തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനാകില്ലെന്ന ഉത്തരവിനെതിരെ ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയെ സമീപിക്കുന്നത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് ദേവസ്വം ബോർഡ്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത് നിയമപരമാണെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. പ്രളയ കാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. ഇതാണ് വിവാദമായത്.

ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെബി മോഹൻദാസാണ്. അദ്ദേഹത്തിന്റെ കാലാവധി ഉടൻ കഴിയും. വീണ്ടും തുടർച്ച മോഹൻദാസ് പ്രതീക്ഷിക്കുന്നുണ്ട്. മുമ്പൊരിക്കൽ ഇത് നീട്ടി നൽകിയതുമാണ്. ഈ സാഹചര്യത്തിലാണ് ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിൽ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. അനുകൂല വിധിയോടെ സർക്കാരിന്റെ പ്രിയങ്കരനാവുകയാണ് മോഹൻദാസിന്റെ ലക്ഷ്യം. ദേവസം പ്രസിഡന്റായി മോഹൻദാസ് തുടരുമെന്നാണ് സൂചനയും. കോടിയേരിക്ക് ഏറെ പ്രിയങ്കരനാണ് മോഹൻദാസ്. മുഖ്യമന്ത്രി പിണറായി വിജയനും മോഹൻദാസിനെ അനുകൂലിക്കുന്നുണ്ട്.

ഹിന്ദു സംഘടനകളാണ് ദുരിതാശ്വാസ നിധിയിലെ വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. ഇത് ഹൈക്കോടതി അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ദേവസ്വം എത്തിയത്. ഭക്തരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നും ബോർഡ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അവകാശപ്പെട്ടിട്ടുണ്ട്. ദേവസ്വത്തിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ എം.എൽ. ജിഷ്ണുവാണ് ഹർജി ഫയൽ ചെയ്തത്.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്ക്കാനാകില്ലെന്ന് ഫുൾ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ ആണ് ദേവസ്വം ബോർഡിന്റെ ചുമതലയെന്നും ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തിൽ സംഭാവന കൈമാറാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് നിയമപരവും ചട്ടങ്ങൾക്ക് അനുസൃതമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2020 ഡിസംബറിൽ ഹൈക്കോടതി ഫുൾ ബെഞ്ച് പുറപ്പടിവിച്ച വിധിക്കെതിരെ സംസ്ഥാന സർക്കാർ ഇതുവരെയും അപ്പീൽ നൽകിയിട്ടില്ല.

എന്നാൽ വിശദമായ നിയമഉപദേശങ്ങൾക്ക് ശേഷമാണ് ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ സർക്കാരിന്റെ താൽപ്പര്യവുമുണ്ട്. എന്നാൽ ഇതിനെ സുപ്രീംകോടതിയിലും ഹിന്ദു സംഘടനകൾ എതിർക്കും.