- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ ക്ഷേത്രത്തിലെ കൊമ്പൻ വലിയ കേശവൻ ചരിഞ്ഞു; മരണം അനാരോഗ്യത്തെത്തുടർന്നുള്ള ചികിത്സക്കിടെ; വിടവാങ്ങിയത് ഗുരുവായുരപ്പന്റെ സ്വർണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്പൻ; ആനപ്രേമികളുടെ പ്രിയപ്പെട്ട 'വി കെ' ഓർമ്മയാകുമ്പോൾ
തൃശ്ശുർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആനയായ വലിയ കേശവൻ ചരിഞ്ഞു. അനാരോഗ്യം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു വലിയ കേശവൻ. ഗുരുവായുരപ്പന്റെ സ്വർണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്പനായിരുന്നു വലിയ കേശവൻ.
മുൻപ് പിൻകാലിന് സമീപത്തെ മുഴ കാരണവും ക്ഷയരോഗം മൂലവും ക്ഷീണിതനായിരുന്ന ആന ചികിത്സയിലായിരുന്നു. ഇടയ്ക്ക് രോഗം കലശലായെങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു. രണ്ട് വർഷത്തോളമായ ചികിത്സ തുടരവെയാണ് ഉച്ചയ്ക്ക് 12.20ന് ആന ചരിഞ്ഞത്.2020 ഫെബ്രുവരി 26ന് കൊമ്പൻ ഗുരുവായൂർ പത്മനാഭൻ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവൻ ഗുരുവായുരിലെ ആനകളിൽ പ്രധാനിയായത്. 2000ൽ ഗുരുവായൂർ സ്വദേശി നാകേരി വാസുദേവൻ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. ശാന്തസ്വഭാവക്കാരനായ വലിയ കേശവൻ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളിൽ മുൻനിരയിലായിരുന്നു.
ആനപ്രേമികളുടെ പ്രിയപ്പെട്ടവനാക്കിയത് പേരിലെ സാമ്യം
ആനപ്രേമികൾക്ക് കൊമ്പൻ വലിയ കേശവനോട് എന്നും വലിയ ആരാധനയായിരുന്നു. ഗജരാജൻ സാക്ഷാൽ ഗുരുവായൂർ കേശവന്റെ പേരും സാമ്യവുമുള്ളതിനാലാകണം വലിയ കേശവനോടിത്ര ഇഷ്ടം.ഗുരുവായൂർ കേശവന്റെ പേരാണ് തനിക്കുള്ളതെന്നതിന്റെ അല്പം ഗമ നടപ്പിലും ഭാവത്തിലും കാണാമെന്നാണ് ആനപ്രേമികളുടെ അഭിപ്രായം.ഗജതമ്പുരാക്കന്മാരായ ഗുരുവായൂർ കേശവന്റേയും ഗുരുവായൂർ പത്മനാഭന്റേയുമൊക്കെ പ്രൗഢിയും അന്തസ്സും കാത്തുസൂക്ഷിക്കുന്ന കൊമ്പൻ തന്നെയായിരുന്നു വലിയ കേശവൻ.
പൂരങ്ങളിൽ തലയെടുപ്പുള്ള തൃശ്ശൂർ പൂരത്തിന് വലിയ കേശവന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രധാനപ്പെട്ട മറ്റു പൂരങ്ങളായ ഉത്രാളിക്കാവിലും പാർക്കാടിയിലും ചീരംകുളത്തുമെല്ലാം ഈ കൊമ്പൻ എക്കാലത്തും ഹീറോയാണ്. പൂരം എഴുന്നള്ളിപ്പുകൾ കേശവന് വലിയ ഹരവുമാണ്. എഴുന്നള്ളിപ്പുകളുടെ ചിട്ടകളൊന്നും തന്നെ വലിയ കേശവന് ആരും പറഞ്ഞുകൊണ്ടേക്ക ആവശ്യവുമില്ല. എഴുന്നള്ളിക്കലിനോടുള്ള പ്രിയംകൊണ്ട് എല്ലാം കേശവൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട്്്.
അഴകും ആരോഗ്യവും ഔന്നത്യവും സത്സ്വഭാവവും ഒത്തുചേരുന്നുവെന്നതാണ് വലിയ കേശവന്റെ ഏറ്റുവും വലിയ പ്രത്യേകത. ആരേയും ആകർഷിക്കുന്ന രൂപഭംഗിയുണ്ട്. ഇളംമഞ്ഞ കണ്ണുകൾ, നല്ല നടയമരങ്ങൾ, കടഞ്ഞെടുത്തതു പോലുള്ള കൊമ്പുകൾ, നീളമുള്ള തുമ്പി, ഉത്തമമായ ചെവികളും വാലും. 305 സെന്റീമീറ്റർ ഉയരക്കാരനാണ് ഈ 56 കാരൻ. ഗുരുവായൂർ ആനക്കോട്ടയിൽ 49 ആനകൾ ഉണ്ടായിരുന്നപ്പോൾ അമ്പതാമനായാണ് വലിയ കേശവന്റെ രംഗപ്രവേശം. കൊമ്പൻ കാലെടുത്തുവെച്ചതിനു ശേഷം ആനക്കോട്ടയിൽ ആനകളുടെ എണ്ണത്തിൽ വെച്ചടി കയറ്റമുണ്ടായെന്നാണ് പറയുന്നത്. അത് വലിയ കേശവന്റെ 'കാൽപ്പുണ്യം'കൊണ്ടുതന്നെ എന്നാണ് വിശ്വസിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ കീഴ്ശാന്തി കുടുംബമായ നാകേരി മനക്കാർ നടയിരുത്തിയ ആന എന്ന പ്രത്യേകത വലിയ കേശവനുണ്ട്. 2000 മെയ് 9-നാണത്. നാകേരി വാസുദേവൻ നമ്പൂതിരി തന്റെ പിതാവ് നാകേരി കേശവൻ നമ്പൂതിരിയുടെ പേരുതന്നെയാണ് ആനയ്ക്കു നൽകിയത്.
ആദ്യം ഹീറോ പ്രസാദ്.. പിന്നീട് ഗുരുവായൂരിന്റെ സ്വന്തം വികെ
1969ൽ ബീഹാറിന്റെ കാടുകളിൽ ജന്മം കൊണ്ട് ലോകത്തിലെ എറ്റവും വലിയ ആന ചന്തയായ സോൺപൂർ മേളയിലൂടെയാണ് കേരളമെന്ന സ്വപ്ന ഭൂമിയിൽ ഹീറോ പ്രസാദ് എത്തുന്നത്.ഹീറോ പ്രസാദ് എന്ന ആനയെ കൊടുവട്ടൂർ സ്വാമി എന്ന നാരായണയ്യരാണ് കേരളത്തിലേക്ക് കൊണ്ട് വരുന്നത്.അവിടെ നിന്നും മനിശ്ശേരി ഹരിയിലെത്തി ആന. നല്ല ഭാവിയുള്ള ആനയാണ് ഹരിയുടെ കൈവശം ഉള്ളത് എന്ന് തിരച്ചറിഞ്ഞു ധാരാളം ആവശ്യക്കാർ ആനയെ തേടി എത്തി. ക്രാങ്ങാട് നമ്പൂതിരിയും തിരുവമ്പാടി ദേശക്കാരുമെല്ലാം അവരിൽ ചിലരാണ്. തിരുവമ്പാടി തട്ടകത്തിന്റെ സ്വന്തമായി തൃശൂർ പൂരത്തിന് തിരുവമ്പാടിയുടെ നെടുനായകത്വം വഹിക്കാൻ വരെ ഒരിക്കൽ അവൻ പരിഗണിക്കപ്പെട്ടു. എന്നാൽ വിധി മറ്റൊന്നായിരുന്നു.ഇതേ കാലയളവിൽ തന്നെയാണ് നല്ലൊരാനയെ തേടി ഗുരുവായൂർ കീഴ്ശാന്തിയും ആന ഉടമയും ആയ നാകേരിമന വാസുദേവൻ നമ്പൂതിരി അന്വേഷണങ്ങൾ നടത്തുന്നത്.
മനിശ്ശേരി ഹരിയുടെ കൈവശമുള്ള കൊമ്പനെ നന്നേ ബോധിച്ച അദ്ദേഹം ഹരി പറഞ്ഞ മോഹവില നൽകി ആ കൊമ്പനെ സ്വന്തമാക്കി. തന്റെ ആനകളുടെ കൂട്ടത്തിലേക്ക് നല്ലൊരു ആനച്ചന്തം കൂടി എത്തിയതിൽ സന്തുഷ്ടനായിരുന്നു നമ്പൂതിരി. അങ്ങനെ നമ്മുടെ കഥാനായകൻ ഹീറോ പ്രസാദ് നാകേരിമന അയ്യപ്പൻകുട്ടിയായി മാറി. നാകേരി അയ്യപ്പൻ കുട്ടിയെ ഇന്നത്തെ ഗുരുവായൂർ വലിയ കേശവനാക്കി മാറ്റിയതിൽ പ്രശസ്ത ആനക്കാരനായിരുന്ന പെരാമംഗലം ശങ്കരൻ നായർക്ക് വലിയ പങ്കുണ്ട്. ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് റിട്ടയർ ചെയ്ത അദ്ദേഹത്തെ നാകേരി തിരുമേനി സ്വന്തം ആനകളെ പരിപാലിക്കാനായി ക്ഷണിക്കുകയായിരുന്നു. ആനയുടെ ഇന്നത്തെ പല ശീലങ്ങളും ഉണ്ടാക്കിയെടുത്തത് ശങ്കരൻ നായരാണ്.
അങ്ങനെയിരിക്കെയാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരാനയെ നടയിരുത്താനായി നാകേരി തിരുമേനി തീരുമാനിക്കുകയും അതിനായി തന്റെ ആനകളിൽ ഒന്നിനെ നിശ്ചയിക്കുകയും ചെയ്തത്. എന്നാൽ നടയിരുത്താൻ നിശ്ചയിച്ചുറപ്പിച്ച ദിവസം നേരത്തേ നടയിരുത്താനായി പരിഗണിച്ചിരുന്ന കൊമ്പനെ നടയിരുത്താൻ കഴിയാതെ വരുകയും ഒരു നറുക്കെടുപ്പിലൂടെ നാകേരി തിരുമേനിയുടെ ആനകളിൽ നിന്ന് അയ്യപ്പപ്പൻകുട്ടിയെ നടയിരുത്താൻ തീരുമാനമാവുകയും ചെയ്തു.അങ്ങിനെയാണ് 2000 മെയ് ഒൻപതിന് അയ്യപ്പൻ ഗുരുവായുരിലേക്ക് എത്തിയത്.നടയ്ക്കിരുത്തുമ്പോൾ നാകേരി വാസുദേവൻ നമ്പൂതിരി തന്റെ പിതാവ് നാകേരി കേശവൻ നമ്പൂതിരിയുടെ പേരുതന്നെയാണ് ആനയ്ക്കു നൽകിയത്.അങ്ങിനെയാണ് അയ്യപ്പനിൽ നിന്ന് കേശവനിായി ഈ കൊമ്പൻ മാറുന്നത്.അങ്ങിനെ ഗജരാജൻ വലിയകേശവൻ. വി കെ എന്ന ചുരുക്കപ്പേരിലും ഈ ആന അറിയപ്പെട്ടു.
കേരളത്തിലെ ഉയരകേമന്മാരുടെ കണക്ക് എടുത്തൽ ആദ്യത്തെ പത്തുപേരുടെ സ്ഥാനത്തു കേശവന്റെ പേരും കാണും.ഇതിൽ മാത്രമല്ല പൂരത്തിന് എഴുന്നള്ളിച്ചതിൽ ഏറ്റവും കൂടുതൽ തുകയിലും തലയെടുപ്പ് കേശവന് തന്നെ.2018 ചെമ്പൂച്ചിറ മഹാദേവക്ഷേത്രത്തിലെ പൂരത്തിന് കിഴക്കുമുറി സമുദായ കമ്മിറ്റി 2,26,001 രൂപ എന്ന റെക്കോർഡ് ഏക്കത്തുകയാണ് (എഴുന്നള്ളിപ്പ് തുക)വലിയ കേശവന് നൽകുവാൻ തയ്യാറായത്. ഫെബ്രുവരി 25ന് തൃശൂർ മറ്റത്തൂർ ചെബൂച്ചിറ മഹാദേവ ക്ഷേത്രത്തിലെ പൂരാഘോഷത്തിന് എഴുന്നള്ളിക്കുന്നതിനായി 2,26,001 രൂപയ്ക്കാണ് ക്ഷേത്ര കമ്മിറ്റിക്കാർ വലിയ കേശവനെ സ്വന്തമാക്കിയത്. ഇതേദിവസം വലിയ കേശവനെ എഴുന്നള്ളിപ്പിന് ലഭിക്കുന്നതിനായി മറ്റു ക്ഷേത്ര കമ്മിറ്റിക്കാരും രംഗത്തു വന്നു. എന്നാൽ ഏക്ക തുക രണ്ടുലക്ഷം പിന്നിട്ടതോടെ മറ്റുള്ളവർ പിൻവാങ്ങുകയായിരുന്നു. സാധാരണ ദിവസങ്ങളിൽ 50,000 രൂപയും വിശേഷ ദിവസങ്ങളിൽ 75,000 വുമാണ് വലിയ കേശവന്റെ ഏക്കതുക.
മിക്കദിവസങ്ങളിലും ഒന്നിൽക്കൂടുതൽ ആവശ്യക്കാർ ഉള്ളതിനാൽ ലേലം വിളിച്ചാണ് കേശവന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാറ്.വലിയ കേശവനെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളും അനവധിയാണ് ഗജകുലഛത്രാധിപതി, സാമജസമ്രാട്ട്, ഗജരത്നം, ഗജസമ്രാട്ട്, ഗജരാജ ചക്രവർത്തി, ഗജകേസരി, മലയാള മാതംഗം അങ്ങനെ അംഗീകാരങ്ങൾ ഏറെയുണ്ടെങ്കിലും പുന്നത്തൂർ കോട്ടയുടെ മണ്മറഞ്ഞ കാരണവർ 'ഗജരാജൻ' ഗുരുവായൂർ കേശവൻ അനുസ്മരണ ചടങ്ങിൽ വെച്ച് 2017 ൽ ഗുരുവായൂർ വലിയ കേശവന് സമ്മാനിച്ച 'ഗജരാജൻ' പട്ടം വേറിട്ട് നിൽക്കുന്നു.
അമ്പത്തിയാറാമത്തെ വയസ്സിൽ വിടവാങ്ങുമ്പോൾ ആനകഥകളുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടായിമാറുകയാണ് ഗുരുവായൂർ വലിയ കേശവൻ
മറുനാടന് മലയാളി ബ്യൂറോ