ന്യൂഡൽഹി: മലപ്പുറത്തെ വിവാദമായ മതപരിവർത്തന കേന്ദ്രം സത്യസരണിക്കെതിരെ ആരോപണവുമായി മതംമാറിയ ഹോമിയോ വിദ്യാർത്ഥിനി ഹാദിയയുടെ പിതാവ് അശോകൻ. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം സുപ്രംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിവാഹം അസാധുവാക്കിയതു സംബന്ധിച്ച കേസിലാണ് യുവതിയുടെ അച്ഛൻ സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയത്. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനെതിരെയു ആരോപണം ഉന്നയിട്ടുണ്ട്.

മകളുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും സത്യസരണിയിൽ നിരവധിപ്പേരെ മതം മാറ്റിയിട്ടുണ്ടെന്നും പെൺകുട്ടിയുടെ അച്ഛൻ അശോകൻ സത്യവാങ്മൂലത്തിൽ പറഞ്ഞു. മതംമാറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങളും അദ്ദേഹം ഇതോടൊപ്പം സമർപ്പിച്ചു. മകളുമായി ഫോണിൽ സംസാരിച്ചപ്പോൾ സിറിയയിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. മകളെ വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന ഷെഫിൻ ജഹാൻ തീവ്ര ചിന്താഗതിക്കാരനാണ്. ഇയാൾ ഫേസ്‌ബുക്കിലിട്ട പോസ്റ്റുകൾ പരിശോധിച്ചാൽ അത് മനസ്സിലാകും.

ഐ.എസിൽ ചേരാൻ കേരളത്തിൽനിന്ന് പോയവരെല്ലാം പ്രായപൂർത്തിയായവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരുമാണ്. ഇവരിൽ പലരും മറ്റു മതങ്ങളിൽനിന്ന് ഇസ്ലാംമതത്തിൽ എത്തിയവരാണ്. ഉയർന്ന സാക്ഷരതയുള്ള കേരളത്തിൽ നിന്ന് ഇത്രയധികം ചെറുപ്പക്കാർ മതതീവ്രവാദത്തിലേക്കു പോകുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അശോകൻ ആവശ്യപ്പെട്ടു. ഈ മാസം 16-ന് ഷെഫിൻ ജഹാന്റെ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാന സർക്കാരും എൻ.ഐ.എ.യും കോടതിയിൽ സത്യവാങ്മൂലം നൽകും.

ഹാദിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. കേരള പൊലീസിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഹർജിക്കാരനായ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനെതിരെ രൂക്ഷവിമർശനവും കോടതി ഉന്നയിച്ചു. ഷെഫിൻ ജഹാൻ എൻഐഎയെ സംശയിക്കുന്നതെന്തിനാണ്. ഹർജിക്കാരൻ നീതിയുക്തമായ അന്വേഷണം ആഗ്രഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

കേസിലെ അന്വേഷണം ദേശീയ ഏജൻസിക്കു കൈമാറണമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എൻഐഎ അല്ലെങ്കിൽ സിബിഐ കേസ് അന്വേഷിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഹാദിയ മതപരിവർത്തനം നടത്തി വിവാഹം ചെയ്തത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് സുപ്രീംകോടതിയിൽ ഹാദിയയുടെ ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാടു വ്യക്തമാക്കിയത്.

അതേസമയം ഹാദിയ കേസിൽ നിർബന്ധിത മതപരിവർത്തനം നടന്നതായി ക്രൈംബ്രാഞ്ചിനു തെളിവു ലഭിച്ചില്ല. ആരും മതംമാറ്റത്തിനു നിർബന്ധിച്ചിട്ടില്ലെന്നാണു അന്വേഷണസംഘം മുമ്പാകെ ഹാദിയ മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ വൈക്കം സ്വദേശിയായ അഖില എന്ന യുവതി മതംമാറി ഹാദിയയായതിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നാണിപ്പോൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
ചെർപ്പുളശേരി സ്വദേശി ആതിര മതംമാറിയതുമായിബന്ധപ്പെട്ട കേസിൽ നിർബന്ധിത മതപരിവർത്തനം നടത്തിയതിനു തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.

അതിനിടെ, ഹാദിയാ കേസിൽ കേരള പൊലീസ് നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ദേശീയ അന്വേഷണ ഏജൻസിയുമായി പങ്കുവയ്ക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് കൈമാറുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം ലഭിച്ചിട്ടില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കി. ഹാദിയയെ നിർബന്ധിപ്പിച്ചാണു മതം മാറ്റിയതെന്ന് ലോക്കൽ പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നില്ല. ഹോമിയോ വിദ്യാഭ്യാസത്തിനായി അഖില സേലത്തു കോളജിൽ പഠിക്കവെയാണു മതം മാറി ഹാദിയയായത്. അതിനു ശേഷമായിരുന്നു വിവാഹം.