- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ കാറിൽ ക്ഷേത്ര നടയിൽ എത്തിയ മോഹൻലാൽ; മമ്മിയൂർ ഭാഗത്തെ ഗേറ്റ് തുറന്നവർക്ക് പണി കിട്ടുമ്പോൾ ചർച്ചകളിലേക്ക് ദിലീപും കാവ്യാ മാധവനും; രവി പിള്ളയുടെ മകന്റെ വിവാഹ ദിവസം വൈകിട്ട് താരദമ്പതികൾ നാലമ്പലത്തിനുള്ളിൽ കടന്ന് ദർശനം നടത്തിയോ? ആരോപണം നിഷേധിച്ച് ദേവസം അധികാരികൾ; കോവിഡ് പ്രോട്ടോകോളിൽ ഗുരുവായൂർ ചർച്ച തുടരുമ്പോൾ
തൃശൂർ: രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂർ ദർശനത്തിന് മോഹൻലാൽ കാറിൽ എത്തിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പേരിൽ മൂന്ന് സെക്യൂരിറ്റിക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. അവരോട് കാരണവും ഗുരുവായൂർ ദേവസം ബോർഡ് തേടിയിരുന്നു. ഇതിനിടെ ദേവസ്വം ബോർഡിനെ വെട്ടിലാക്കി മറ്റൊരു ആരോപണവും എത്തുന്നു. രവി പിള്ളയുടെ മകന്റെ വിവാഹത്തിന് എത്തിയ ദിലീപും കാവ്യാ മാധവനും കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നാലമ്പലത്തിൽ കയറി ഗുരുവായൂരപ്പനെ ദർശിച്ചുവെന്നതാണ് ആരോപണം.
വിവാഹ ദിവസം വൈകിട്ട് ദിലീപും കാവ്യയും ക്ഷേത്രത്തിൽ എത്തിയെന്നും കൊടിമരത്തിന് അപ്പുറത്തേക്ക് പ്രവേശിച്ച് ദർശനം നടത്തിയെന്നുമാണ് ആരോപണം. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ഇത് അനുവദനീയമല്ല. എന്നാൽ ഇത് വെറുമൊരു ആരോപണം മാത്രമാണെന്ന് ദേവസ്വം ബോർഡ് പ്രതികരിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിനുള്ളി മൊബൈൽ അടക്കം നിരോധിച്ചിട്ടുള്ളതിനാൽ ഇതിന്റെ ഫോട്ടോയോ മറ്റ് തെളിവുകളോ പുറത്തു വന്നിട്ടില്ല. ക്ഷേത്രത്തിനുള്ളിലെ സിസിടിവി പരിശോധിച്ചാൽ സത്യം തെളിയുമെന്നും ദേവസ്വം ബോർഡ് അധികാരികൾ പറയുന്നു. ഏതായാലും ദിലീപും കാവ്യയും ക്ഷേത്രത്തിനുള്ളിൽ പോയെന്ന ആരോപണം കോടതിയിൽ എത്തിക്കാനും ശ്രമമുണ്ട്.
ക്ഷേത്ര സിസിടിവികൾ ദേവസ്വം ബോർഡിന്റെ അധീനതയിലാണ്. അതുകൊണ്ട് തന്നെ ദേവസ്വം ബോർഡ് അനുമതിയില്ലാതെ ആർക്കും ഇത് പരിശോധിക്കാനും കഴിയില്ല. നേരത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിയുടെ ഭാര്യയും ബന്ധുക്കളും കോവിഡ് മാനദണ്ഡം ലംഘിച്ച് നാലമ്പലത്തിൽ പ്രവേശിച്ചത് വലിയ വിവാദമായിരുന്നു. അന്ന് എല്ലാം ഒതുക്കി തീർക്കാൻ ശ്രമിച്ചവർ മോഹൻലാലിന്റെ കാർ യാത്ര വിവാദമാക്കിയത് ഏറെ ചർച്ചയാവുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ദിലീപ്-കാവ്യാ ദർശനവും വിവാദവും ഗുരുവായൂരിൽ ചർച്ചയാകുന്നത്.
മോഹൻലാലിന്റെ കാറിലെ വിവാദത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിൽ ചെയർമാനും അഡ്മിനിസ്ട്രേറ്ററും ഒറ്റപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ശതകോടീശ്വരനായ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഇവർക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലത്രേ. ഇതാണ് വിവാദത്തിന് കാരണമെന്നാണ് ഉയരുന്ന വാദം. ദേവസ്വം ബോർഡ് അംഗങ്ങൾക്കൊപ്പമാണ് രവി പിള്ളയും മോഹൻലാലും ക്ഷേത്രത്തിൽ കയറിയത്. എന്നിട്ടും അതിൽ ജീവനക്കാരെ ബലിയാടാക്കുന്നതിന് പിന്നിലെ ചില ഈഗോയുണ്ടെന്നാണ് സൂചന.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ചെയർമാൻ സ്ഥാനം മോഹിക്കുന്ന വ്യക്തിയാണ് വിവാദ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ജീവനക്കാർ പറയുന്നു. മമ്മിയൂർ ഗേറ്റാണ് മോഹൻലാലിന്റെ കാറിന് കടന്നു വരാൻ വേണ്ടി തുറന്നു കൊടുക്കുന്നത്. ഇങ്ങനെ ക്ഷേത്രത്തിലെ പ്രമുഖരുടെ ബന്ധുക്കൾ പോലും ഗുരുവായൂർ നടയിൽ എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് മെമ്പർമാർക്കൊപ്പം എത്തിയ മോഹൻലാലിന്റെ കാറിനും പ്രവേശനാനുമതി നൽകിയത്.
മോഹൻലാൽ ക്ഷേത്ര ദർശനത്തിന് വരുമ്പോൾ കാറിന് പ്രവേശിക്കാൻ വടക്കെ നടയിലെ ഗേറ്റ് തുറന്നുകൊടുത്തത് ദേവസ്വം ജീവനക്കാരൻ നിർദ്ദേശിച്ചതിനാലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു. മോഹൻലാലിന്റെ കാറിൽ തന്നെയാണ് ഈ ജീവനക്കാരൻ ഉണ്ടായിരുന്നത്. ഇതേ വഴിയിലൂടെ ഭരണ സമിതിയിലെ സ്ഥിരാംഗം ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർ കടത്തിവിട്ടിരുന്നു. ഇതിന് പിന്നിലാണ് മോഹൻലാലിന്റെ കാർ വന്നത്. ജീവനക്കാരൻ നിർദ്ദേശിക്കുകയും തൊട്ടുമുമ്പായി ഭരണസമിതി അംഗം കാറിൽ വരികയും ചെയ്തതിനാലാണ് ഗേറ്റ് തുറന്നതത്രെ.
ഭരണസമിതി അംഗങ്ങളായ പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.വി. ഷാജി, കെ. അജിത്ത് എന്നിവർ ദർശന സമയത്ത് മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. എന്നിട്ടും അനുമതിയില്ലാതെ ഗേറ്റ് തുറന്നു എന്നാരോപിച്ച് മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ കാവൽ ജോലിയിൽ നിന്ന് മാറ്റിനിർത്തിയത് വിവാദമാണ്. വിമുക്ത ഭടന്മാരുടെ സംഘടനയാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നത്. ഗേറ്റ് തുറന്നുകൊടുത്തവരെ മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്യൂരിറ്റി ഓഫിസർക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കത്ത് നൽകിയിരുന്നു.
ഈ കത്തിന് പിന്നിലും ബലിയാടാക്കൽ ഗൂഢാലോചനയുണ്ടെന്നാണ് സൂചന. ഇതിനിടെയാണ് കാവ്യാ-ദിലീപ് നാലമ്പല ദർശനം ജീവനക്കാരിൽ ചിലർ ചർച്ചയാക്കുന്നത്. എന്നാൽ ഇത് നടന്നിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ദേവസം അധികാരികൾ.
മറുനാടന് മലയാളി ബ്യൂറോ