ഗുരുവായൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളുടെ കൊമ്പുമുറിക്കലിന്റെ രണ്ടാംഘട്ടം തുടങ്ങി. കൊമ്പൻ ചെന്താമരാക്ഷന്റെ കൊമ്പാണ് മുറിച്ചത്. നീളവും അഴകുമുള്ള കൊമ്പുകൾ മുറിച്ചു. പിന്നെ ചെത്തിമിനുക്കി. 27 വയസ്സുള്ള കൊമ്പൻ കൂടുതൽ സുന്ദരനായിരിക്കുന്നു. അച്ചടക്കത്തോടെ കൊമ്പൻ ഇതിന് കിടന്നു കൊടുക്കുകയും ചെയ്തു. ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ചെന്താമരാക്ഷന്റെ കൊമ്പുകൾ കൈവാൾ ഉപയോഗിച്ചാണ് മുറിച്ചത്. നീളം കൂടി തുമ്പിക്കൈയുടെ സ്വതന്ത്രചലനം തടസ്സപ്പെടാതിരിക്കാനാണ് കൊമ്പുകൾ മുറിക്കുന്നത്.

നാട്ടാന ചട്ടപ്രകാരം ആനകളുടെ കൊമ്പുകൾ നീളം കൂടുന്നതിനനുസരിച്ച് മുറിക്കണം. കൊമ്പുകൾ നീളം കൂടിയാൽ തുമ്പിക്കൈയുടെ സ്വതന്ത്രമായ ചലനത്തെ ബാധിക്കുമെന്നതിനാലാണ് അത്. കൊമ്പുകൾക്ക് അധിക നീളമുണ്ടായാൽ ആനകൾക്ക് കിടക്കാനും എഴുന്നേൽക്കാനും പ്രയാസമുണ്ടാകും. ഈ സാഹചര്യത്തിലാണ് വിദഗ്ധരുടെ സാന്നിധ്യത്തിൽ കൊമ്പു മുറിക്കുന്നത്.

ഗുരുവായൂരിലെ തെക്കേനടയിലെ ശീവേലിപ്പറമ്പിലായിരുന്നു കൊമ്പുമുറിക്കൽ. ചെന്താമരാക്ഷന്റെ കൊമ്പിന്റെ നീളം 90 സെന്റീമീറ്ററായിരുന്നു. അറ്റത്തുനിന്ന് 15 സെന്റീമീറ്റർ നീളം കുറച്ചു. പിന്നീട് ഉളികൊണ്ട് ചെത്തിമിനുക്കി. അരം കൊണ്ട് രാകി മിനുസ്സപ്പെടുത്തി. ഇത്രയുമായപ്പോൾ നാലു മണിക്കൂർ കഴിഞ്ഞു. ഒരാനയുടെ കൊമ്പുമാത്രമേ തിങ്കളാഴ്ച മുറിച്ചുള്ളൂ. അതീവ രഹസ്യമായാണ് കൊമ്പു മുറിക്കൽ. ആരേയും ഈ മേഖലയിൽ പ്രവേശിപ്പിക്കില്ല.

വട്ടത്തിൽ മുറിച്ചെടുത്ത കൊമ്പിന്റെ ഭാഗവും ചീളുകളും വനംവകുപ്പ് ഉദ്യോഗസ്ഥർ ഭദ്രമായി കെട്ടിപ്പൊതിഞ്ഞ് സീൽവെച്ചു കൊണ്ടുപോയി. അതിന്റെ മഹസർ എഴുതി ജില്ലാ ട്രഷറിയിലാണ് സൂക്ഷിക്കുന്നത്. കൊമ്പു മുറിക്കുന്നത് വീഡിയോയിലും വനം വകുപ്പ് ചിത്രീകരിക്കും. മറ്റാർക്കും പ്രവേശനം നൽകാത്തത് സുരക്ഷാ കാരണങ്ങളാലാണ്. മുറിച്ചെടുക്കുന്ന കൊമ്പുകൾക്ക് വിപണിയിൽ ലക്ഷങ്ങളുടെ വിലവരും.

തൃശ്ശൂർ പെരുമ്പിള്ളിശ്ശേരി ശശിധരന്റെ മകൻ സ്മിതേഷാണ് കൊമ്പുമുറിക്കാരൻ. നാലുവർഷം മുമ്പ് അച്ഛൻ മരിച്ചതിനെത്തുടർന്ന് സ്മിതേഷ് ഇതേറ്റെടുക്കുകയായിരുന്നു. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം, സെക്ഷൻ റേഞ്ച് ഓഫീസർ അനിൽ എന്നിവർ എത്തിയിരുന്നു. ഗുരുവായൂർ ദേവസ്വം ആന ചികിത്സകൻ ഡോ. ചാരുജിത്തും ഉണ്ടായി.

സോഷ്യൽ ഫോറസ്ട്രി കൺസർവേറ്ററുടെ പ്രത്യേക അനുമതി വാങ്ങിയാണ് ആനക്കോട്ടയിലെ ആനകളുടെ കൊമ്പുകൾ മുറിക്കുന്നത്. കഴിഞ്ഞ മാസം ദാമോദർദാസ്, ഗോപീകൃഷ്ണൻ, ദേവദാസ്, ജൂനിയർ കേശവൻ തുടങ്ങി ഏഴ് ആനകളുടെ കൊമ്പുകൾ പാകപ്പെടുത്തിയിരുന്നു. അടുത്ത ഘട്ടം രണ്ടാഴ്ചക്കുള്ളിൽ ഉണ്ടാകും.