വാഷിങ്ടൺ: ഇന്ത്യക്കാരുടെ സ്വപ്‌നത്തിന്റെ കടയ്ക്കൽ കത്തി വെച്ച് എച്ച്-4 വിസ നിർത്തലാക്കാനുള്ള തീരുമാനം മൂന്ന് മാസത്തിനുള്ളിൽ നിലവിൽ വരുമെന്ന് അമേരിക്കൻ സർക്കാർ കോടതിയെ അറിയിച്ചു. എച്ച് 1 ബി വിസക്കാരുടെ ജീവിത പങ്കാളിക്ക് ജോലി ചെയ്യാനുള്ള അവസരമാണ് ഇതോടെ അവസാനിക്കുന്നത്. കൊളംബിയ ജില്ലാ കോടതിയിലാണ് ഹോംലാൻഡ് സെക്യൂരിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

പതിനായിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന പരിഷ്‌കാരമാണിത്. 2015 മുതലാണ് എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികൾക്ക് എച്ച്-4 വിസയിൽ തൊഴിൽ ചെയ്യാൻ അവസരം നൽകിത്തുടങ്ങിയത്. ഇതുവരെ എഴുപതിനായിരത്തിലേറെപ്പേർ എച്ച്-4 വിസയിൽ തൊഴിൽ ചെയ്തുവരുന്നുണ്ട്. ഇതിൽ 90 ശതമാനവും ഇന്ത്യക്കാരാണെന്ന് യു.എസ്. കുടിയേറ്റ നയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നു. ഇതിൽ 94 ശതമാനം സ്ത്രീകളാണ്.

എച്ച് 4 വിസ നിർത്തലാക്കുന്നതിനായുള്ള തീരുമാനം ജൂണിൽ പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള ഔദ്യോഗിക നടപടികൾ അതേ മാസംതന്നെ ആരംഭിക്കുമെന്നും യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗം മാർച്ചിൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ജൂണിൽ ആഭ്യന്തര സുരക്ഷാവിഭാഗം തീരുമാനമറിയിക്കുകയോ അതിൽ വിശദീകരണം നൽകുകയോ ചെയ്തിട്ടില്ല. രണ്ടാം തവണയാണ് എച്ച് 4 വിസ സംബന്ധിച്ച തീരുമാനമറിയിക്കുന്നതിൽ ട്രംപ് ഭരണകൂടം വീഴ്ച വരുത്തുന്നത്. നേരത്തേ ഫെബ്രുവരിയിൽ തീരുമാനമറിയിക്കണമെന്ന യു.എസ്. ഫെഡറൽ കോടതിയുടെ നിർദേശവും ഭരണകൂടം പാലിച്ചിട്ടില്ല.