ന്യൂഡൽഹി: ഹാദിയ കേസിൽ സർവരേഖകളും വിളിച്ചുവരുത്താൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ നിയമപോരാട്ടം നിർണായക വഴിത്തിരിവിലെത്തി. ഒരാഴ്ചയ്ക്കകം എല്ലാ രേഖകളും ഹാജരാക്കാനാണ് കോടതി എൻഐഎയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിൽ ഇരുവിഭാഗത്തിനും വേണ്ടി വാദിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകരാണ്. ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാനു വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപിൽ സിബൽ, അഡ്വ. ഇന്ദിര ജയ്‌സിങ് എന്നിവരും, ഹാദിയയുടെ പിതാവിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ രോഹ്തഗിയുമാണ്് കോടതിയിൽ ഹാജരായത്.

ഹാദിയ വീട്ടുതടങ്കലിലാണെന്ന ഷഫിന്റെ ഹർജിയിൽ പിതാവിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹാദിയ കേസിലെ കേരള െൈഹക്കോടതി വിധിയെ അനുകൂലിച്ചും, പ്രതികൂലിച്ചും വാദങ്ങൾ ഉയർന്നിട്ടുണ്ട്. ഹാദിയയുടെ മതം മാറ്റം നിർബന്ധിതമാണോ, ഷഫിനുമായുള്ള വിവാഹം പരസ്പര സമ്മതത്താലാണോ, ഭീകരസംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ ഭാഗമാണോ മതം മാറ്റം, സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണോ വിവാഹം, ആണെങ്കിൽ വിവാഹം റദ്ദാക്കിയത് ഉചിതമോ തുടങ്ങിയ ചോദ്യങ്ങളെല്ലാമാണ് ഉയരുന്നത്.

വൈക്കം സ്വദേശി ഹാദിയയുടെ മതംമാറിയുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയതാണ് കേസിന്റെ പശ്ചാത്തലം. അഖില എന്ന ഹിന്ദു പേൺകുട്ടി 2013-ൽ ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായി മാറുകയായിരുന്നു. പെൺകുട്ടിയുടെ മതംമാറ്റത്തെയും, വിവാഹത്തെയും ചോദ്യം ചെയ്താണ് അഖിലയുടെ പിതാവ് അശോകൻ ഹർജി ഫയൽ ചെയ്തത്.

മതം മാറിയ ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം മെയ്‌ 24നു കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.വനിതാ പൊലീസുകാരുൾപ്പെടെ സായുധ പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

ഹൈക്കോടതി നിരീക്ഷണങ്ങൾ ഗൗരവമുള്ളതെന്ന് നീരീക്ഷിച്ച സുപ്രീംകോടതി ഹാദിയയുടെ ഭർത്താവ് ഷഫീൻ ജഹാന് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും ആരാഞ്ഞു. കോടതി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. ഏതായാലും പ്രമുഖ അഭിഭാഷകർ ഇരുഭാഗത്തുമായി അണിനിരക്കുന്നതോടെ, കേസ് കടുത്ത നിയമ പോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.