ജയ്പുർ: രാജസ്ഥാനിലും ഹാദിയ മോഡൽ ലൗവ് ജിഹാദെന്ന് ആക്ഷേപം. ബുർഖ അണിഞ്ഞു കോടതിയിൽ ഹാജരായി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചെന്നറിയിച്ച 22 വയസുകാരിയായ ഹിന്ദു യുവതിയെ രാജസ്ഥാൻ ഹൈക്കോടതി സർക്കാർ ഹോസ്റ്റലിലേക്ക് അയച്ചു. വിവാഹത്തിനെതിരേ പായൽ സങ്വി എന്ന യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ തീരുമാനമുണ്ടാകുംവരെ ഹോസ്റ്റലിൽ തുടരാനാണ് ഉത്തരവ്. ഇതിന് സമാനമായ നിയമപോരാട്ടമാണ് ഹാദിയാ കേസിൽ അഖിലയുടെ അച്ഛനും നടത്തിയത്.

പായലിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും വിവാഹം തട്ടിപ്പാണെന്നുമാണു വീട്ടുകാരുടെ പരാതി. രാജസ്ഥാൻ സർക്കാർ മതപരിവർത്തനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച ജസ്റ്റിസുമാരായ ഗോപാൽകൃഷ്ണ, വ്യാസ്, മനോജ് കുമാർ ഗ്രാഗ് എന്നിവരുടെ ബെഞ്ച് ഇതിനെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് എന്തെങ്കിലും നിയമമുണ്ടോ എന്നും ആരാഞ്ഞു.

തന്റെ സഹോദരിയെ ഒക്ടോബർ 25 മുതൽ വീട്ടിൽനിന്നു കാണാതായി. പൊലീസിൽ പരാതിനൽകിയപ്പോൾ ഏപ്രിലിൽ ഫായിസ് മുഹമ്മദ് എന്നയാളെ വിവാഹം ചെയ്തുവെന്ന് പായൽ എഴുതിനൽകി. തുടർന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനാൽ ചിരാഗ് കോടതിയെ സമീപിക്കുകയായിരുന്നു. സമൻസിനെത്തുടർന്ന് പായൽ കോടതിയിൽ നേരിട്ടു ഹാജരായി.

ഒക്ടോബർ 25 വരെ തങ്ങളുടെ കൂടെ ജീവിച്ച പായൽ എങ്ങനെ ഏപ്രിലിൽ ഇസ്ലാമിലേക്കു മതം മാറുമെന്ന് വീട്ടുകാർ ആരാഞ്ഞു. തുടർന്നു പൊലീസിനെ ശകാരിച്ച കോടതി കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. പത്തുരൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സത്യവാങ് മൂലം നൽകിയാൽ മതപരിവർത്തനം എങ്ങനെ സാധുതയുള്ളതാകുമെന്നും ഇത്തരത്തിലാണെങ്കിൽ നാളെ മുതൽ തന്നെ ഗോപാൽ മുഹമ്മദ് എന്നുവിളിക്കാമല്ലോ എന്നും ജസ്റ്റിസ് ഗോപാൽ കൃഷ്ണ വ്യാസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് അടുത്ത ഹിയറിങ്. അതുവരെ പായലിനെ എല്ലാവിധ സുരക്ഷയോടെയും ഹോസ്റ്റലിൽ താമസിപ്പിക്കണമെന്നും കാണാൻ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു.