വാഷിങ്ടൺ: യുഎസിലെ പെർമനന്റ് റെസിഡൻസി അല്ലെങ്കിൽ ഗ്രീൻകാർഡ് ക്ലിയറിങ് കഴിഞ്ഞിരിക്കുന്ന എച്ച്-1ബി വിസ ഉടമകളുടെ ഭാര്യമാർക്ക് അഥവാ എച്ച് 4 ഉടമകൾക്ക് ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നു വർക്ക് പെർമിറ്റ് റദ്ദാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത് വൻ വിവാദമാണുയർത്തിയിരുന്നത്. എന്നാൽ ഈ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം അറിയാൻ ട്രംപ് സർക്കാർ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.അനേകം ഇന്ത്യക്കാരെ പെരുവഴിയിലാക്കിയ തീരുമാനത്തെ മറികടക്കാൻ ഏവരും വോട്ട് ചെയ്യണമെന്ന ആഹ്വാനം ശക്തമായിട്ടുണ്ട്.

ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് നിലപാടറിയിക്കാൻ അവസരമേകുമെന്നാണ് ട്രംപ് ഭരണകൂടം ലോമേക്കർമാർക്കും അമേരിക്കൻ കോർപറേറ്റ് സെക്ടറിനും ഉറപ്പേകിയിരിക്കുന്നത്. ഈ വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള നീക്കത്തിൽ ലോമെയ്‌ക്കർമാർ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തിയതിനെ തുടർന്നാണ് ട്രംപ് സർക്കാർ ഈ ഉറപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. എച്ച് 4 എംപ്ലോയ്മെന്റ് അഥോറൈസേഷൻ ഡോക്യുമെന്റ് റദ്ദാക്കാൻ ട്രംപ് ഭരണകൂടം മൂന്ന് മാസത്തേക്ക് തീരുമാനിച്ചുവെന്ന് സെപ്റ്റംബറിലായിരുന്നു യുഎസ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് സർവീസസ് കോടതിയിൽ ബോധിപ്പിച്ചിരുന്നത്.

എച്ച്-4 നോൺ ഇമിഗ്രന്റുകൾക്കുള്ള എംപ്ലോയ്മെന്റ് അഥോറൈസേഷൻ റദ്ദാക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ പൊതുജനത്തിന് അവസരമേകുമെന്നാണ് യുഎസ് സിഐഎസ് ഡയറക്ടറായ എൽ ഫ്രാൻസിസ് സിസ്ന ഡെമോക്രാറ്റിക് സെനറ്റർമാർക്ക് ഉറപ്പേകിയിരിക്കുന്നത്. ട്രംപ് ഭരണകൂടം ഈ വർക്ക് പെർമിറ്റ് റദ്ദാക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഒരു ലക്ഷത്തോളം വരുന്ന ഹൈ സ്‌കിൽഡ് സ്ത്രീകൾക്ക് തങ്ങളുടെ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു സംജാതമായതെന്നാണ് സെനറ്റമാർമാർ ആശങ്കപ്പെട്ടിരുന്നത്. ഇതിനെ തുടർന്ന് ഇവരുടെ കുടുംബജീവിതം അവതാളത്തിലാകുമെന്നും സെനറ്റർമാർ മുന്നറിയിപ്പേകിയിരുന്നു.

എച്ച്4 നിയമത്തിൽ വരുത്തുന്ന മാറ്റം സൗത്ത് ഏഷ്യൻ സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതാണെന്നും സെനറ്റർമാർ ആരോപിച്ചിരുന്നു. ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിലെ 130ൽ അധികം അംഗങ്ങൾ ഒരു സംയുക്ത കത്തിലൂടെ ഇതിന് മുമ്പും ഇത്തരം ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഡെമോക്രാറ്റായ പ്രമീള ജയ്പാലായിരുന്നു ഈ കത്തിന് നേതൃത്വം നൽകിയിരുന്നത്. നിയമമാറ്റത്തെ തുടർന്ന് പതിനായിരക്കണക്കിന് ഇന്ത്യൻ വനിതാ പ്രഫഷണലുകളായിരുന്നു യുഎസിൽ നിന്നും കെട്ട് കെട്ടൽ ഭീഷണി നേരിടേണ്ടി വന്നിരുന്നത്.