- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ്വാദശിപ്പണം സ്വീകരിക്കാനെത്തിയ ഏഴ് അഗ്നിഹോത്രികളും സഹായികളും നാലമ്പലത്തിൽ കയറി ദർശനം നടത്തിയ സമയത്താണ് മന്ത്രിയുടെ ഭാര്യയും എത്തിയതെന്ന് സമ്മതിക്കുന്ന ദേവസ്വം ചെയർമാൻ; മന്ത്രി ഭാര്യയും മരുമകളും കോവിഡ് ലംഘിച്ച് ക്ഷേത്രത്തിൽ കയറിയതിൽ വിശദീകരണം ചോദിച്ച് ഹൈക്കോടതിയും; വീണ്ടും കടകംപള്ളി ഗുരുവായൂർ വിവാദത്തിൽ
കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും കൂട്ടരും കോവിഡ് നിയന്ത്രണങ്ങൾ മറികടന്നു ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കടന്നു ദർശനം നടത്തിയത് സർക്കാരിന് പുലിവാലാകുന്നു. നാലമ്പല ദർശനത്തിൽ കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ദേവസ്വത്തിന്റെയുൾപ്പെടെ വിശദീകരണം തേടി. ഇതിൽ ദേവസ്വം നൽകുന്ന വിശദീകരണം അതിനിർണ്ണായകമാകും.
ഏകാദശി, ദ്വാദശി ദിവസങ്ങളായ നവംബർ 25, 26 തീയതികളിലെ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു തൃശൂർ മരത്താക്കര സ്വദേശി എ. നാഗേഷാണു ഹർജി നൽകിയത്. കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഭക്തർക്ക് ഇപ്പോൾ നാലമ്പലത്തിൽ പ്രവേശനമില്ല. എന്നാൽ നിയന്ത്രണം ലംഘിച്ചു മന്ത്രി പത്നിയുൾപ്പെട്ട വിഐപികൾക്കു ദർശനം അനുവദിച്ചെന്നാണു പരാതി. ഗുരുവായൂർ ദേവസ്വം ചെയർമാനും ദേവസ്വം ബോർഡ് അംഗങ്ങളും കമ്മിഷണറും ഇവരെ അനുഗമിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു.
ഗുരുവായൂർ ക്ഷേത്രം പൊലീസ് ഇൻസ്പക്ടറോടാണ് വിശദീകരണം തേടിയത്. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതായി ആരോപിച്ച് ബിജെപി രംഗത്തെത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഏകാദശിനാളിലും പിറ്റേന്ന് ദ്വാദശി ദിനത്തിലുമാണ് മന്ത്രിയുടെ പത്നിയും മരുമകളും ദർശനം നടത്തിയതെന്നും നാലമ്പലത്തിലേക്ക് പ്രവേശനം വിലക്കിയിരിക്കെ ദ്വാദശിനാളിൽ ഇവർക്ക് ദർശനസൗകര്യമൊരുക്കിയത് ചട്ടലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവംബർ 26ന് പുലർച്ച മൂന്നിനുശേഷമാണ് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, ദേവസ്വം കമീഷണർ പി. വേണുഗോപാൽ എന്നിവർക്കൊപ്പം മന്ത്രിയുടെ പത്നിയും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്.
അഭിഷേകവും മലർനിവേദ്യവും കഴിഞ്ഞ് ദ്വാദശിപ്പണം സമർപ്പിച്ചാണ് മടങ്ങിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ നാലമ്പലത്തിൽ കയറി ദർശനം നടത്തിയതിന്റെ പേരിലുള്ള വിവാദത്തിൽ കഴമ്പില്ലെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നേരത്തെ പ്രതികരിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് നാലമ്പലത്തിലേക്ക് ഭക്തർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നത്.
ദ്വാദശിപ്പണം സ്വീകരിക്കാനെത്തിയ ഏഴ് അഗ്നിഹോത്രികളും സഹായികളും നാലമ്പലത്തിൽ കയറി ദർശനം നടത്തിയ സമയത്താണ് മന്ത്രിയുടെ ഭാര്യയും എത്തിയത്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ ഭാര്യക്കുമാത്രം നാലമ്പലത്തിൽ പ്രവേശനം വിലക്കുന്നത് ശരിയല്ലെന്നതിനാലാണ് അവരെയും പ്രവേശിപ്പിച്ചതെന്നാണ് ചെർമാൻ പറയുന്നത്. ഈ സംഭവം കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പാണ് പ്രതിദിനം 4000 പേർക്ക് നാലമ്പലത്തിൽ പ്രവേശിച്ച് ദർശനത്തിന് സൗകര്യം നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
അതിനിടെ ഹൈക്കോടതി വിശദീകരണം തേടിയ സാഹചര്യത്തിൽ ഇവർക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് എ. നാഗേഷ് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കണമെന്നും ദേവസ്വം ചെയർമാന്റെ ഏകാധിപത്യമാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്നും നാഗേഷ് ആരോപിച്ചു. മുമ്പ് കടകംപള്ളി ഗുരുവായൂർ ദർശനത്തിന് എത്തിയത് സിപിഎമ്മിൽ വലിയ ചർച്ചയായിരുന്നു. ക്ഷേത്ര നടയിൽ തൊഴുതു നിൽക്കുന്ന ചിത്രങ്ങൾ വൈറലായതായിരുന്നു ഇതിന് കാരണം.
2017ലെ അഷ്ടമി രോഹിണി ദിനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ദർശനം നടത്തുകയും വഴിപാട് കഴിപ്പിക്കുകയും ചെയ്തത് വിവാദമായതോടെ സിപിഎം വിഷമവൃത്തത്തിലായിരുന്നു. പാർട്ടിയിലെ യുവാക്കളും സൈബർ രംഗത്തെ ഇടത് അനുഭാവികളും ഒന്നടങ്കം കടകംപള്ളിയെ വിമർശിച്ചു. അന്ന് കടകംപള്ളിയെ പാർട്ടി ശാസിച്ചിരുന്നുവെന്നായിരുന്നു റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ