ഗുരുവായൂർ: ഗുരുവായൂരിലെ സന്തോഷിന്റെ കൊലപാതകം സദാചാര പൊലീസിന്റെ ഇടപെടൽ അല്ലെന്ന് അന്വേഷണ സംഘം. ഭർതൃമതിയായ യുവതിയുമായി ലോഡ്ജിൽ താമസിച്ചയാൾ യുവതിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും മർദനമേറ്റതിനെത്തുടർന്ന് മരിച്ചതിനെ സദാചാര കൊലയായി കാണാനാകില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

പാവറട്ടി മരുതയൂർ അമ്പാടി വീട്ടിൽ ജയരാമന്റെ മകൻ സന്തോഷ് (43) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുതുവട്ടൂർ കുന്നത്തുള്ളി ദിനേഷ് (47), ബന്ധുവായ നെല്ലുവായ് മുട്ടിൽ പാണ്ടികശാല വളപ്പിൽ മഹേഷ് (32) എന്നിവരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന രണ്ടാളുടെ പേരിൽകൂടി കേസുണ്ട്.

23-ന് ഗുരുവായൂർ കിഴക്കേനടയിലെ ലോഡ്ജിലായിരുന്നു സംഭവം. സന്തോഷും ദിനേഷും സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് ദിനേഷിന്റെ ഭാര്യയുമായി സന്തോഷ് അടുപ്പത്തിലാകുന്നത്. ഒരാഴ്ച മുമ്പ് സന്തോഷിനൊപ്പം യുവതി വീടുവിട്ടിറങ്ങി. ഇവരെ അന്വേഷിച്ചപ്പോൾ ഗുരുവായൂരിലെ ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചു. രണ്ടുപേരും പൊള്ളാച്ചിക്ക് സ്ഥലം വിടാനൊരുങ്ങുമ്പോൾ ദിനേഷും ബന്ധുക്കളും ലോഡ്ജിലെത്തി പിടികൂടി. ലോഡ്ജിനു മുന്നിലെ റോഡിൽവെച്ച് അവർ സന്തോഷിനെ മർദിച്ചു.

കൂലിപ്പണിക്കാരായിരുന്നു ദിനേഷും ചെറുകിട കച്ചവടക്കാരനായ സന്തോഷും. ദിനേഷിന്റെ ഭാര്യ ജോലിക്കായി വീട്ടിൽനിന്നു പോയിട്ടു രണ്ടാഴ്ചയായി. ഗുരുവായൂരിലുണ്ടെന്നു വിവരം ലഭിച്ചതോടെ ദിനേഷും ബന്ധുക്കളും ഇവർ താമസിച്ച ലോഡ്ജിലെത്തിയത്. ബഹളമുണ്ടായതിനെ തുടർന്ന് ഇവരെ ലോഡ്ജിൽനിന്നു പുറത്താക്കി. തുടർന്നു റോഡിൽ വച്ചു ബഹളവും അടിപിടിയുമുണ്ടായി.

തലയ്ക്കു പരുക്കേറ്റ സന്തോഷ് ബോധരഹിതനായി. ആക്ട്‌സ് പ്രവർത്തകർ ആദ്യം ചാവക്കാട് ആശുപത്രിയിലെത്തിച്ചു. തുടർന്നു തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. പൊലീസിനു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തലയ്ക്കെറ്റ പരിക്കാണു മരണ കാരണം എന്നു പ്രാഥമിക അന്വേഷത്തിൽ കണ്ടെത്തി.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)