റോം: അർമേനിയയിൽ നടന്നത് വംശഹത്യയാണെന്നുള്ള മാർപ്പാപ്പയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് വത്തിക്കാന്റ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ടിഎച്ച്ടി ഹെറാക്കിൾസ് എന്നു സ്വയം വിശേഷിപ്പിച്ച ഹാക്കർ ട്വിറ്ററിലൂടെയാണ് ഇതിന്റെ  ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യം അർമേനിയയിൽ നടത്തിയത് വംശഹത്യയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഫ്രാൻസീസ് മാർപ്പാപ്പ അഭിപ്രായപ്പെട്ടത്.

വംശഹത്യ പരാമർശനം ഒട്ടേറെ വിവാദങ്ങളാണ് ഉയർത്തിവിട്ടിരിക്കുന്നത്. മാർപ്പാപ്പയുടെ പരാമർശത്തിൽ രോഷം പൂണ്ട തുർക്കി അങ്കാരയിലെ വത്തിക്കാൻ അംബാസഡറെ മടക്കി അയയ്ക്കുകയും റോമിൽ നിന്ന് തുർക്കി പ്രതിനിധിയെ തിരിച്ചുവിളിക്കുകയും ചെയ്തിരിക്കുകയാണ്.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയാണ് ഒന്നാം ലോകമഹായുദ്ധകാലത്ത് നടന്ന അർമേനിയൻ കൂട്ടക്കുരുതിയെന്നായിരുന്നു അർമേനിയൻ നരഹത്യയുടെ നൂറാം വാർഷികത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ കുർബാനയുടെ ആരംഭത്തിൽ മാർപ്പാപ്പ അഭിപ്രായപ്പെട്ടത്. അർമേനിയൻ ആരാധനക്രമത്തിലുള്ള കുർബാനയിൽ അർമേനിയൻ സഭാ മേലധ്യക്ഷന്മാരും പങ്കെടുത്തിരുന്നു.

2001 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും അർമേനിയൻ അപ്പസ്‌തോലിക സഭയുടെ പരമാദ്ധ്യക്ഷനായ കെരെകിൻ രണ്ടാമൻ പാത്രിയർക്കീസ് ബാവായും നടത്തിയ സംയുക്ത പ്രഖ്യാപനത്തിൽ ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടായിരുന്നു. 2013 ൽ അർമേനിയൻ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഫ്രാൻസിസ് പാപ്പ ഇതേ പരാമർശം നടത്തിയപ്പോൾ തുർക്കി ശക്തമായി പ്രതിഷേധിച്ചിരുന്നു.