ന്യൂഡൽഹി: രാംജാസ് കോളേജിലെ സാഹിത്യ സംവാദം വിലക്കിയ എബിവിപി നടപടിക്കെതിരെ ഓൺലൈനിലൂടെ പ്രതിഷേധമുയർത്തിയ ഗുർമെഹർ കൗർ ദേശീയ തലത്തിൽ ചർച്ചാവിഷയമാകുന്നു. കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ക്യാപ്റ്റൻ മൻദീപ് സിങ്ങിന്റെ മകളാണ് ലേഡി ശ്രീരാം കോളേജിലെ വിദ്യാർത്ഥിയായ ഗുർമെഹർ. താൻ എബിവിപിയെ ഭയക്കുന്നില്ലെന്നും രാജ്യം മുഴുവൻ തന്നോടൊപ്പമുണ്ടെന്നും കാണിക്കുന്ന പ്ലക്കാർഡുമായി ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടാണ് ഗുർമെഹർ സമരത്തെ പുതിയ ദിശയിലേക്ക് നയച്ചത്.

തന്റെ പിതാവിനെ വധിച്ചത് പാക്കിസ്ഥാനല്ല യുദ്ധമാണ് എന്ന ഗുർമെഹറിന്റെ പ്രസ്താവനയ്‌ക്കെതിരെ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ ട്വീറ്റാണ് സംഭവത്തെ ദേശീയ ശ്രദ്ധയിലേക്ക് പെട്ടെന്നുകൊണ്ടുവന്നത്. രണ്ടുതവണ ട്രിപ്പിൾ സെഞ്ച്വറി നേടിയത് താനല്ല, തന്റെ ബാറ്റാണെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ബിജെപി എംപി പ്രതാപ് സിൻഹ, 1993-ൽ മുംബൈയിൽ സ്‌ഫോടനങ്ങൾ നടത്തിയത് താനല്ല, ബോംബുകളാണെന്ന് ദാവൂദ് ഇബ്രാഹിം പറയുന്ന തരത്തിൽ ട്വീറ്റ് ചെയ്തതും വിവാദത്തിന് തിരികൊളുത്തു.

സെവാഗിന് തന്റേതായ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ ഗുർമെഹർ, എന്നാൽ അത് മരിച്ചുപോയ തന്റെ പിതാവിന്റെ ചെലവിൽ വേണോ എന്ന് സെവാഗ് ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. രാംജാസ് കോളേജിൽ പ്രതിഷേധിക്കാൻ പോയ തന്റെ സുഹൃത്തുക്കളെ എബിവിപിക്കാർ മർദിച്ചതിലും ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിലുമുള്ള പ്രതിഷേധസൂചകമായാണ് ഫേസ്‌ബുക്കിൽ താൻ അത്തരമൊരു പോസ്റ്റിട്ടതെന്ന് ഗുർമെഹർ പറഞ്ഞു. അക്രമമില്ലാത്ത, സമാധാനപൂർണമായ കാമ്പസാണ് ആവശ്യമെന്നും അവർ പറയുന്നു.

തനിക്ക് ഒരു രാഷ്ട്രീയ പാർട്ടികളോടും വിധേയത്വമില്ലെന്ന് ഗുർമെഹർ പറഞ്ഞു. ഇരുപതാം വയസ്സിൽ തനിക്കെന്ത് രാഷ്ട്രീയ വിധേയത്വമാണ് ഉണ്ടാകേണ്ടതെന്ന് അവർ ചോഗിക്കുന്നു. രാഷ്ട്രീയത്തിൽ വന്ന് മത്സരിക്കാനും താത്പര്യമില്ല. താൻ പഠിക്കുന്ന ലേഡി ശ്രീരാം കോളേജിൽ ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രവർത്തനവുമില്ലെന്ന് ഗുർമെഹർ പറയുന്നു.

കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികന്റെ മകൾ എന്ന നിലയ്ക്കല്ല താൻ ഈ പ്രതിഷേധത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഗുർമെഹർ പറഞ്ഞു. തന്റെ അച്ഛനാരെന്ന് എവിടെയും സൂചിപ്പിച്ചിട്ടില്ല. തന്റെ അച്ഛനാരെന്ന കാര്യം എടുത്തുപറഞ്ഞ് അതിനെ രാഷ്ട്രീയ ആയുധമാക്കാൻ മറ്റുള്ളവർ ശ്രമിച്ചാൽ തനിക്കൊന്നും ചെയ്യാനില്ലെന്നും ഗുർമെഹർ പറയുന്നു. അതിനെച്ചൊല്ലിയുള്ള ട്രോളുകൾ തന്നെ അലട്ടുന്നില്ലെന്നും അവർ പറഞ്ഞു.