കൊല്ലം: ബലാത്സംഗക്കേസിൽ അകത്തായ വിവാദ ആൾ ദൈവവും 'ദേരാ സച്ചാ സൗദാ' നേതാവുമായ ഗുർമീത് റാം റഹീം സിംങ് പത്രസമ്മേളനത്തിന് എത്തിയപ്പോൾ പത്രക്കാരുടെ മുട്ടുമടങ്ങി. തല കുമ്പിട്ട് ഭയഭക്തി ബഹുമാനത്തോടെ പരവതാനി വിരിച്ച് പൂച്ചെണ്ടു നൽകിയാണ് കൊല്ലം പ്രസ് ക്ലബ്ബിലെ മാധ്യമ സിംഹങ്ങൾ വിവാദ സ്വമിയെ സ്വീകരിച്ചാനയിച്ചത്.

2015 ഫെബ്രുവരിയിലാണ് ഗുർമീത് സിംങ് കൊല്ലം പ്രസ്സ് ക്ലബിലെത്തിയത്. ഗുർമീത് നായകനായി വേഷമിട്ട മെസഞ്ചർ ഓഫ് ഗോഡ് എന്ന സിനിമയുടെ പ്രചരണത്തിനായിരുന്നു ആൾ ദൈവത്തിന്റെ ഈ വരവ്.

സിനിമാ സ്റ്റൈലിൽ കനത്ത പോസലീസ് കാവലിലാണ് ആൾദൈവം രംഗപ്രവേശം ചെയ്തത്. ഇസഡ് പ്ലസ് സുരക്ഷ ഉള്ളതുകൊണ്ട് ആദ്യം ഡോഗ് സ്‌ക്വാഡിന്റേയും മറ്റും പരിശോധന. പരവതാനി വിരിച്ച് പരിചാരകർ. പിന്നെ തോക്ക് ധാരികൾക്കൊപ്പം ആൾദൈവം അവതരിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കേരളാ കൗമുദി കൊല്ലം ബ്യൂറോ ചീഫ് വിമൽ കുമാറാണ് പൂച്ചെണ്ട് നൽകി ഗുർമീത് റാം റഹീം സിങ്ങിനെ പത്രസമ്മേളനത്തിനായി സ്വീകരിച്ചാനയിച്ചത്.

മലയാളമടക്കം ആറു ഭാഷകളിൽ ചിത്രീകരിച്ച ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും അഭിനയവും പാട്ടും എല്ലാം ഗുർമീത് സ്വന്തമായാണ് നിർവഹിച്ചത്. സിനിമക്ക് സെൻസർ ബോർഡ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പിന്നീട് അനുമതി നൽകിയെങ്കിലും ഇതിൽ പ്രതിഷേധിച്ച് സെൻസർ ബോർഡ് അധ്യക്ഷ രാജിവെച്ചിരുന്നു. എന്നാൽ സെൻസർ ബോർഡ് അനുമതി നൽകാതിരുന്നത് ആദ്യം അവർക്ക് സംഗതി മനസ്സിലാകാത്തതുകൊണ്ടാണെന്നാണ് ഗുർമീത് റാം റഹീം സിങ് പത്ര സമ്മേളനത്തിൽ പറഞ്ഞത്. തന്നെ ആൾദൈവമായി കാണരുതെന്നും ദൈവത്തിന്റെ സന്ദേശം നൽകലാണ് തന്റെ കടമയെന്നും താൻ മയക്കമരുന്ന് മാഫിയകൾക്കെതിരെ നടത്തുന്ന പോരാട്ടത്തിനുള്ള പ്രതികാരമാണ് തനിക്കെതിരെയുള്ള കേസുകളെന്നുമാണ് ഗുർമീത് അന്ന് വ്യക്തമാക്കി.

ലക്ഷക്കണക്കിന് അനുയായികളുള്ള ആൾദൈവത്തിനെതിരെ ലൈംഗിക ചൂഷണം, കൊലപാതകം, അനുയായികളെ നിർബന്ധിച്ച് വന്ധ്യക്കരണം ചെയ്യുക എന്നവയടക്കം നിരവധി കേസുകളാണ് അന്ന് ഉണ്ടായിരുന്നത്. രണ്ട് കൊലപാതക കേസിലും ഒരു പീഡനകേസിലുമടക്കം ഗുർമീത് റാം റഹീം സിങ്ങിനെതിരായ മൂന്ന് കേസുകളിൽ സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് കൊല്ലത്തെത്തിയത്. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പൂച്ചെണ്ട് നൽകി സ്വീകരിച്ചതിനെതിരെ ഒരു വിഭാഗം പത്രക്കാരും ചാനലുകാരും അന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ബലാത്സംഗക്കേസിൽ 20 വർഷം തടവ് ലഭിച്ച ഗുർമീത് തനിക്ക് ലൈഗിക ശേഷിയില്ലെന്ന് കോടതിയിൽ വാദിച്ചതായി റിപ്പോർട്ട്. 1990 മുതൽ തനിക്ക് ലൈംഗിക ശേഷി ഇല്ലായെന്നായിരുന്നു ഗുർമീതിന്റെ വാദം. എന്നാൽ ഗുർമീതിന് രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി സിബിഐ കോടതി ഈ വാദം തള്ളിക്കളയുകയായിരുന്നു.

1990 മുതൽ തനിക്ക് ലൈംഗിക ശേഷിയില്ലെന്നും പീഡനം നടന്നുവെന്ന് പറയുന്നത് 1999 ലാണെന്നും അതിനാൽ താൻ നിരപരാധിയാണെന്നുമാണ് ഗുർമിത് വാദിച്ചത്. ഈ വാദം തള്ളിക്കളയാനുള്ള തെളിവുകൾ പ്രോസിക്യൂഷന്റെ കൈവശം ഉണ്ടായിരുന്നില്ല. മാത്രമല്ല ഗുർമിതിന്റെ ലൈംഗിക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമ്മതിച്ചിരുന്നു. ഈയൊരൊറ്റ കാരണം കൊണ്ട് ഗുർമിത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമായിരുന്നു.

എന്നാൽ പ്രതിഭാഗത്തുനിന്നുള്ള സാക്ഷികളിലൊരാളുടെ മൊഴി ആധാരമാക്കിയാണ് ഗുർമിതിന്റെ വാദത്തിനെ കോടതി തള്ളിക്കളഞ്ഞത്. പീഡനം നടക്കുന്ന കാലത്ത് ഗുർമിതിന്റെ മക്കൾ ആശ്രമത്തിലെ ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്ന് സാക്ഷികളിലൊരാളുടെ മൊഴിയിൽ പറയുന്നുണ്ട്. ഗുർമിതിന്റെ ലൈംഗിക ശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് അവരെന്നും അല്ലെങ്കിൽ മക്കൾ തനിക്കുണ്ടായതല്ലെന്ന് ഗുർമീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിൽ 20 വർഷത്തെ തടവാണ് ഗുർമിതിന് കോടതി വിധിച്ചത്. പ്രതി ഒരു വന്യമൃഗമാണെന്നും ദയ അർഹിക്കുന്നില്ലെന്നും കോടതി വിധിന്യായത്തിൽ അഭിപ്രായപ്പെട്ടു.