തൃശൂർ: കേരളത്തിലെ ആദ്യ ഹൈന്ദവ ആത്മീയ ചാനലായ ജ്ഞാനയോഗി ടി.വി. സംപ്രേഷണം തുടങ്ങി. ചിങ്ങം ഒന്നുമുതൽ സമ്പൂർണ സംപ്രഷണം ആരംഭിക്കുമെന്നു ചാനൽ മേധാവി മിൽട്ടൺ ഫ്രാൻസിസ് അറിയിച്ചു. ആത്മീയ ചാനലുകൾക്ക് ലോകത്താകമാനം വൻ മാർക്കറ്റാണ് ഇപ്പോൾ ലഭിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ ക്രിസ്തീയ, മുസഌം മതവിഭാഗങ്ങളുടേതായ നിരവധി ചാനലുകൾ മലയാളത്തിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഹിന്ദു ആത്മീയ ചാനൽ മലയാളത്തിൽ ഇതുവരെ ആരംഭിച്ചിരുന്നില്ല. ഇന്ത്യയിൽ ഹിന്ദു ആത്മീയ ചാനലുകൾ വിവിധ ഭാഷയിൽ ആരംഭിച്ചിട്ടുള്ള യോഗി നെറ്റ് വർക്‌സിന്റെ ഭാഗമായാണു മലയാളത്തിലും ഹൈന്ദവ ആത്മീയ സാംസ്‌കാരിക ചാനൽ ആരംഭിച്ചിട്ടുള്ളത്.

ദക്ഷിണേന്ത്യയിൽ വാർത്താ ചാനൽ ഉൾപ്പെടെ നിരവധി ചാനലുകളുടെ ഉടമകളാണ് യോഗി നെറ്റ് വർക്ക്‌സ്. തൃശൂരിലെ പൂങ്കുന്നത്ത് ആധുനിക സ്റ്റുഡിയോ സമുച്ചയവും ചെന്നൈ, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ മാർക്കറ്റിങ് പ്രൊഡക്ഷൻ ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. തിരുപ്പതി, ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽനിന്നുള്ള തത്സമയപരിപാടികൾ, ചരിത്രയാഥാർഥ്യങ്ങൾ തേടിയുള്ള യാത്രകൾ, ഡോക്യുമെന്ററികൾ, ഗുരുക്കന്മാരുടെ പ്രഭാഷണങ്ങൾ, ടോക്‌ഷോകൾ, സീരിയലുകൾ തുടങ്ങിയവയാണ് ജ്ഞാനയോഗിയിൽ സംപ്രേഷണം ചെയ്യുക.

യൂറോപ്യൻ മേഖലകളിൽ വിരലിലെണ്ണിയാലൊടുങ്ങാത്തത്ര ക്രിസ്ത്യൻ ഡിവോഷണൽ ചാനലുകളുണ്ട്. ഗോഡ്, ഹോപ്, എഫ്.ഈ.ടി.വി, ഏഞ്ചൽ, സ്‌മൈൽ ഓഫ് ചൈൽഡ്, തുടങ്ങി അനേകം ചാനലുകൾ. അറബിയിലും മറ്റും നിരവധി ഖുർ ആൻ, ഇസ്ലാമിക് ചാനലുകൾ ഇന്ത്യയിൽ തന്നെ ലഭ്യമാണ്. മലയാളത്തിൽ ദർശനയും. ഇതിന്റെ വഴിയേ ഇന്ത്യയിലും നിരവധി ഹൈന്ദവ ചാനലുകളുണ്ട്. ആസ്ത പോലുള്ള പഴയ ചാനലുകൾ കൂടാതെ സംസ്‌കൃതി, മഹർഷി, ശ്രീ ശങ്കര എന്നിങ്ങനെ നിരവധി ചാനലുകൾ.

മലയാളത്തിൽ ആത്മീയ ചാനലുകളിൽ ആദ്യത്തേത് ക്രിസ്ത്യൻ ചാനലായ ശാലോം ആണ്. തുർന്ന് പവർ വിഷൻ ആരംഭിച്ചു. കേരളത്തിൽ നിന്ന് സംപ്രേഷണം ചെയ്യുന്നതും എന്നാൽ ഡൗൺലിങ്കിങ് പെർമിഷൻ ഇല്ലാത്തതുമായ ഡിവൈൻ ടി.വി, ആത്മീയ യാത്ര എന്നിവയും നിലവിലുണ്ട്. മുൻപ് അനൗൺസ് ചെയ്യപ്പെട്ട ഗുരു വിഷൻ (എസ്.എൻ.ഡി.പി), സായ്‌റാം, ലിയോ(ശ്രീ ശ്രീ രവിശങ്കർ) എന്നിവ ഇനിയും ആരംഭിക്കപ്പെട്ടിട്ടില്ല.

ചാനൽ പ്രൊമോ വീഡിയോ