ക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പാക്കിസ്ഥാൻകാരായ സൈബർ ക്രിമിനലുകൾ ചോർത്തിയതായി സംശയം ബലപ്പെട്ടു. ചോർത്തപ്പെട്ട കാർഡുടമകളുടെ സിവിവി നമ്പരും ഫോൺനമ്പറും ഇ-മെയിലുമടക്കമുള്ള വിവരങ്ങൾ 500 രൂപ കൊടുത്താൽ വ്യാജമായി നിർമ്മിച്ചുനൽകുന്ന സംഘം ഗൂഢമായി പ്രവർത്തിക്കുന്നുണ്ടെന്ന് മധ്യപ്രദേശ് പൊലീസ് കണ്ടെത്തിയതോടെയാണിത്.

ഇൻഡോറിൽ ഇത്തരമൊരു സംഘം പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. ഇവരുടെ തലവൻ ലാഹോറിൽ താമസിക്കുന്ന പാക് പൗരനാണെന്ന് വ്യക്തമായതോടെയാണ് പാക്കിസ്ഥാൻ ബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടത്. ഇൻഡോറുകാരിയായ ഒരു വ്യവസായ പ്രമുഖയുടെ വ്യാജ കാർഡ് കിട്ടാനെന്ന പേരിൽ സംഘത്തെ സമീപിച്ച അന്വേഷണോദ്യോഗസ്ഥനാണ് ഈ സംഘത്തെ പിടികൂടാൻ വഴിതുറന്നത്. ബിറ്റ്‌കോയിൻ വഴിയാണ് ഇവരുടെ ഇടപാടുകളെന്നും വ്യക്തമായി.

ഓഗസ്റ്റ് 28-ന് തന്റെ അക്കൗണ്ടിൽനിന്ന് 72,401 രൂപ തട്ടിച്ചതായി ജയ്കിഷൻ ഗുപ്തയെന്ന ബാങ്കുദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ജയ്കിഷൻ ഗുപ്തയുടെ കാർഡുപയോഗിച്ച് മുംബൈയിൽ താമസിക്കുന്ന രാജ്കുമാർ പിള്ളയ്ക്ക് വിമാനടിക്കറ്റുകൾ വാങ്ങിയതായി പൊലീസ് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ രാജ്കുമാർ പിള്ളയെയും സഹായിയായ രാംപ്രസാദ് നാടാരെയും പൊലീസ് അറസ്റ്റ് ചെയ്തു.

അമേരിക്കൻ ഐടി കമ്പനിയായ കോഗ്നിസന്റിലും എച്ച്ഡിഎഫ്‌സി ബാങ്കിലും ജോലി ചെയ്തിരുന്നയാളാണ് രാജ്കുമാർ പിള്ളയെന്ന് മധ്യപ്രദേശ് സൈബർ സെൽ എസ്‌പി. ജിതേന്ദ്ര സിങ് പറഞ്ഞു. ഒടിപി ആവശ്യമില്ലാത്ത അന്താരാഷ്ട്ര വെബ്‌സൈറ്റുകളിലാണ് ഇവർ വ്യാജ കാർഡുകളുപയോഗിച്ച് ഇടപാട് നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോറിൽനടത്തിയ അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്.

അടുത്തകാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഏറെ വ്യാപകമായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽനിന്നും പലരുടെയും അക്കൗണ്ടുകളിൽനിന്ന് പണം ചോർന്ന സംഭവങ്ങളുമുണ്ടായി. വിദേശികളടക്കം സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. വ്യാജ കാർഡുകൾ നിർമ്മിച്ചും ഓൺലൈൻ തട്ടിപ്പുകൾ നടത്തിയുമാണ് ഇവർ അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിച്ചിരുന്നത്. ത്ട്ടിപ്പ് സംഘം വ്യാപകമാകുന്നതായാണ് ഇപ്പോഴത്തെ അറസ്റ്റ് വ്യക്തമാക്കുന്നത്.