ടോവിനോ തോമസിനെ നായകനാക്കി ജോൺപോൾ ജോർജ്ജ് സംവിധാനം ചെയ്ത ഗപ്പി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം നേരത്തെ റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയം നേടാൻ സാധിച്ചിരുന്നില്ല എന്നാൽ പ്രേക്ഷകരുടെ ഇടയിൽ മികച്ച പ്രതികരണം ഉണ്ടാക്കാൻ ചിത്രത്തിനായിരുന്നു. തുടർന്നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.

ജനുവരി 21ന് കേരളത്തിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക. തിരുവനന്തപുരത്ത് ശ്രീവിശാഖ്, എറണാകുളത്ത് സവിത, മലപ്പുറത്ത് നവീൻ എന്നീ തീയേറ്ററുകളിൽ രാവിലെ 8 മണിക്കാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ നായകൻ ടൊവിനോയാണ് ഈ വിവരം തന്റെ ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിൽ മാസ്റ്റർ ചേതൻ, ശ്രീനിവാസൻ, അലൻസിയർ, സുധീർ കരമന, രോഹിണി തുടങ്ങിയവരും മുഖ്യവേഷങ്ങളിലെത്തിയിരുന്നു.

തിരുനെൽവേലി, നാഗർകോവിൽ, തിരുവനന്തപുരം, എറണാകുളം, ലഡാക്ക്-ലേ എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം 2016 ജൂലൈ 29ന് തിയേറ്ററുകളിലെത്തിയിരുന്നത്. സമീർ താഹറിന്റേയും രാജേഷ് പിള്ളയുടേയും അസിസ്റ്റന്റ് ഡയറക്ടരായിരുന്നു ജോൺ പോൾ ജോർജ്. ഇ 4 എന്റർടെയ്ന്മെന്റ് പ്രൊഡക്ഷൻ കമ്പനിയുടെ പാർട്ണർ കൂടിയായ ജോൺ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്.