- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്തെ നടുക്കി വീണ്ടും ഗുണ്ടാ ആക്രമണം; പോത്തൻകോട് കാറിൽ സഞ്ചരിച്ച അച്ഛനും മകൾക്കുമെതിരെ ഗുണ്ടാ ആക്രമണം; മുഖത്തടിച്ചു, പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമം; ആക്രമണം നടത്തിയത് നൂറ് പവൻ സ്വർണം കവർന്ന കേസിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണങ്ങൾ സാധാരണക്കാരുടെ സ്വൈര്യ ജീവിതം തകർക്കുന്ന വിധത്തിലേക്ക് നീങ്ങുന്നു. ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി വെട്ടിയെടുത്ത കാൽ വലിച്ചെറിഞ്ഞ പോത്തൻകോട് മറ്റൊരു നടുക്കുന്ന സംഭവവും അരങ്ങേറി. വഴിയാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം തലസ്ഥാന വാസികളെ ശരിക്കും നടുക്കുന്നുണ്ട്.
വെഞ്ഞാറമൂട് സ്വദേശിയായ ഷാ, അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകൾ എന്നിവർക്ക് നേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8.30 ന് പോത്തൻകോട് വച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. പെൺകുട്ടിയുടെ മുഖത്തടിച്ചു. മുടിയിൽ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് പള്ളിപ്പുറത്ത് ജൂവലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്.
പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരൻ പറഞ്ഞു. മുഖത്താണ് അടിച്ചത്. മകളെയും മർദ്ദിച്ചു. ഇന്നലെ തന്നെ പൊലീസിനെ അറിയിച്ചു. പരാതി നൽകി. ഇന്ന് പൊലീസ് മകളുടെ അടക്കം മൊഴിയെടുത്തുവെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു. ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കൾ രണ്ട് പേരെ വെട്ടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങൾ തകർത്തത്. ആക്രമണത്തിൽ കാർ യാത്രക്കാരനായ ജയചന്ദ്രൻ, ബൈക്ക് യാത്രക്കാരിയായ ഷീബാ കുമാരി എന്നിവർക്കും പരിക്കേറ്റിരുന്നു.
മറുനാടന് മലയാളി ബ്യൂറോ