- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദിന് തന്നെ ലഭിക്കും; 15 ലക്ഷത്തി പതിനായിരം രൂപക്ക് ലേലം ഉറപ്പിച്ച വാഹനം അമലിന് തന്നെ വിട്ടു നൽകാൻ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഭരണ സമിതി തീരുമാനം; നടപടികൾ പൂർത്തിയാക്കാൻ ദേവസ്വം കമ്മീഷണറുടെ അനുമതിക്ക് അയക്കും
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ഇനി അമൽ മുഹമ്മദിന് സ്വന്തം. ലേലത്തിൽ പിടിച്ച വാഹനം അമൽ മുഹമ്മദിന് തന്നെ നൽകാൻ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഭരണസമിതി തീരുമാനിച്ചു. ഇന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗമാണ് ഥാർ അമലിന് തന്നെ നൽകാൻ തീരുമാനവിച്ചത്. നടപടികൾ പൂർത്തിയാക്കാൻ ദേവസ്വം കമ്മീഷണറുടെ അനുമതിക്ക് അയക്കും. തുടർന്ന് വാഹനം അമലിന് തന്നെ കൈമാറും.
കഴിഞ്ഞ ശനിയാഴ്ച്ച നടന്ന ലേലത്തിൽ എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് അലി മാത്രമാണ് പങ്കെടുത്തത്. അമൽ 15 ലക്ഷത്തി പതിനായിരം രൂപക്ക് ലേലം ഉറപ്പിച്ചെങ്കിലും ലേല കാര്യത്തിൽ പുനർചിന്ത വേണം എന്ന ചെയർമാന്റെ നിലപാടാണ് വിവാദമായത്. ലേലത്തിൽ നിന്നും പിന്മാറിയാൽ നിയമ നടപടി സ്വീകരിക്കും എന്നാണ് അമലിന്റെ നിലപാടും സ്വീകരിച്ചു. ഇതോടെ വിവാദം അവസാനിപ്പിച്ചു വാഹനം ലേലത്തിൽ കൊണ്ട് കക്ഷിക്ക് തന്നെ നൽകാൻ തീരുമാനിക്കുകായായിരുന്നു.
അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ്'ഥാർ' സ്വന്തമാക്കിയത്. ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്യുവി ഥാർ ലഭിച്ചത്. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.
ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി കൈമാറുകയായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാർ എസ്യുവിയെ വിപണിയിൽ അവതരിപ്പിച്ചത്. എത്തി ഒരുവർഷത്തിനിടെ വിപണിയിൽ കുതിക്കുകയാണ് ഥാർ. വാഹനം ഇതുവരെ ബുക്ക് ചെയ്ത ഉപഭോക്താക്കളിൽ 40 ശതമാനം പേരും മിലേനിയൽസ് (1981നും 1996നും ഇടയിൽ ജനിച്ചവർ) ആണെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നു. ഇത് വരെ ഥാർ ബുക്ക് ചെയ്തവരിൽ 50 ശതമാനം പേർ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല 25 ശതമാനത്തോളം പേർ തിരഞ്ഞെടുത്തിരിക്കുന്നത് പെട്രോൾ വേരിയന്റുകളാണെന്നും കമ്പനി പറയുന്നു.
2020ൽ നിരത്തിൽ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിങ്ങും മഹീന്ദ്ര ഥാർ നേടിയിട്ടുണ്ട്. ഞ െ12.78 ലക്ഷം മുതൽ 15.08 ലക്ഷം വരെയാണ് 2021 മഹീന്ദ്ര ഥാറിന്റെ നിലവിലെ എക്സ്-ഷോറൂം വില. 2020 ഓഗസ്റ്റ് 15നാണ് പുത്തൻ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്. പിന്നാലെ ഒക്ടോബർ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്തു. 2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിനുകളാണ് ഥാറിൽ പ്രവർത്തിക്കുന്നത്. പെട്രോൾ എൻജിൻ 150 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും, ഡീസൽ എൻജിൻ 130 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും സൃഷ്ടിക്കും. മാനുവൽ ട്രാൻസ്മിഷനൊപ്പം എൽ.എക്സ് വേരിയന്റിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ