് ഇന്ത്യൻ സൂപ്പർവൈസറായ രാജേഷ് ശർമ്മയെയും കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റു ചെയ്തിരുന്നു. രാജേഷ് ശർമ്മയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് കമ്പനിയിൽനിന്നു കൂടുതൽ പേർ ഇത്തരത്തിൽ വ്യാജ തോക്ക് ലൈസൻസുമായി കേരളത്തിൽ ജോലി ചെയ്യുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മരിച്ച സത്പാൽ സിങ്ങിന്റെ മരണ സർട്ടിഫിക്കറ്റും രജൗരി പൊലീസിൽനിന്ന് വാങ്ങിയിട്ടുണ്ട്. കരമന പൊലീസ് വ്യാജ തോക്ക് ലൈസൻസുമായി അഞ്ച് കശ്മീർ സ്വദേശികളെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് കൊച്ചിയിൽ നിന്നും സമാന രീതിയിൽ തോക്കുകൾ കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ