മൂന്നാർ: കണ്ണൻ ദേവന്റെ മൂന്നാർ ഗുണ്ടമല എസ്റ്റേറ്റ് ജീവനക്കാരനും ജാർഖണ്ഡ് സ്വദേശി സരൻ സോയി(36)യെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ 2 സുഹൃത്തുക്കൾ പിടിയിൽ. സരൻ സോയിയുടെ നാട്ടുകാരായ സബൂയി ചാമ്പിയ ,ഷാദവ് ലാംഗ് എന്നിവരെയാണ് മൂന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ബൈക്ക് കേടാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ഷാദവിനെ സരൻ തല്ലിയിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാണ് കൊലയെന്നാണ് ഇരുവരും പൊലീസ് സമ്മതിച്ചിട്ടുള്ളത്.

മൂവരും ഒരുമിച്ചിരുന്ന മദ്യപിച്ച ശേഷം താമസസ്ഥലത്തേയ്ക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം.താൻ വീട്ടിൽ നിന്നെടുത്തുകൊണ്ടുവന്ന വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടിയാണ് സരൻ സോയിയെ കൊലപ്പെടുത്തിയതെന്ന് ഷാദവ് പൊലീസിൽ സമ്മതിച്ചതായിട്ടാണ് അറിയുന്നത്.പ്രതികളെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

സംഭവത്തിന് ശേഷം നാട്ടിലേയ്ക്ക് പുറപ്പെട്ട ഇരുവരെയും ഒഡീഷയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ഈ മാസം 25 -ന് വൈകിട്ട് 3 മണിയോടെ മൂന്നാർ പൊലീസ് നടത്തിയ തിരച്ചിലിൽ താമസസ്ഥലത്തിനടുത്ത് തേയിലക്കാട്ടിൽ നടത്തിയ തിരച്ചിലിലാണ് സരൻ സോയിയുടെ ജഡം കണ്ടെത്തിയത്.

മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് ഏറ്റ വെട്ടാണ് സരൻ സോയിയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തലയുടെ പിൻഭാഗത്തും ചെവിയോട് ചേർന്നുമായി പത്തോളം മുറിവുകൾ മൃതദ്ദേഹത്തിലുണ്ടായിരുന്നു.
മൃതദ്ദേഹത്തിൽ നിന്നും കണ്ണുകൾ നഷ്ടപ്പെട്ടിരുന്നതായി പ്രഥാമീക പരിശോധനയിൽ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

തോട്ടത്തിലെ ജോലിക്കാർക്കായുള്ള താമസ്ഥലത്ത് കുടുബമായിട്ടാണ് സരൻ താമസിച്ചിരുന്നത്. ഭാര്യ കഴിഞ്ഞ ദിവസം നാട്ടിൽ പോയരുന്നു. സോയിയെ കാണാനില്ലന്ന് കാണിച്ച് 25-ന് രാവിലെ കമ്പനി അധികൃതർ മൂന്നാർ പൊലീസിൽ പരാതിയുമായി എത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനമത്തിലാണ് പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയത്.

ഒളിവിൽ പോയവരിൽ ഒരാളുടെ ഭാര്യ ഗുണ്ടുമലയിലെ താമസ്ഥലത്തുണ്ടാ യിരുന്നു.ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളാണ് കൊലയാളികളെ കണ്ടെത്താൻ പൊലീസിന് സഹായകമായത്.മൃതദ്ദേഹം കണ്ടെത്തിയതിന് പിന്നാലെ 5 കിലോമീറ്ററോളം അകലെ സരന്റെ ബൈക്ക് കാട്ടിലേയ്ക്ക് തള്ളി മറിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.