- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് മാനദണ്ഡങ്ങൾ നിർദ്ദേശിച്ച് ജില്ലാ ഭരണകൂടം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് മാനദണ്ഡങ്ങൾ നിർദ്ദേശിച്ച് ജില്ലാ ഭരണകൂടം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ദർശനത്തിന് അനുമതി നൽകൂ. ഒരുദിവസം നടത്താവുന്ന പരമാവധി വിവാഹങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒരുദിവസം 2000 പേരെ മാത്രമേ വെർച്വൽ ക്യൂ വഴി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കൂ.
ഒരു വിവാഹത്തിന് വധൂവരന്മാർ ഉൾപ്പെടെ 12 പേർ മാത്രമേ പാടുള്ളൂ. ഇവരും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലുമുള്ളവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുന്നു എന്നത് ദേവസ്വവും ആരോഗ്യ വിഭാഗവും ഉറപ്പുവരുത്തും. ക്ഷേത്രപരിസരത്ത് കച്ചവടം നടത്താനും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണന്ന് നിർദ്ദേശമുണ്ട്.
ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്രം രണ്ടാഴ്ച അടച്ചിരുന്നു. ബുധനാഴ്ചയാണ് ക്ഷേത്രം ഭക്തർക്കായി തുറന്നത്. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടമുണ്ടാകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജില്ല ഭരണകൂടം ഇടപെട്ടത്. ജില്ല മെഡിക്കൽ ഓഫിസർ നിർദ്ദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ക്ഷേത്രം തുറക്കേണ്ടതുള്ളൂവെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.
അതിനിടെ, ക്ഷേത്രനടയിലെ കല്യാണ മണ്ഡപത്തിൽ താലികെട്ട് കഴിഞ്ഞാൽ ക്ഷേത്രപരിസരത്ത് വധൂവരന്മാരും മറ്റുള്ളവരും നിന്നുള്ള ഫോട്ടോയെടുപ്പ് അനുവദിക്കില്ലെന്ന് ദേവസ്വം അറിയിച്ചു. തിരക്ക് ഒഴിവാക്കാനാണിത്. ബുധനാഴ്ച ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയെങ്കിലും തിരക്ക് കുറവാണ്. ബുധനാഴ്ചയിലേക്ക് 33 വിവാഹങ്ങൾക്ക് ശീട്ടാക്കിയിരുന്നെങ്കിലും ആറെണ്ണമാണ് നടന്നത്. വെർച്വൽ ക്യൂ വഴി 1500 പേർക്ക് ദർശനത്തിന് അനുമതിയുണ്ടെങ്കിലും 500 ൽ താഴെ പേർ മാത്രമാണ് എത്തിയത്. വഴിപാട് കൗണ്ടറുകൾക്ക് മുന്നിലും വരിയുണ്ടായില്ല. തുലാഭാരവും കുറഞ്ഞു.
മറുനാടന് ഡെസ്ക്