- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഹാദിയ ഒരു ഇര ആണ്, ഹിന്ദു-മുസ്ലിം വർഗീയതകളുടെ പ്രചാരണ വസ്തു; അവളുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ ആദ്യം വേണ്ടത് എസ്ഡിപിഐയും ആർഎസ്എസും അവളെ വെറുതെ വിടുകയാണ്: സുജ സൂസൻ ജോർജ്ജ് എഴുതുന്നു
ഹാദിയ ഒരു ഇര ആണ്. ഹിന്ദു-മുസ്ലിം വർഗീയതകളുടെ പ്രചാരണ വസ്തു. ആർഎസ്എസും എസ്ഡിപിഐയും അവളെ വെറുതെ വിടണം. കോട്ടയത്തെ വൈക്കം സ്വദേശി ഹാദിയ (സ്വയം പേര് മാറ്റും മുമ്പ് അഖില) ഇന്ന് വീട്ടു തടങ്കലിന് സമാനമായ സ്ഥിതിയിലാണ്. സ്വന്തം അച്ഛനും അമ്മയും കോടതിയുത്തരവിലൂടെ ഹാദിയയെ സ്വന്തം വീട്ടിൽ തടഞ്ഞു വച്ചിരിക്കുന്നു. ഇവർക്ക് പൊലീസ് സംരക്ഷണവുമുണ്ട്. കൊല്ലം സ്വദേശിയും എസ്ഡിപിഐയുടെ പ്രവർത്തകനുമായ ഷഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം മെയ് 24നാണ് കേരള ഹൈക്കോടതി റദ്ദു ചെയ്തത്. വിവാഹത്തിനു മുമ്പ് അഖില ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതിൽ തീവ്രവാദ സംഘടനകളുടെ ഗൂഢാലോചനയും പ്രേരണയും ഉണ്ടെന്നാണ് അഖിലയുടെ അച്ഛൻ അശോകന്റെ കേസ്. എന്തായാലും മതം മാറിയ ശേഷം എസ്ഡിപിഐയുടെ സംരക്ഷണയിലായിരുന്നു ഹാദിയ. ഈ തീവ്രവർഗീയസംഘടന മലപ്പുറത്തു നടത്തുന്ന സത്യസരണി എന്ന മതപഠന സ്ഥാപനത്തിലായിരുന്നു ഹാദിയയുടെ പഠനവും താമസവും. പുതുതായി മതം മാറ്റപ്പെട്ട പലരും ഇവിടെ എത്തിയ സംഭവങ്ങളും കേസുകളും മുമ്പും ഉണ്ടായിട്ടുണ്ട്. അവിടെ താമസിക്കുന്നതിനിടയിലാണ് കഴിഞ്ഞ
ഹാദിയ ഒരു ഇര ആണ്. ഹിന്ദു-മുസ്ലിം വർഗീയതകളുടെ പ്രചാരണ വസ്തു. ആർഎസ്എസും എസ്ഡിപിഐയും അവളെ വെറുതെ വിടണം. കോട്ടയത്തെ വൈക്കം സ്വദേശി ഹാദിയ (സ്വയം പേര് മാറ്റും മുമ്പ് അഖില) ഇന്ന് വീട്ടു തടങ്കലിന് സമാനമായ സ്ഥിതിയിലാണ്. സ്വന്തം അച്ഛനും അമ്മയും കോടതിയുത്തരവിലൂടെ ഹാദിയയെ സ്വന്തം വീട്ടിൽ തടഞ്ഞു വച്ചിരിക്കുന്നു. ഇവർക്ക് പൊലീസ് സംരക്ഷണവുമുണ്ട്. കൊല്ലം സ്വദേശിയും എസ്ഡിപിഐയുടെ പ്രവർത്തകനുമായ ഷഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം മെയ് 24നാണ് കേരള ഹൈക്കോടതി റദ്ദു ചെയ്തത്. വിവാഹത്തിനു മുമ്പ് അഖില ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതിൽ തീവ്രവാദ സംഘടനകളുടെ ഗൂഢാലോചനയും പ്രേരണയും ഉണ്ടെന്നാണ് അഖിലയുടെ അച്ഛൻ അശോകന്റെ കേസ്. എന്തായാലും മതം മാറിയ ശേഷം എസ്ഡിപിഐയുടെ സംരക്ഷണയിലായിരുന്നു ഹാദിയ. ഈ തീവ്രവർഗീയസംഘടന മലപ്പുറത്തു നടത്തുന്ന സത്യസരണി എന്ന മതപഠന സ്ഥാപനത്തിലായിരുന്നു ഹാദിയയുടെ പഠനവും താമസവും. പുതുതായി മതം മാറ്റപ്പെട്ട പലരും ഇവിടെ എത്തിയ സംഭവങ്ങളും കേസുകളും മുമ്പും ഉണ്ടായിട്ടുണ്ട്. അവിടെ താമസിക്കുന്നതിനിടയിലാണ് കഴിഞ്ഞ ഡിസംബർ 19ന് ഈ എസ്ഡിപിഐ പ്രവർത്തകനെ വിവാഹം കഴിക്കുന്നതായി ഹാദിയ/അഖില പ്രഖ്യാപിച്ചത്.
ഈ വിവാഹം റദ്ദു ചെയ്തതിനെതിരെ ഷഫിൻ ജഹാൻ സുപ്രീം കോടതിയിൽ പരാതി നല്കി. ഹാദിയയുടെ മതം മാറ്റത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്നന്വേഷിക്കാനായി എൻഐഎയോടാവശ്യപ്പെടുകയാണ് ഓഗസ്റ്റ് 16ന് സുപ്രീം കോടതി ചെയ്തത്. അഖലിയുടെ മതംമാറ്റവും വിവാഹവും ലൗ ജിഹാദിനുള്ള തെളിവായും ഹിന്ദു പെൺകുട്ടികളെ മുസ്ലിങ്ങൾ തട്ടിക്കൊണ്ടു പോകുന്നതിന് ഉദാഹരണമായും വലിയ തോതിലുള്ള പ്രചാരണമാണ് ആർഎസ്എസും അതിന്റെ മുഖസംഘടനകളും ചെയ്യുന്നത്. ഇന്ത്യ മുഴുവൻ വർഗീയ വികാരമിളക്കി വിടാൻ ആർഎസ്എസ് ഈ സംഭവമുപയോഗിക്കുന്നുണ്ട്. ലൗ ജിഹാദ് എന്ന ഉമ്മാക്കി കാട്ടി വർഗീയവിദ്വേഷമുണ്ടാക്കാനുള്ള ആർഎസ്എസിന്റെ ശ്രമം ആദ്യമായല്ല. മാധവിക്കുട്ടിയുടെ മതം മാറ്റത്തെപ്പോലും അവർ ഇത്തരം പ്രചാരണത്തിനപയോഗിച്ചു.
എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും പോലുള്ള മുസ്ലിം വർഗീയ സംഘടനകളും ആർഎസ്എസിന്റെ അതേ വർഗീയവികാരമിളക്കി വിടൽ തന്നെയാണ് ഹാദിയയെ ഉപയോഗിച്ച് നടത്തുന്നത്. ഹാദിയയുടെ അവസ്ഥയെ ഒരു വ്യക്തിയുടെ മനുഷ്യാവകാശ പ്രശ്‌നം മാത്രമായി കാണണമെന്നും അതിൽ ഇവർക്കുള്ള വർഗീയ ലാക്ക് കാണരുതെന്നും ആണ് എസ്ഡിപിഐ-ജമാ അത്തുകാർ വാദിക്കുന്നത്. കേരളത്തിലെ ചില സ്ത്രീ വാദികളും ഈ വാദത്തോട് യോജിച്ചു കണ്ടു. എസ്ഡിപിഐയുടെ പദ്ധതിക്ക് ഹാദിയയെ വിട്ടുകൊടുക്കുന്നതാണ് വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാവൂ എന്നാണിവർ വാദിക്കുന്നത്.
ഞാനതിനോട് യോജിക്കുന്നില്ല. വളരെ നിഷ്‌കളങ്കമെന്നു തോന്നുന്ന അപകടകരമായ നിലപാടാണത്. ചുറ്റുമുള്ള വർഗീയ കാളകൂടം കാണാതെ വീട്ടിലടച്ചിട്ട പെൺകുട്ടിയെ മാത്രം കാണൂ അവളുടെ സ്വാതന്ത്ര്യം സംരക്ഷിക്കൂ എന്ന് വാദിക്കുന്നത് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും ആണെന്നതാണ് വിരോധാഭാസം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രണ്ട് പതാകവാഹകർ! കേരളത്തിലെ മുസ്ലിങ്ങളിലെ 99 ശതമാനവും ഈ തീവ്ര വർഗീയവാദികളെ തള്ളിക്കളയുന്നു എന്നതാണ് വസ്തുത.
ഹാദിയയുടെമനുഷ്യാവകാശം സംരക്ഷിക്കാൻ ആദ്യം വേണ്ടത് എസ്ഡിപിഐയും ആർഎസ്എസും അവളെ വെറുതെ വിടുകയാണ്. അവളൊരു രാഷ്ട്രീയ ഉപകരണം അല്ല. അവൾക്കിഷ്ടമുള്ള മതവും വിവാഹവും സ്വതന്ത്രമായ ഒരു അന്തരീക്ഷത്തിൽ അവൾ സ്വീകരിച്ചോട്ടെ. കാര്യങ്ങൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കോടതിയുത്തരവുകൾ ശരിയാവാം തെറ്റാവാം. പക്ഷേ, ഇന്ത്യയിലെ ജനാധിപത്യത്തിൽ ഈ കോടതിയുത്തരവുകളെ നിയമപരമായ മാർഗത്തിലൂടെ മാറ്റാനാവൂ. അതിനാലാണല്ലോ അശോകനും ഷഫിൻ ജഹാനും കോടതിയെ സമീപിച്ചിരിക്കുന്നത്. അതിൽ തീരുമാനമുണ്ടാകട്ടെ.
ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയും മത്സരിച്ചുള്ള വർഗീയ വിഷം വമിക്കലിനിടയിൽ പെട്ടു പോയിരിക്കുന്നത് 25 വയസ്സായ ഒരു സ്ത്രീയാണ്. അവളെ നിങ്ങൾ വെറുതെ വിടൂ. ഹാദിയയെ ഉപയോഗിച്ച് കേരളത്തെ വർഗീയമായി ഭിന്നിപ്പിച്ച് തങ്ങൾക്ക് ആളു കൂട്ടാമെന്നാണ് ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും വിചാരിക്കുന്നത്. ഹിന്ദുത്വ വർഗീയതയും ഇസ്ലാമിസ്റ്റ് വർഗീയതയും പരസ്പരം പാലൂട്ടുകയാണിവിടെ. മതേതര കേരളം ഇവരുടെ ദുഷ്ടലാക്ക് തിരിച്ചറിയണം. ഇവരെ തള്ളിക്കളയണം.