നിങ്ങൾ പേഴ്‌സണൽ കമ്പ്യൂട്ടറിൽ കാണുന്ന നീലച്ചിത്രങ്ങളും നടത്തുന്ന സെക്‌സ് ചാറ്റുകളും മറ്റൊരാൾ റെക്കോഡ് ചെയ്യുന്നുണ്ടെങ്കിൽ എന്താവും സ്ഥിതി? ഇന്ത്യയിലെ കമ്പ്യൂട്ടർ ഉപഭോക്താക്കൾ അതത്തരമൊരു ആശങ്കയിലാണിപ്പോൾ. പേഴ്‌സണൽ കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് ഹാക്ക് ചെയ്ത് നുഴഞ്ഞുകയറുന്ന സൈബർ ക്രിമിനലുകൾ, അതുപയോഗിച്ച് വിലപേശി ലക്ഷങ്ങൾ തട്ടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണിപ്പോൾ. ഈ ഭീഷണി വ്യാജമാണെന്നും ഇതിന് വഴങ്ങരുതെന്നുമാണ് സൈബർ വിദഗ്ധരുടെ മുുന്നറിയിപ്പ്.

നീലച്ചിത്രം കണ്ടുകൊണ്ടുള്ള നിങ്ങളുടെ ചേഷ്ടകൾ കമ്പ്യൂട്ടറിന്റെ ക്യാമറ ഉപയോഗിച്ച് പകർത്തുകയും ഇത്തരം ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യുകയുമാണ് ഹാക്കർമാർ ചെയ്യുന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്ത് നിങ്ങളെ നാണംകെടുത്തുമെന്ന ഭീഷണിക്ക് വശംവദരായി അവരാവശ്യപ്പെടുന്ന തുക നൽകാൻ പലരും തയ്യാറാകുന്നതായും റിപ്പോർട്ടുണ്ട്.

എന്നാൽ, ഇത്തരം ഭീഷണി സന്ദേശങ്ങളെ മുഖവിലയ്‌ക്കെടുക്കേണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. സാധാരണ നിലയിൽ, മറ്റൊരു പേഴ്‌സണൽ കമ്പ്യൂട്ടറിലേക്ക് കടന്നുകയറുകയും അതിന്റെ വെബ്ക്യാം നിയന്ത്രിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യാനാവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷേ, ഇത്തരത്തിലുള്ള ഇമെയിൽ സന്ദേശങ്ങൾ വരുമ്പോൾ, ്അധികം പേരും റിസ്‌കെടുക്കാൻ നിൽക്കാതെ, ഭീഷണിപ്പെടുത്തുന്നവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പെരുമാറുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.

മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഹാക്ക് ചെയ്‌തെന്നും നിങ്ങളുടെ ചെയ്തികൾ റെക്കോഡ് ചെയ്തുവെന്നും കാണിച്ചാണ് ഇ-മെയിൽ സന്ദേശങ്ങൾ വരിക. മെസ്സേജുകൾ, കോൺടാക്ടുകൾ തുടങ്ങി ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്തിയതായും ഭീഷണിയിലുണ്ടാകും. ഇതോടെ ഭീഷണി സത്യമാണെന്ന് ധരിച്ച് ബിറ്റോകോയിനിൽ അവരാവശ്യപ്പെട്ട തുക നൽകും. 21,544 രൂപ ഇത്തരത്തിൽ പണം അടച്ചവരുണ്ട്. ഇവർ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാവുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത്തരമൊരു സൈബർ ആക്രമണം നടന്നിട്ടില്ലെന്നും ഇ-മെയിൽ ഭീഷണി വ്യാജമാണെന്നും കണ്ടെത്തി. ആളുകളുടെ മനഃശാസ്ത്രം മനസ്സിലാക്കി അയക്കുന്ന സന്ദേശം മാത്രമാണത്. ആയിരത്തിലൊരാൾ ഭീഷണി സത്യമാണെന്ന് ധരിച്ച് പണം നൽകിയാലും ക്രിമിനലുകൾ ഉദ്ദേശിച്ച കാര്യം നടന്നുവെന്ന് സൈബർ കുറ്റകൃത്യങ്ങൾ അപഗ്രഥിക്കുന്ന അമിത് ദുബെ പറഞ്ഞു. വവൈറസ് ആക്രമണത്തിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വെബ്ക്യാം നിയന്ത്രണം ഏറ്റെടുക്കാൻ ആർക്കുമാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് തരുന്നു.