ഹോളിവുഡ്: ജോണി ഡെപ്പിന്റെ പൈറേസ്റ്റ് ഓഫ് ദ കരിബിയൻ സിനിമയ്ക്കും ഹാക്കർമാരുടെ ഭീഷണി. പണം നല്കിയില്ലെങ്കിൽ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്റെ പുറത്തിറങ്ങാനിരിക്കുന്ന അഞ്ചാം ഭാഗം ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുമെന്നാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡിസ്‌നി സുറ്റിഡിയോയ്ക്കാണു ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.

ഡിസ്നി സിഇഒ ബോബ് ഇഗെറാണ് ഭീഷണിയുടെ കാര്യം വെളിപ്പെടുത്തിയത്. തുക ബിറ്റ്കോയിൻ ആയാണ് നൽകേണ്ടതെന്നും അല്ലാത്തപക്ഷം ഇരുപത് മിനിറ്റ് വീതം ദൈർഘ്യമുള്ള അധ്യായങ്ങളായി ചിത്രം റിലീസ് ചെയ്യുമെന്നുമാണ് ഭീഷണി. ലോകം മുഴുവൻ റാൻസംവെയർ ആക്രമണഭീഷണിയിൽ കഴിയുമ്പോഴാണ് ഡിസ്നിയും ഹാക്കർമാരുടെ വലയിലാവുന്നത്.

ഏത് ചിത്രം പുറത്തുവിടുമെന്നാണ് ഭീഷണിയെന്ന് ഇഗർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് പൈറേറ്റ്സ് ഓഫ് ദി കരീബിയൻ: ഡെഡ് മെൻ ടെൽ നോ ടെയ്ൽസ് ആണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോണി ഡെപ്പ് ക്യാപ്റ്റൻ ജാക്ക് സ്പാരോയാവുന്ന പൈറേറ്റ്സ് ഓഫ് കരീബിയൻ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് ഡെഡ് മെൻ ടെൽ നോ ടെയ്ൽസ്. മെയ് 26നാണ് ചിത്രം അമേരിക്കയിൽ റിലീസ് ചെയ്യുന്നത്.

എന്നാൽ, തങ്ങൾ ഹാക്കർമാർ ആവശ്യപ്പെട്ട തുക നൽകാൻ ഒരുക്കമല്ലെന്നും ഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇഗർ പറഞ്ഞു. ചിത്രത്തിന്റെ പ്രിന്റ് എങ്ങിനെയാണ് ഹാക്കർമാരുടെ കൈവശം എത്തിയതെന്ന് വ്യക്തമല്ല. ഡിസ്നിയുടെ ഐ.ടി. നെറ്റ്‌വർക്കിന്റെ സുരക്ഷാസംവിധാനങ്ങൾ തകർത്താണ് അവർ ചിത്രത്തിന്റെ പ്രിന്റ് കൈവശപ്പെടുത്തിയതെന്നാണ് കരുതുന്നത്. അതല്ലെങ്കിൽ സ്റ്റുഡിയോയിലെ ഏതെങ്കിലും ജീവനക്കാരന്റെ ഭാഗത്ത് നിന്നുണ്ടായ കൈയബദ്ധമാവാം പ്രിന്റ് ചോരാൻ കാരണമെന്നും ഒരു അനുമാനമുണ്ട്.