ലണ്ടൻ: എൻഎച്ച്എസിന് അടുത്ത വെല്ലുവിളിയായി ഓസ്‌ട്രേലിയൻ പനി ഈ വിന്ററിൽ ബ്രിട്ടനിലേക്ക് എത്തുന്നുവെന്ന് കടുത്ത മുന്നറിയിപ്പ്. 1968ൽ പത്ത് ലക്ഷം പേരുടെ ജീവനെടുത്ത ഹോംഗ്‌കോംഗ് പനിയെ കടുത്തി വെട്ടുന്ന പനിയാണിതെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള പിനി ഓസ്‌ട്രേലിയയിൽ ഒരു ലക്ഷത്തോളം പേർക്ക് ബാധിക്കുകയും അവിടുത്തെ ആരോഗ്യ സർവീസ് ഇതിനെ നേരിടാൻ പാടുപെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ പനി ബ്രിട്ടനെയും വേട്ടയാടാനെത്തുമെന്നാണ് നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ പബ്ലിക്ക് ഹെൽത്ത് എക്‌സ്പർട്ടായ പ്രഫ. റോബർട്ട് ഡിങ് വാൾ വെളിപ്പെടുത്തുന്നത്.

ഓസ്‌ട്രേലിയയിൽ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ പബ്ലിക്ക് ഹെൽത്ത് ഒഫീഷ്യലുകൾ ഇതിനെ നേരിടുന്നതിനായി ഇപ്പോൾ തന്നെ അടിയന്തിര പദ്ധതി ആസൂത്രണങ്ങൾ നിർബന്ധമായും നടത്തേണ്ടിയിരിക്കുന്നുവെന്നും ഡിൻഗ് വാൾ മുന്നറിയിപ്പേകുന്നു. അതായത് ഈ പനി ബാധിച്ചവർക്ക് കൂടുതൽ ഹോസ്പിറ്റൽ ബെഡുകൾ ലഭ്യമാണെന്ന് ഇപ്പോൾ തന്നെ ഉറപ്പ് വരുത്തിയേ മതിയാവൂ എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ജനത്തിന് ഇപ്പോൾ തന്നെ മുന്നറിയിപ്പ് കൊടുക്കുകയും വേണം. വർഷം തോറും ഏതാണ്ട് 3000ത്തോളം ഓസ്‌ട്രേലിയക്കാരാണ് ഈ പനി ബാധിച്ച് മരണമടയുന്നത്.

ഇപ്രാവശ്യം സാധാരണത്തേതിൽ നിന്നും രണ്ടര ഇരട്ടിയിലധികമാണ് ഈ പനി ഓസ്‌ട്രേലിയയിൽ ബാധിച്ചിരിക്കുന്നത്.ഈ വർഷവും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ സംവിധാനം താറുമാറായ പ്രായമായവരെയാണ് ഈ പനി കൂടുതലായി ബാധിച്ച് അപകടം വരുത്തുന്നത്. വിക്ടോറിയയിലെ ഒരു കെയർഹോമിൽ എട്ട് പേരാണ് ഈ പനി ബാധിച്ച് മരിച്ചിരിക്കുന്നത്. അഞ്ച് മുതൽ ഒമ്പത് വയസ് വരെയുള്ള കുട്ടികളെയും ഈ പനി കൂടുതലായി ബാധിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയയിൽ നിന്നുമുള്ള കണക്കുകൾ വെളിപ്പെടുത്തുന്നു.

നിലവിലുള്ള വാക്‌സിൻ എച്ച്3എൻ2വിനെ നേരിടാൻ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞന്മാർ ആശങ്കപ്പെടുന്നത്. മാർച്ചിലായിരുന്നു ഇതിനെ നേരിടുന്നതിനുള്ള വാക്‌സിൻ നിർമ്മിച്ചത്. വാക്‌സിൻ ഇതിനെ നേരിടാൻ ഫലപ്രദമല്ലാത്തതിനാലാണ് ഓസ്‌ട്രേലിയയിൽ പനി പടർന്ന് പിടിക്കാൻ കാരണമായതെന്ന് ചില ശാസ്ത്രജ്ഞന്മാർ ആരോപിച്ചിരുന്നു. യുകെയിലും ഇതിനായുള്ള വാക്‌സിന് ഫലപ്രദമല്ലെന്ന ആശങ്കയും ശക്തമാണ്. ഈ പനി ഗുരുതരമായാൽ അത് ന്യൂമോണിയ ആയി മാറാൻ സാധ്യതയേറെയാണ്. കൂടാതെ ഹൃദയം, മസ്തിഷ്‌കം, വൃക്കകൾ തുടങ്ങിയവയുടെ പ്രവർത്തനത്തിലും തകരാറുണ്ടാക്കി ഗുരുതരാവസ്ഥയിലാക്കാനും ഈ പനിക്ക് കഴിവുണ്ട്.

65 വയസിന് മേൽ പ്രായമുള്ളവർക്കാണ് ഈ പനി കൂടുതൽ അപകടസാധ്യതയുണ്ടാക്കുന്നത്. ലോംഗ് സ്‌റ്റേ റെസിഡെൻഷ്യൽ കെയർ ഹോമുകളിൽ താമസിക്കുന്നവർ , ഗർഭിണികൾ തുടങ്ങിയവരും ശ്രദ്ധിക്കേണ്ടതാണ്. ആറ് മാസം പ്രായമുള്ളവർ മുതൽ 65 വയസ് വരെയുള്ളവർക്ക് വാക്‌സിൻ നൽകാവുന്നതാണ്. എന്നാൽ പ്രമേഹം ബാധിച്ചവർ വാക്‌സിനെടുക്കുമ്പോൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ ജിപി സർജറി വഴി വാക്‌സിൻ ലഭിക്കുന്നതാണ്.