കായിക സംസ്‌കാരത്തിന്റെ ആരംഭകാലം മുതൽ മെയ്‌വഴക്കത്തിന് പ്രാധാന്യമുണ്ട്. ആധുനിക ഒളിമ്പിക്‌സിന്റെ തുടക്കം മുതൽ ജിംനാസ്റ്റിക്‌സ് അതുകൊണ്ടുതന്നെ മത്സരയിനമാണ്. മനുഷ്യശരീരം ഈവിധത്തിൽ എങ്ങനെ വഴങ്ങുന്നുവെന്ന് അത്ഭുതപ്പെടുത്തുന്നതാണ് ഒളിമ്പിക് ജിംനാസ്റ്റിക്‌സിലെ ഓരോ നിമിഷവും. 

ഹൊറിസോണ്ടൽ ബാർ, വോൾട്ട്, റിങ്‌സ് തുടങ്ങിയ ജിംനാസ്റ്റിക്‌സിന്റെ വിവിധ തലങ്ങളിൽ താരങ്ങൾ പ്രകടിപ്പിക്കുന്ന അത്ഭുതാവഹമായ കാഴ്ചകൾ ഇത് മനുഷ്യർ തന്നെയാണോ എന്ന സംശയമാകും പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്. നേർത്ത നൂൽപ്പാലത്തിലൂടെയുള്ള അഭ്യാസ പ്രകടനങ്ങളാണെന്നതുകൊണ്ടുതന്നെ ജിംനാസ്റ്റിക്്സ് വേദിയിൽ അപകടങ്ങൾക്കും പഞ്ഞമില്ല.

ഫ്രാൻസിന്റെ ജിംനാസ്റ്റിക്‌സ് താരം സമീർ അയ്ത് സെയ്ദിന്റെ കാൽ വീഴ്ചയ്ക്കിടെ ഒടിഞ്ഞുതൂങ്ങിയത് ഞെട്ടിക്കുന്ന കാഴ്ചയായി. 2013-ലെ യൂറോപ്യൻ ചാമ്പ്യനായ സമീർ റിയോയിൽ വോൾട്ട് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇതേത്തുടർന്ന് ഫ്രഞ്ച് ടീം ഒന്നടങ്കം മത്സരത്തിൽനിന്ന് പിന്മാറുകയും ചെയ്തു.

ബ്രിട്ടന്റെ ടീമിൽ അംഗമായ എമിലി ഡൗണിക്കും മത്സരത്തിനിടെ പരിക്കേറ്റു. കഴുത്തിനാണ് എമിലിക്ക് പരിക്കേറ്റത്. വൈദ്യസഹായം സ്വീകരിച്ചശേഷം തിരികെ മത്സരിക്കാനെത്തിയ എമിലി മികച്ച പ്രകടനം കാഴ്ചവെക്കുകയും ബ്രിട്ടീഷ് ടീം ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.


ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് മെയ്‌വഴക്കത്തിന്റെയും അഭ്യാസത്തിന്റെയും പ്രകടനമായ ജിംനാസ്റ്റിക്‌സിൽ മുന്നിട്ടുനിൽക്കുന്നത്. അമേരിക്കയും ബ്രസീലുമൊക്കെ ഇതേ പാതയിൽ മുന്നേറുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ആദ്യമായി ജിംനാസ്റ്റിക്‌സിന് യോഗ്യത നേടിയ ദീപ കർമാകറും കാണികളുടെ കൈയടി നേടി.