ലഖ്നൗ: ഉത്തർ പ്രദേശിലെ വാരണാസിയിലുള്ള പ്രശസ്തമായ ഗ്യാൻവാപി മസ്ജിദിൽ കോടതി നിർദേശ പ്രകാരം നടത്തിയ വിഡിയോഗ്രാഫി സർവെയിൽ ശിവലിംഗം കണ്ടെന്ന് പറയുന്ന സ്ഥലം സീൽ ചെയ്യാൻ ഉത്തരവിട്ട് കോടതി. വാരണാസിയിലെ സിവിൽ കോടതിയുടേതാണ് ഉത്തരവ്.

സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. സ്ഥലത്ത് സംരക്ഷണം നൽകാൻ ജില്ലാ മജിസ്ട്രേറ്റിനും പൊലീസ് കമ്മീഷണർക്കും സിആർപിഎഫ് കമാൻഡർക്കും കോടതി ഉത്തരവിട്ടിട്ടുണ്ട്. പള്ളിക്കുള്ളിൽ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന പരാതിയെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരം മൂന്ന് ദിവസമായി നടത്തിവന്ന സർവ്വെയാണ് ഇന്ന് പൂർത്തിയായത്.

കോടതി നിർദ്ദേശ പ്രകാരം കോടതി കമ്മീഷണർ, ഇരുപക്ഷത്തെയും അഭിഭാഷകർ, ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സർവേ നടത്തിയത്. പള്ളിയുടെ കിണറിൽ ശിവലിംഗമുണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്.

പള്ളിയുടെ പടിഞ്ഞാറെ ചുമരിനോട് ചേർന്നുള്ള വിഗ്രഹങ്ങളെ ആരാധിക്കാൻ അനുമതി തേടി ഒരു കൂട്ടം സ്ത്രീകൾ നൽകിയ പരാതിയാണ് ഇപ്പോഴത്തെ നടപടിക്കാധാരം. മസ്ജിദിനകത്തും വിഗ്രഹങ്ങളുണ്ടെന്ന് ഇവർ പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ സർവേക്ക് കമ്മീഷണറെ വെച്ചത്.

നേരത്തെ സർവേ നിർത്തിവെച്ചിരുന്നെങ്കിലും ഇത് പുനരാരംഭിക്കാൻ മെയ് 12 ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതിനു പുറമെ സർവേ നടത്താൻ രണ്ട് അഭിഭാഷകരെ കൂടി കോടതി നിയോഗിക്കുകയും ചെയ്തു. പരിശോധന നടത്തിയ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉൾപ്പെടുന്ന കമ്മീഷന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഇന്ന് രാവിലെ 10.30ഓടെ സർവ്വെ സംഘം പള്ളിയിൽ നിന്ന് മടങ്ങി.

ഹിന്ദു വിഭാഗത്തിന് സംതൃപ്തിയായെന്നും സുപ്രധാന തെളിവ് ലഭിച്ചുവെന്നും അഭിഭാഷകൻ ഹരി ശങ്കർ ജെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ കിണറിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് അദ്ദേഹം പറയുന്നത്. ഇത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. ചൊവ്വാഴ്ച വാരണാസിയിലെ കോടതിയിൽ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കും.

ഹിന്ദുക്കളും മുസ്ലിങ്ങളും കോടതി ഉത്തരവ് പാലിക്കുകയും സർവ്വെ പൂർത്തിയാക്കുകയും ചെയ്തുവെന്ന് വാരണാസി കളക്ടർ കൗശാൽ രാജ് ശർമ പറഞ്ഞു. കമ്മീഷന്റെ കണ്ടെത്തൽ സംബന്ധിച്ച് ഒന്നും വെളിപ്പെടുത്തില്ലെന്നും റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നാണ് ഗ്യാൻവാപി മസ്ജിദ്. മുഗൾ ഭരണാധികാരി ഔറംഗബീസ് ആണ് പള്ളി നിർമ്മിച്ചത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്താണ് പള്ളി നിർമ്മിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

പള്ളിയുടെ പുറംമതിലിൽ വിഗ്രഹങ്ങളുണ്ടെന്നും അവിടെ പ്രാർത്ഥന നടത്താൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള അഞ്ച് സ്ത്രീകളാണ് വാരണാസി കോടതിയെ സമീപിച്ചത്. തുടർന്നാണ് കോടതി സർവ്വെയ്ക്ക് ഉത്തരവിട്ടത്. ആദ്യം മസ്ജിദ് കമ്മിറ്റി ഇതിനെ എതിർത്തിരുന്നു. കോടതി നിയോഗിച്ച കമ്മീഷനിലെ അഭിഭാഷകരെ മാറ്റണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. പകരം രണ്ട് അഭിഭാഷകരെ കൂടി അധികമായി ഉൾപ്പെടുത്തി. ശേഷമാണ് ശനിയാഴ്ച മുതൽ സർവ്വെ തുടങ്ങിയതും ഇന്ന് അവസാനിപ്പിച്ചതും.

വാരണാസി കോടതിയിൽ പള്ളിക്കെതിരെ സമർപ്പിച്ച ഹർജി റദ്ദാക്കണമെന്നാണ് ഇവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സർവ്വെ തടയണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രീംകോടതിയിലുമുണ്ട്. ഇതിൽ തീരുമാനം വരുന്നതിന് മുമ്പ് തന്നെ സർവ്വെ പൂർത്തിയായി കഴിഞ്ഞു.

ഗ്യാൻവാപി മസ്ജിദിൽ സർവ്വെ നടത്തിയ പോലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലും സർവ്വെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സമർപ്പിച്ച ഹർജി മഥുര കോടതിയുടെ പരിഗണനയിലാണ്. കൃഷ്ണൻ ജനിച്ച ഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളിയുള്ളത് എന്നാണ് ഇവരുടെ വാദം. ആഗ്രയിലെ താജ്മഹലിൽ ബിംബങ്ങളുണ്ടെന്നും അടച്ചിട്ടിരിക്കുന്ന 22 മുറികൾ തുറന്ന് പരിശോദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ബിജെപി നേതാവിന്റെ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.