- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസിക സമ്മർദങ്ങളെ അതിജീവിച്ച് തിരിച്ചുവരവ്; ജിംനാസ്റ്റിക്സിൽ നാല് ഇനങ്ങളിൽ നിന്നും പിന്മാറ്റത്തിന് ശേഷം ബാലൻസ് ബീമിൽ മാറ്റ് തെളിയിച്ച് വീണ്ടും സിമോണ ബൈൽസ്; മത്സരരംഗത്തേക്കുള്ള മടക്കത്തിൽ സ്വർണത്തിളക്കമുള്ള വെങ്കല മെഡൽ
ടോക്കിയോ: ഒളിംപിക്സിൽ കടുത്ത മാനസിക സമ്മർദങ്ങളെ അതിജീവിച്ച് മത്സര രംഗത്തേക്കുള്ള തിരിച്ചുവരവിൽ അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസിന് സ്വർണത്തോളം പോന്നൊരു വെങ്കല മെഡൽ. ബാലൻസ് ബീം ഇനത്തിലാണ് താരം മെഡൽ കരസ്ഥമാക്കിയത്.
ടോക്യോയിൽ ബൈൽസിന്റെ രണ്ടാം മെഡലാണിത്. ചൈനീസ് താരങ്ങൾ സ്വർണവും വെള്ളിയും നേടി. മാനസിക സമ്മർദങ്ങളെ തുടർന്ന് ബൈൽസ് നേരത്തെ നാലിനങ്ങളിൽ നിന്ന് പിന്മാറിയിരുന്നു.
ടോക്യോയിലെ ജിംനാസ്റ്റിക്സിൽ ഏറ്റവും അവസാന മത്സര ഇനങ്ങളിലൊന്നായ ബാലൻസിങ് ബീമിൽ മത്സരിക്കാൻ ബൈൽസ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ തന്നെ അമേരിക്കൻ ടീം അധികൃതർ സമർപ്പിച്ച സ്റ്റാർട്ട് ലിസ്റ്റിൽ സിമോണ ബൈൽസിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ മറ്റ് വിഭാഗങ്ങളിലെന്ന പോലെ ഇതിൽ നിന്നും ബൈൽസ് പിന്മാറുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാൽ ആ സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തി ബൈൽസ് മത്സരിക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
14.00 പോയിന്റുകലാണ് ബൈൽസ് ഇന്ന് നേടിയത്. 14.633 പോയിന്റോടെ ചൈനയുടെ ചെൻചെൻ ഗുവാൻ സ്വർണവും 14.233 പോയിന്റോടെ ചൈനയുടെ തന്നെ ഷീജിങ് ടാങ് വെള്ളിയും സ്വന്തമാക്കി.
ചരിത്രത്തിലെ ഏറ്റവും മികച്ച ജിംനാസ്റ്റായാണ് സിമോൺ ബൈൽസ് വിശേഷിപ്പിക്കപ്പെടുന്നത്. ലോക ചാമ്പ്യൻഷിപ്പിലും ഒളിംപിക്സിലുമായി 30 മെഡലുകൾ നേടിയ താരത്തിന് എന്നാൽ ടോക്കിയോയിലെത്തിയപ്പോൾ മാനസിക സമ്മർദത്തിൽ കാലിടറി.
മാനസിക സമ്മർദത്തിന് അടിമപ്പെട്ടു എന്ന് തുറന്നുപറഞ്ഞ താരം നാലിനങ്ങളിൽ നിന്ന് പിന്മാറിയിരുന്നു. ഒടുവിൽ ബാലൻസ് ബീം ഇനത്തിൽ നിന്നും ബൈൽസ് പിന്മാറിയേക്കും എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അവസാന നിമിഷം ഒളിംപിക്സ് പ്രേമികളെ ആവേശത്തിലാക്കി താരം മത്സരിക്കാനിറങ്ങി.
എന്നാൽ ടോക്കിയോ ഒളിംപിക്സിലെ അവസാന ജിംനാസ്റ്റിക് ഇനത്തിൽ മത്സരിച്ച് വെങ്കലവുമായി മടങ്ങുമ്പോൾ അത് സിമോൺ ബൈൽസിന്റെ കരിയറിലെ ഏറ്റവും മികച്ച മെഡലാവുകയാണ്. 2016ലെ റിയോ ഒളിംപിക്സിൽ നാല് സ്വർണവും ഒരു വെങ്കലവും നേടിയ താരമാണ് ബൈൽസ്.
ഇക്കുറി ആറ് സ്വർണ മെഡലുകൾ സ്വപ്നം കണ്ട് ടോക്കിയോയിലെത്തിയ താരത്തിന് തിരിച്ചുവരവിലെ വെങ്കലശോഭയിൽ തലയുയർത്തി മടങ്ങാം. കായികലോകത്തിന് അതിജീവനത്തിന്റെ വലിയ പാഠം കൂടി സിമോൺ ബൈൽസ് നൽകുകയാണ്.
സ്പോർട്സ് ഡെസ്ക്