- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കുണ്ടെങ്കിൽ നാലമ്പല ദർശനം വേണ്ടെന്ന് പറഞ്ഞ മന്ത്രി പത്‌നിയും മരുമകളും; ഭാര്യ സഹോദരിക്ക് സുഖദർശനം ഒരുക്കാൻ കടകംപള്ളിയുടെ ഭാര്യയെ നിർബന്ധിച്ച് ക്ഷേത്രത്തിനുള്ളിൽ കയറ്റിയത് ചെയർമാനും; ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വളച്ചൊടിച്ചത് സത്യങ്ങൾ; ഗുരുവായൂർ ക്ഷേത്രത്തിലെ കോവിഡ് കാല ദർശനത്തിലെ വിവാദത്തിന് ഇനി പുതുമാനം
കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരുന്ന സമയത്ത് ഗുരുവായൂർ ക്ഷേത്രനാലമ്പലത്തിൽ ദേവസ്വം മന്ത്രിയുടെ പത്‌നിയും രണ്ടു വനിതകളും ദർശനം നടത്തിയെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് റിപ്പോർട്ടിലെ വസ്തുതകൾ പലതും തെറ്റ്. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കടുത്ത അതൃപ്തിയിലാണ്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയര്ഡമാനെ രക്ഷപ്പെടുത്തുന്ന തരത്തിലാണ് ഹൈക്കോടതിയെ കാര്യങ്ങള്ഡ അറിയിച്ചിട്ടുള്ളത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ദർശനം നടത്തിയതെന്നാണ് ദേവസ്വം അഡിമിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയടക്കമുള്ളവർ ഗുരുവായൂർ ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ ദർശനം നടത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമാക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബിജെപി. നേതാവ് തൃശ്ശൂർ സ്വദേശി നാഗേഷ് നൽകിയ ഹർജിയിൽ കോടതി വിശദീകരണം തേടിയിരുന്നു. ഇതോടെയാണ് മന്ത്രി പത്‌നിയെ കുറ്റപ്പെടുത്തി ഗുരുവായൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകിയത്.
നവംബർ 24-ന് വൈകീട്ട് ദേവസ്വം മന്ത്രിയുടെ ഭാര്യയും മറ്റുരണ്ട് വനിതകളും ക്ഷേത്രദർശനത്തിന് എത്തിയിരുന്നു. വാതിൽമാടത്തിന് മുന്നിൽനിന്ന് ഇവർ ദർശനം നടത്തി. 25-ന് രാവിലെ ഏഴിന് ക്ഷേത്രത്തിലെത്തിയപ്പോൾ ദേവസ്വം ചെയർമാനും രണ്ടു മെമ്പർമാരും ക്ഷേത്രത്തിലുണ്ടായിരുന്നു. ദേവസ്വം കമ്മിഷണറും ഭാര്യയും അപ്പോൾ നാലമ്പലത്തിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരോട് മന്ത്രിപത്‌നി നാലമ്പലത്തിൽ കയറാനും നിർമ്മാല്യം തൊഴാനും അനുമതി തേടിയെന്നും ബോർഡ് അറിയിക്കുന്നു. എന്നാൽ ഇത് വസ്തുതകൾക്ക് വിരുദ്ധമാണ്. ചെർമാൻ അവരോട് ക്ഷേത്രത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നുവെന്നതാണ് വസ്തുത.
അടുത്തിടെ മന്ത്രി പത്‌നി ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് നാലമ്പലത്തിൽ ദർശനം നടത്താൻ അനുമതി നൽകിയെന്നുമാണ് വിശദീകരണത്തിൽ പറയുന്നത്. നാലമ്പലത്തിലേക്ക് പ്രവേശനം വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായിരുന്നില്ലെന്നും വിശദീകരണത്തിലുണ്ട്. എന്നാൽ, ഈ കാലത്ത് ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി ഭക്തർക്ക് ക്ഷേത്രത്തിന്റെ വാതിൽമാടം വരെയേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂവെന്നാണ് വിചിത്ര ന്യായം. എന്നാൽ പത്രങ്ങളിലൂടെയും മറ്റും ഭക്തജനങ്ങൾക്ക് വിലക്കുണ്ടെന്ന് ബോർഡ് തന്നെ വ്യക്തമാക്കിയിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി മന്ത്രിപത്‌നിക്കും കൂട്ടർക്കും സുഖദർശനം ഒരുക്കിയത് ഗുരുവായൂർ ദേവസ്വത്തിലെ ഉന്നതൻ നേരിട്ടെത്തിയെന്നതാണ് വസ്തുത. നാലമ്പലത്തിലേക്ക് ഭക്തർക്കുള്ള ദർശന നിയന്ത്രണ നിയമങ്ങൾ മറികടന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്നി സുലേഖ സുരേന്ദ്രനും മരുമകൾക്കും ദർശന സൗകര്യമൊരുക്കികൊടുത്തത് ചെയർമാൻ തന്നെയായിരുന്നു. മന്ത്രി കുടുംബം വിലക്ക് ഉള്ളതു കൊണ്ട് തന്നെ നാലമ്പലത്തിനുള്ളിലേക്ക് കയറുന്നില്ലന്ന് ആദ്യം നിലപാടെടുത്തു. എന്നാൽ അവരെ നിർബന്ധിച്ച് നാലമ്പലത്തിനുള്ളിൽ കൊണ്ടു പോയത് ദേവസ്വം ചെയർമാനായിരുന്നു. ചെയർമാന്റെ ഭാര്യ സഹോദരിക്ക് നാലമ്പല ദർശനം ഉറപ്പു വരുത്താനാണ് മന്ത്രി കുടംബത്തോടൊപ്പം അവരെയും നാലമ്പലത്തിനുള്ളിൽ കയറ്റിയത്.വി ഐ പി അല്ലാത്തതിനാൽ ഭാര്യ സഹോദരി ക്ഷേത്രത്തിനുള്ളിൽ കയറിയാലുള്ള വിവാദം പേടിച്ചാണ് മന്ത്രി കുടുബത്തോടെപ്പം ഭാര്യ സഹോദരിക്കും ദേവസ്വം ഉന്നതൻ നാലമ്പല ദർശനത്തിന് സൗകര്യം ഒരുക്കിയത്.
നവംബർ 25 ന് പുലർച്ചെ മൂന്നു മണിക്ക് ശേഷമാണ് മന്ത്രിപത്നിയും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. പുറത്തുനിന്നുള്ള ഒരു ഭക്തനും ക്ഷേത്രത്തിനകത്തില്ലാത്ത സമയത്താണ് മന്ത്രിപത്നിയും മരുമകളും ദർശനം നടത്തിയത്. ഒരുമണിക്കൂറിലധികം സോപാനപ്പടിക്കരികിലും, വാതിൽമാടത്തിലുമായി ചിലവഴിച്ച മന്ത്രിപത്നിയും മരുമകളും അഭിഷേകവും മലർ നിവേദ്യവും കഴിഞ്ഞ്, പുറത്ത് ദ്വാദശിപ്പണം സമർപ്പിച്ചാണ് മടങ്ങിയത്. നവംബർ 24ന് വൈകീട്ട് ഗുരുവായൂരിലെത്തി ശ്രീവത്സം ഗസ്റ്റ്ഹൗസിൽ താമസിച്ച ഇവർ ഏകാദശി ദിവസമായ നവംബർ 25ന് ബുധനാഴ്‌ച്ച രണ്ടുനേരവും നാലമ്പലത്തിനകത്തുകയറി ദർശനം നടത്തി.കീഴ്ശാന്തിക്കാർക്കും, പ്രവർത്തിക്കാർക്കും, കഴകക്കാർക്കും പോലും ഡ്യൂട്ടിയില്ലാത്ത സമയത്ത് നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ലെന്നിരിക്കെയാണ് മന്ത്രിപത്നിക്കും മരുമകൾക്കും പ്രത്യേക പരിഗണന നൽകി നാലാമ്പലത്തിൽ കയറ്റിയത്. സംഭവം വിവാദമാകുകയും ഹർജി ഹൈക്കോടതി വരെ എത്തുകയും ചെയ്തതിൽ ദേവസ്വം മന്ത്രിക്ക് അതൃപ്തി ഉണ്ട്. മന്ത്രിയുടെ നീരസം മന്ത്രി ഓഫീസിൽ നിന്നു തന്നെ ഗുരുവായൂർ ദേവസ്വത്തിലെ ഉന്നതനെ വിളിച്ചറിയിക്കുകയും ചെയ്തു.
മനഃപൂർവ്വം വിവാദം ഉണ്ടാക്കാൻ മന്ത്രി കുടംബത്തെ നാലമ്പലത്തിൽ നിർബന്ധിച്ച് കയറ്റിയതാണോ എന്ന സംശയവും മന്ത്രി ബന്ധുക്കൾക്കുണ്ട്. ബിജെപി. സംസ്ഥാന സെക്രട്ടറി എ.നാഗേഷാണ് മന്ത്രി കുടംബത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിനുള്ളിൽ ഭക്തർ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നപ്പോഴാണ് മന്ത്രി കുടംബത്തെ കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രവേശിപ്പിച്ചതെന്നാണ് ഹർജിക്കാരന്റെ പരാതി.
മറുനാടന് മലയാളി ബ്യൂറോ