വാഷിങ്ടൻ: അമേരിക്കയിലേക്ക് കുടിയേറുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ പ്രധാനമായും ആശ്രയിക്കുന്ന വിസയാണ് എച്ച് വൺബി വിസ. ഈ വിസയിൽ എത്തി ജോലി ചെയ്യുന്ന നിരവധി മലയാളികളാണ് അമേരിക്കയിൽ ഉള്ളത്. ഇവരുടെ പങ്കാളികൾക്കും ജോലി ചെയ്യാമെന്നതായിരുന്നു ഈ വിസക്കാർക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ ഗുണം. ഈ നിയമം പൊളിച്ചെഴുതാൻ ഒരുങ്ങുകയാണ് ട്രംപ് ഭരണകൂടം.

എച്ച് 1ബി വീസയിൽ ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിക്കും യുഎസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന ഈ നിയമം നിർത്തലാക്കാനാണ് ഒരുങ്ങുന്നത്. മുൻ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന ഈ നിയമം റദ്ദാക്കുന്നതോടെ ഇന്ത്യക്കാരടക്കമുള്ളവർക്ക് തിരിച്ചടിയാകും. നിർദിഷ്ട വിദ്യാഭ്യാസ യോഗ്യതകളുള്ള എച്ച് 1ബി വീസ ഉടമകളുടെ ജീവിതപങ്കാളിക്ക് എച്ച് 4 ആശ്രിതവീസയിൽ ജോലി ചെയ്യാനുള്ള അവസരമായിരുന്നു 2015 ൽ ഒബാമ ഭരണകൂടം കൊണ്ടുവന്ന നിയമത്തിലൂടെ സാധ്യമായിരുന്നു. ഇതോടെ നാട്ടിലുള്ള പങ്കാളികളും ജോലി തേടി അമേരിക്കയിൽ എത്തി. ട്രംപ് ഭരണ കൂടം ഈ നിയമം എടുത്തു കളഞ്ഞാൽ അത് കുടിയേറ്റക്കാർക്ക് ദുഷ്‌ക്കരമായി മാറും.

2016ൽ എച്ച് 4 ആശ്രിതവീസയുള്ള 41,000 പേർക്ക് യുഎസിൽ ജോലിക്ക് അനുമതി നൽകിയിരുന്നു. ഈ വർഷം ജൂൺ വരെ 36,000 എച്ച് 4 വീസക്കാർക്കാണ് ജോലിക്ക് അനുമതി നൽകിയത്. എച്ച് 1ബി വീസയിലൂടെ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും ഒട്ടേറെപ്പേരാണ് യുഎസിൽ ജോലി ചെയ്യുന്നത്. അമേരിക്കൻ പൗരന്മാർക്ക് പ്രാഥമിക പരിഗണന നൽകുന്ന ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

എച്ച് 1ബി, എൽ1 വീസകൾക്കു ശമ്പളപരിധി ഇരട്ടിയിലേറെയായി ഉയർത്തുന്നതിനു പുറമേ തൊഴിൽവീസയിലെത്തുന്നവരുടെ പങ്കാളികൾക്കു തൊഴിൽ കാർഡുകൾ നൽകുന്നതും നിർത്തലാക്കി ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. വിദേശ വിദ്യാർത്ഥികൾക്കു പഠനം പൂർത്തിയാക്കിയശേഷം തൊഴിൽപരിശീലനത്തിനായി കൂടുതൽ കാലം യുഎസിൽ ചെലവഴിക്കാനുള്ള അനുമതിയും റദ്ദാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു.

ഐടി കമ്പനികൾ പ്രതിവർഷം പതിനായിരക്കണക്കിനു തൊഴിലാളികളെ നിയമിക്കാൻ ആശ്രയിക്കുന്നത് എച്ച്1ബി വീസകളാണ്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ വിദേശ തൊഴിലാളികളെ നിശ്ചിതകാലത്തേക്കു നിയമിക്കാൻ അനുവദിക്കുന്നതാണു എച്ച് 1ബി വീസ.