- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ പത്ത് മുതൽ ഭക്തർക്ക് ഗുരുവായൂരപ്പനെ കണ്ട് തൊഴാം; ദിവസം ആയിരം പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അനുവാദം; പ്രവേശനം വെർച്വൽ ക്യൂ വഴിയും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ പത്ത് മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദിവസം ആയിരം പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അനുവാദം നൽകുക. പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്റ്റംബർ 14 ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വെച്ചും നറുക്കെടുപ്പ് സെപ്റ്റംബർ 15 ന് ഉച്ചപൂജക്കുശേഷം നാലമ്പലത്തിനകത്തുവെച്ചും നടത്തും.
ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വെർച്വൽ ക്യൂ വഴിയായിരിക്കും പ്രവേശനം. ക്ഷേത്രത്തിൽ പ്രതിദിനം 60 വിവാഹങ്ങൾ നടത്താൻ അനുവാദം നൽകുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിങ്ങ് ചെയ്തുവരുന്നവർക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദർശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതല്ല. വലിയബലിക്കല്ലിനുസമീപം നിന്ന് ഗുരുവായൂരപ്പനെ ദർശിച്ച ശേഷം ചുറ്റമ്പലം വഴി പ്രദക്ഷിണംവെച്ച് ഭഗവതിക്ഷേത്രത്തിനുസമീപത്തുള്ള വാതിൽ വഴി പുറത്തേക്ക് പോകാനാകുന്ന രീതിയിലാണ് ദർശനസൗകര്യം ക്രമീകരിക്കുക. ക്ഷേതത്തിനകത്ത് ഒരുസമയം 50 പേരിൽകൂടുതൽ ഭക്തർ ഉണ്ടാകാത്തവിധത്തിലാകും ക്രമീകരണം. ഭരണസമിതി അംഗങ്ങൾ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി ചർച്ച ചെയ്തശേഷമാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുത്തത്.
മറുനാടന് ഡെസ്ക്