കണ്ണൂർ: കർണ്ണാടകത്തിൽ പഠിക്കാൻ പോയ ഒരു കുടിയേറ്റ കർഷകന്റെ മകന്റെ ദുരിത കഥ ഇങ്ങിനെ. ആലക്കോട് ഒറ്റതൈ സ്വദേശി പുത്തൻ പുരക്കൽ തങ്കച്ചന്റെ മകൻ പി.ടി. എബിൻ ആണ് ബംഗളൂരുവിലെ പ്രശസ്തമായ ടി. ജോൺ കോളേജിലെ എം.ബി.എ. പഠനം മതിയാക്കി നാട്ടിലേക്ക് എത്തിയത്. ഈ വർഷം എം.ബി.എ ഒന്നാംവർഷ കോഴ്സിന് ചേർന്നതായിരുന്നു എബിൻ. പഠനത്തിൽ മിടുക്കനായ എബിൻ നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു.

അതുകൊണ്ടുതന്നെ എബിന്റെ തിരിച്ചുവരവ് വീട്ടുകാരെ പോലെ അയൽക്കാരേയും വേദനിപ്പിക്കുന്നു. ഒറ്റത്തെ വാർഡ് അംഗം സാലി താന്നിപ്പാറയും എബിന്റെ തിരിച്ചു വരവിൽ ദുഃഖിതയാണ്. പഠിച്ചു മിടുക്കനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയായിരുന്നു അവർക്ക്. ഈ കൊച്ചനെ ദ്രോഹിച്ചവർക്ക് ഗുണം പിടിക്കില്ലെന്നവർ ശപിക്കുന്നു.

കഴിഞ്ഞ 20 ാം തീയ്യതി ക്ലാസ് കഴിഞ്ഞ് താമസസ്ഥലത്ത് സുഹൃത്തിനൊപ്പം പോകവേയാണ് ഒരു സംഘം അക്രമികൾ എബിനേയും സുഹൃത്തിനേയും പിടികൂടിയത്. ആർ.എം. 5 ബൈക്കിലെത്തിയ കർണ്ണാടകക്കാരായ മൂന്ന് പേർ ഇവരെ തടഞ്ഞു നിർത്തി. ബൈക്കിൽ കയറണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഒരുക്കലും കണ്ട് പരിചയമില്ലാത്തവരോടൊപ്പം ബൈക്കിൽ കയറാൻ ഇവർ തയ്യാറായില്ല. അതോടെ അക്രമികൾ ധരിച്ചിരുന്ന ഹൽമെറ്റ് ഊരി അടിക്കുകയും ബിയർ കുപ്പി പൊട്ടിച്ച് കുത്താൻ ശ്രമിക്കുകയും ചെയ്തു. അതോടെ അക്രമം ഭയന്ന് രണ്ടു പേരും ബൈക്കിൽ കയറുകയായിരുന്നു. ഭീഷണിപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിന്നീട് കോളേജ് സ്റ്റാഫിന്റെ ബൈക്കിൽ കയറി പോകുന്നതും കണ്ടു- എബിൻ പറയുന്നു.

പിന്നീട് ബ്ലോക്ക് ഓഫ് കഫേ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഗ്രൗണ്ടിനോട് ചേർന്ന മുറിയിൽ എത്തിച്ചു. എന്താണ് ഇനി സംഭവിക്കുക എന്നോർത്ത് ഞാനും സുഹൃത്തും ഭയന്ന് വിറച്ചു. തുടർന്ന് രണ്ടു പേരുടേയും മൊബൈൽ ഫോണുകൾ അക്രമികൾ പിടിച്ചെടുത്തു. അതോടെ ആറുപേരടങ്ങിയ സംഘം ഞങ്ങളെ മർദ്ദിച്ച് അവശരാക്കി. തുടർന്ന് ഞങ്ങളുടെ വായിൽ മദ്യം ഒഴിപ്പിച്ച് ബലമായി കുടിപ്പിക്കുകയും ചെയ്തു. 30,000 രൂപ വീതം തന്നാൽ ഇനി മർദ്ദിക്കുകയില്ലെന്നും അവർ പറഞ്ഞു.

ഒന്നര മണിക്കൂറിലേറെ അവർ മർദ്ദന മുറകൾ തുടർന്നു. പിന്നീട് കയ്യിലുള്ള പണവും ആധാർ കാർഡും എ.ടി.എം. കാർഡും അവർ പിടിച്ചെടുത്തു. എ.ടി.എം. കാർഡിന്റെ പിൻ കോഡ് ആവശ്യപ്പെട്ടായിരുന്നു തുടർ മർദ്ദനം. നിവൃത്തി ഇല്ലാത്തതിനാൽ പിൻകോഡ് പറഞ്ഞു കൊടുക്കുകയും ചെയ്തു. അതോടെ സംഘാങ്ങളിൽ രണ്ടു പേർ പുറത്ത് പോയി. എ.ടി.എമ്മിലുണ്ടായിരുന്ന പണം പൂർണ്ണമായും പിൻവലിച്ചു. എന്റെ കയ്യിലുണ്ടായിരുന്ന 8,000 രൂപയും എ.ടി.എമ്മിലുണ്ടായിരുന്ന 12,000 രൂപയും വാച്ചും എല്ലാം അവർ കൊണ്ടു പോയി.

കോളേജ് നിലനിൽക്കുന്ന ബസനപുര മേഖല ഗുണ്ടാ സംഘങ്ങളുടെ താവളമാണ്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സംഘങ്ങൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. മഹാഭൂരിപക്ഷവും മലയാളികളാണ് കോളേജിൽ പഠിക്കുന്നതും. കോളേജ് പ്രശസ്തമെങ്കിലും വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കാൻ അവർക്കുമാവുന്നില്ല. വീട്ടിൽ നിന്ന് വീണ്ടും പണം എ.ടി. എം. വഴി അയപ്പിക്കണമെന്നായിരുന്നു തുടർ ഭീഷണി.

സംഘാങ്ങളിൽ രണ്ടുപേർ പുറത്ത് പോയതോടെ ഞങ്ങൾ ഒരു വിധം ഓടി രക്ഷപ്പെടുകയായിരുന്നു. കോളേജിൽ എത്തിയ ഉടൻ സഹപാഠികൾ പൊലീസിന് വിവരം അറിയിച്ചു. എന്നാൽ അക്രമികൾ തെളിവുകളെല്ലാം നശിപ്പിക്കുകയായിരുന്നു. മാനേജുമെന്റും കൂടുതലായി ഒന്നും ചെയ്യാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ ഇവർ പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചിരിക്കയാണ്.

മറ്റെവിടെയെങ്കിലും പഠനം തുടരേണ്ടതുള്ളതിനാൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും വാങ്ങാൻ ഇനിയും കോളേജിലേക്ക് പോകേണ്ടതുണ്ട്. സുഹൃത്തിന്റെ പേരോ ഞങ്ങളുടെ ഫോട്ടോയോ പത്രങ്ങളിൽ വന്നാൽ അവിടെ വലിയ പ്രശ്നമാവുമെന്ന് എബിൻ പറയുന്നു. ഇനി നാട്ടിൽ പഠനം തുടരണമെന്നാണ് ആഗ്രഹം.

കർണ്ണാടക സംഘത്തിന്റെ ക്രൂര പീഡനത്തിന് ഇരയായ വിഷയത്തിൽ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി. ഇപ്പോൾ ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അതിനാൽ കേരളത്തിലെവിടെയെങ്കിലും പഠിക്കാനുള്ള അവസരം ഒരുക്കണമെന്നും മുഖ്യമന്ത്രിയോട് അപേക്ഷിക്കാനാണ് തീരുമാനം.