വിദഗ്ധ തൊഴിലാളികൾക്കുള്ള എച്ച്1ബി വിസയിൽ അമേരിക്കയിലെത്തിയവരുടെ പങ്കാളികൾ അവിടെ ജോലി തേടുന്നത് തടയാനുള്ള നിയമനിർമ്മാണം യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ജൂൺവരെ നിർത്തിവെച്ചു. ഫെബ്രുവരിയിൽ ബില്ലിന്റെ കരട് സമർപ്പിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോഴത് ജൂൺവരെ നീട്ടിയിട്ടുണ്ട്. ഇത് നിയമമായി നടപ്പിലാകാൻ ഒരുവർഷമെങ്കിലും വേണ്ടിവന്നേക്കും.

ഇന്ത്യക്കാർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. എച്ച്1ബി വിസയിൽ അമേരിക്കയിലെത്തുന്നവരിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്. എച്ച്1ബി വിസക്കാരുടെ ആശ്രിതർക്ക് ജോലി നൽകാമെന്ന തീരുമാനം 2015 മെയ് മാസത്തിൽ നിലവിൽ വന്നശേഷം ഒരുലക്ഷത്തിലേറെപ്പേർ ജോലിയിൽ പ്രവേശിച്ചുവെന്നാണ് കണക്ക്. ഇതിലേറെയും ഇന്ത്യക്കാരായ എച്ച്1ബി വിസക്കാരുടെ ഭാര്യമാരോ ആശ്രിതരോ ആണ്.

തൊഴിലിന് അംഗീകാരം തേടി ഓരോവർഷവും 30,000-ലേറെ അപേക്ഷകൾ ഡിപ്പാർട്ട്‌മെൻര് ാേഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് പരിഗണിക്കേണ്ടിവരുന്നുണ്ട്. അംഗീകാരം പുതുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ വേറെയും. ഇത്തരം അംഗീകാരം നൽകൽ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് എച്ച്1ബി വിസക്കാരുടെ ആശ്രിതർ ജോലി നേടുന്നത് വിലക്കിക്കൊണ്ട് നിയമനിർമ്മാണം നടത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.

ഈ നിർദ്ദേശം എന്നത്തേക്ക് നിയമമാകുമെന്ന് ഇപ്പോൾ വ്യക്തമല്ല. ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളുടെയും മറ്റും ഭാര്യമാരാണ് എച്ച്1ബി വിസക്കാരുടെ ആശ്രിതർക്കുള്ള ആനുകൂല്യം മുതലാക്കി ജോലി കണ്ടെത്തുകയും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുകയും ചെയ്തത്. ഇവർക്കാണ് തീരുമാനം തിരിച്ചടിയാവുക. നിർദ്ദേശം നിയമമാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം കേൾക്കുമെന്നും അതിനുശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്നുമാണ് സൂചന.

എച്ച്1ബി വിസക്കാരുടെ പങ്കാളികൾക്ക് എച്ച്4 വിസയാണ് ലഭിക്കുക. ഇവർക്ക് എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെവ്#റ് ലഭിക്കുന്നതുവരെ ജോലിയിൽ പ്രവേശിക്കാനോ സ്വന്തമായി ബിസിനസ് തുടങ്ങാനോ പാടില്ല. എച്ച്1ബി വിസ ഉടമയായയാൾക്ക് ഗ്രീൻകാർഡ് ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ മാത്രമേ, എച്ച്4 വിസക്കാരായ പങ്കാളികൾക്ക് ഈ ഡോക്യുമെന്റ് ലഭിക്കുകയുള്ളൂ. എച്ച്1ബി വിസ കാലാവധി ആറുവർഷത്തിനുമേൽ നീട്ടിക്കിട്ടുകയോ ഗ്രീൻ കാർഡിനുള്ള അപേക്ഷ അംഗീകരിക്കുകയോ ചെയ്തിട്ടുള്ളവരുടെ പങ്കാളികൽക്ക് മാത്രമേ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് ലഭിക്കൂ.

നിലവിലപ്പോഴും എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിനായുള്ള അപേക്ഷകൾ ഹോംലാൻഡ് സെക്യൂരിറ്റി സ്വീകരിക്കുന്നുണ്ട്.സാധാരണ നിലയിൽ ഡോക്യുമെന്റിനുള്ള അപേക്ഷ അംഗീകരിച്ച് കിട്ടുന്നതിന് 90 ദിവസമാണ് വേണ്ടത്. ഡോക്യുമെന്റ് ലഭിക്കുന്നത് ജോലി ചെയ്യാനുള്ള അവകാശം കിട്ടുന്നതിനേക്കാൾ പ്രധാനമാണ്. സോഷ്യൽ സെക്യൂരിറ്റി നമ്പരും ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സ്വാതന്ത്ര്യവും ഇതോടെ ഡോക്യുമെന്റ് കിട്ടുന്നയാൾക്ക് ലഭിക്കും.