- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലച്ചെടികൾക്കിടയിൽ അനക്കം കണ്ടു കാട്ടുപോത്താണെന്നു കരുതി വെടി ഉതിർത്തു; ഇടമലക്കുടിയിൽ വെടിയേറ്റ ആദിവാസി യുവാവ് അപകട നില തരണം ചെയ്തു; വെടിവച്ചയാൾക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്
മൂന്നാർ: ഇടമലക്കുടിയിൽ വെടിയേറ്റ ആദിവാസി യുവാവ് അപകട നില തരണം ചെയ്തു. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു ഇരുപ്പുകല്ല് ഊരിൽ ബ്രാഹ്മണസ്വാമിയുടെ മകൻ ബി. സുബ്രഹ്മണ്യന് നെഞ്ചിൽ വെടിയേറ്റത്.സമീപത്തെ ഊരായ കീഴ്പത്തം കുടി സ്വദേശി ലക്ഷ്മണനാണു വെടിവച്ചത്. പരുക്കേറ്റ സുബ്രഹ്മണ്യനെ ലക്ഷ്മണൻ തോളിൽ ചുമന്ന് ഊരിനു സമീപം എത്തിച്ച ശേഷം പ്രദേശവാസികളെ വിവരമറിയിച്ചു. അതിനു ശേഷം സംഭവസ്ഥലത്തു നിന്നു ലക്ഷ്മണൻ കടന്നുകളയുകയായിരുന്നു.
ഏലച്ചെടികൾക്കിടയിൽ അനക്കം കണ്ടു കാട്ടുപോത്താണെന്നു കരുതി വെടി ഉതിർക്കുകയായിരുന്നുവെന്നാണ് ലക്ഷ്മണൻ നാട്ടുകാരോട് പറഞ്ഞത്.സംഭവ സ്ഥലത്തു നിന്ന് കമ്പിളി കെട്ടിയ മഞ്ചലിൽ 6 കിലോമീറ്റർ ചുമന്ന് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി കുടിയിൽ എത്തിച്ച ശേഷം അവിടെ നിന്ന് ജീപ്പിൽ പെട്ടിമുടി വരെയും തുടർന്ന് ആംബുലൻസിലും കയറ്റി രാത്രി 7 മണിയോടെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് മൂന്നാർ പൊലീസ് ഇടമലക്കുടിയിൽ എത്തി വെടിവച്ച ലക്ഷ്മണനുവേണ്ടി തിരച്ചിൽ നടത്തുകയാണ്.
മറുനാടന് മലയാളി ബ്യൂറോ