- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം- വെള്ളി ലോക്കറ്റുകൾ വിറ്റു കിട്ടിയ ലക്ഷങ്ങൾ ആവിയായി; കുറ്റക്കാർക്കെതിരെ നടപടി എടുക്കാതെ ദേവസ്വവും ബാങ്ക് അധികൃതരും; ക്ഷേത്ര സ്വത്തിന് സംരക്ഷണം നൽകേണ്ടവർ കുറ്റവാളികളെ സംരക്ഷിക്കുമ്പോൾ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം-വെള്ളി ലോക്കറ്റുകൾ വിറ്റ വകയിലെ 27.50 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ഉന്നതരെ സംരക്ഷിക്കാൻ ദേവസ്വവും ബാങ്കും ഒത്തുകളിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനെതിരെ ഹിന്ദുഐക്യവേദി അടക്കം നിരവധി ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഭഗവാന്റെ സ്വത്തിന് സംരക്ഷണം നൽകേണ്ടവർ തന്നെ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
എല്ലാ മാസവും ബാങ്കുകൾ 10-ാം തീയതിക്കു മുമ്പ് ദേവസ്വത്തിൽ സ്റ്റേറ്റ്മെന്റ് നൽകുന്നുണ്ട്. എന്നാൽ, ഈ കണക്കുകൾ പരിശോധിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ദേവസ്വം ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതിനിടെ, പണം നഷ്ടപ്പെട്ട വിവരം മൂടിവെച്ച് ദേവസ്വം ഭരണസമിതിയെ കബളിപ്പിക്കാൻ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ നടത്തിയ ശ്രമം പൊളിഞ്ഞതോടെ ബാങ്കിനോടൊപ്പം ദേവസ്വവും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. പണം നഷ്ടപ്പെട്ട കാര്യത്തിൽ പൊലീസിൽ പരാതി നൽകാൻ കഴിഞ്ഞ വെള്ളിയാഴ്‌ച്ച ചേർന്ന ഭരണസമിതി യോഗത്തിലെടുത്ത തീരുമാനം, സാങ്കേതികത്വം നിരത്തി മൂന്നു ദിവസം വൈകിപ്പിച്ച അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിയിലും ദുരൂഹത ആരോപിക്കുന്നു.
ഗുരുതരമായ കുറ്റവിലോപം നടത്തിയ ബാങ്ക് ജീവനക്കാരനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാതെ വെറും സസ്‌പെൻഷനിൽ ഒതുക്കി നിർത്തിയാണ് ബാങ്ക് അധികൃതർ സംരക്ഷിക്കുന്നത്. ബാങ്ക് ജീവനക്കാരന്റെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക വിശദീകരണം.
പിഎൻബി ഗുരുവായൂർ ശാഖയിലെ ജീവനക്കാരനായ പി.ഐ. നന്ദകുമാറാണ് സ്വർണം-വെള്ളി ലോക്കറ്റുകളുടെ വിൽപ്പന സംഖ്യ ദേവസ്വത്തിൽ നിന്ന് വാങ്ങി ബാങ്കിലടയ്ക്കുന്നത്. നന്ദകുമാറിൽ പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയതിനാലാണ് സസ്‌പെൻഡ് ചെയ്തതെന്ന് ബാങ്ക് സമ്മതിക്കുമ്പോൾ, അയാൾക്കെതിരെ ബാങ്ക് ഇതുവരെ പൊലീസിൽ പരാതി പോലും നൽകിയിട്ടില്ലെന്നത് ദുരൂഹമാണ്.
എത്ര വർഷങ്ങളായിട്ടാണ് ഇത്രയും സംഖ്യ കുറവ് വന്നതെന്ന് ഇപ്പോഴും കണക്കില്ല. ഗുരുതരമായ കൃത്യവിലോപം നടത്തിയ ബാങ്ക് ജീവനക്കാരനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാത്തതും ദുരൂഹമാണ്. 27.50 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതായി ദേവസ്വം സമ്മതിക്കുമ്പോൾ, ചില ഉന്നതരെ സംരക്ഷിക്കാനാണ് ദേവസ്വവും ബാങ്കും ഇപ്പോൾ ഒത്തുകളിക്കുന്നതെന്ന് ഭക്തജനങ്ങൾ സംശയിക്കുന്നു. ദേവസ്വത്തിന്റെ നടപടികളും ഇഴഞ്ഞാണ് നീങ്ങുന്നത്.
ഇതിനിടെ ദേവസ്വത്തിന് നഷ്ടപ്പെട്ട 27.50 ലക്ഷം രൂപയിൽ 16 ലക്ഷം രൂപ ബാങ്ക്, ദേവസ്വം അക്കൗണ്ടിൽ തിരിച്ചടച്ചിരുന്നു. ബാക്കി സംഖ്യ പലിശ സഹിതം ഉടൻ ദേവസ്വം അക്കൗണ്ടിലേക്ക് അടയ്ക്കാമെന്നുമാണത്രെ ധാരണ. പണം ബാങ്കിലെത്താത്ത സാഹചര്യത്തിൽ ദേവസ്വത്തിന് നഷ്ടപ്പെട്ട സംഖ്യയിലൊരുഭാഗം ദേവസ്വം അക്കൗണ്ടിലേക്ക് ബാങ്ക് തിരിച്ചടച്ചത് ഏത് മാനദണ്ഡത്തിലാണെന്നതും ദുരൂഹമാണ്.
സ്വർണം, വെള്ളി ലോക്കറ്റുകളുടെ വിൽപ്പന വകയിൽ മാത്രമാണ് ദേവസ്വത്തിന് 27.50 ലക്ഷം രൂപ പ്രത്യക്ഷത്തിൽ നഷ്ടം കാണുന്നത്. അറിഞ്ഞിടത്തോളം കുറച്ചുവർഷങ്ങളായി ഈ തരത്തിൽ തട്ടിപ്പ് നടത്തിയതായി തെളിയുമ്പോൾ, ഇതിനേക്കാൾ എത്രയോ ഭീമമായ സംഖ്യ ദേവസ്വത്തിന് നഷ്ടം സംഭവിച്ചിരിക്കാമെന്നാണ് ഭക്തജനങ്ങളുടെ സംശയം.