ഹാദിയാ കേസിനെ സിനെ കുറിച്ച് തന്നെ വീണ്ടും.  കുറച്ചു നീണ്ട പോസ്റ്റാണ് .ക്ഷമിക്കുക. പ്രാഥമികമായി പറയാനുള്ളത് ഈ പോസ്റ്റ് ആരെ അഡ്ഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നുള്ളതാണ് .വഹാബികൾ ,വഹാബിസ്റ്റ് അപ്പോളജിസ്റ്റുകൾ ,അമാനവാക്രികൾ ,സംഘികൾ എന്നിവർ വായിക്കണമെന്നില്ല .കാരണം അവർ എന്ത് പറഞ്ഞാലും ഞാൻ ഗൗനിക്കില്ല . എനിക്കെതിരെ എന്തോ വലിയ പ്രചാരണം നടക്കുന്നു എന്നും ഞാൻ മറുപടി പറയണമെന്നും പലരും ഇൻബോക്‌സിൽ വന്നു പറയുന്നുണ്ട് . മറുപടി അർഹിക്കുന്നവർക്കേ അതുകൊടുക്കാറുള്ളൂ എന്നാണ് അവരോട് പറയാനുള്ളത് .നിങ്ങൾ എന്റെ പഴയ പോസ്റ്റുകൾ നോക്കൂ .അനാക്രി അമാനവാദികളടെ മണ്ടത്തരങ്ങൾ അഡ്രസ് ചെയ്യുന്ന ഒറ്റ പോസ്റ്റ് പോലും നിങ്ങൾക്ക് കാണാൻ കഴിയില്ല .ഈ പോസ്റ്റും അവരെ ഉദ്ദേശിച്ചല്ല .അവരെ ഞാൻ ശ്രദ്ധിക്കില്ല ,എങ്ങനൊക്കെ തല കുത്തി മറിഞ്ഞാലും കാര്യമില്ല .ആ ബ്രോസ് വെറുതെ സമയം പാഴാക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫലമൊക്കെ ഒരു സൂചനയായി എടുക്കാമെങ്കിൽ കേരളത്തിലെ 99 ശതമാനം മുസ്ലീങ്ങളും എൽ ഡി എഫിലോ യു ഡി എഫിലോ ആണ് . അവരോടാണ് സംസാരിക്കാൻ ശ്രമിക്കുന്നത് .(എസ് ഡി പി ഐ ,വെൽഫയർ പാർട്ടി എന്നിവർക്കൊക്കെ ചേർത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് ഒരു ശതമാനത്തിൽ താഴെ വോട്ടാണ്) . അത് പോലെ ബിജെപി യെ പടിക്കു പുറത്തു തന്നെ നിർത്തുന്ന 86 ശതമാനത്തോളം വരുന്ന സമാധാനകാംക്ഷികളായ ഹിന്ദുക്കളോടും ,ഇതര വിഭാഗങ്ങളോടും മാത്രമേ സംസാരമുള്ളൂ.

കോടതിയെ കബളിപ്പിക്കാനായി രഹസ്യമായി ഹാദിയയുടെ വിവാഹം നടത്തി എന്ന കോടതിയുടെ തോന്നലാണ് ഹാദിയയുടെ ഇപ്പോഴത്തെ ദുരിതത്തിലേക്ക് നയിച്ചത് .കോടതിയിൽ നിന്നും സ്വന്തം അഭിഭാഷകരിൽ നിന്ന് പോലും കാര്യങ്ങൾ മറച്ചു വെച്ച് കോടതിയെ പറ്റിക്കാൻ നോക്കിയ സൃഗാലബുദ്ധിയാണ് സർവ കുഴപ്പങ്ങൾക്കും കാരണമായത് .ഇക്കാര്യം പൊതു സമൂഹം ചർച്ച ചെയ്യാതിരിക്കാനാണ് ഈ നെഞ്ചത്തടിയും നിലവിളിയും ഹിസ്ടീരിക് ആയ തരത്തിലുള്ള ചാപ്പ കുത്തലുകളും നടത്തുന്നത് . ad hominem attack  നടത്തി ഹേറ്റ് ക്യാംപയിൻ അഴിച്ചു വിട്ടു സർവരെയും നിശ്ശബ്ദരാക്കാം എന്നതാണ് ഇക്കൂട്ടരുടെ വിചാരം .അങ്ങനെ ,ഹാദിയയെ വീട്ടു തടങ്കലിലേക്ക് തള്ളി വിട്ടത് തങ്ങൾ തന്നെയാണ് എന്ന കാര്യം മറച്ചു വെക്കാം എന്നാണ് ഇവർ വിചാരിക്കുന്നത് .ചാടിക്കളിക്കെടാ കുട്ടിരാമാ എന്ന് തങ്ങൾ പറയുമ്പോൾ ചാടാനും ആടാനും തയ്യാറുള്ള ഒറ്റ ബുദ്ധികളായ കുറെ മനുഷ്യാവകാശക്കാരെ ഈ നാടകത്തിന് 'ചിയർ ഗേൾസ് ' ആയി കിട്ടും എന്നും ഇക്കൂട്ടർക്ക് നന്നായി അറിയാം.

ഈ കേസിന്റെ ചരിത്രം ,പശ്ചാത്തലം എന്നിവ ഇനിയും പലർക്കും വ്യക്തമല്ല എന്ന് തോന്നുന്നു . ഇത്തരമൊരു ഹർജിയിൽ (ഹേബിയസ് കോർപ്പസ് ) പെൺകുട്ടികളുടെ ഇഷ്ടത്തിന് വിടുക എന്നതാണ് ഒരു വ്യവസ്ഥാപിതമായ നിയമതത്വം .ഹാദിയക്ക് മുൻപും ,ഹാദിയക്ക് ശേഷവും ഹൈക്കോടതിയിലും പല കീഴ്ക്കോടതികളിലുമായി സമാനമായ കേസുകൾ വന്നു .അവയിൽ എല്ലാം പെൺകുട്ടികൾ കോടതിയിൽ അവരുടെ താത്പര്യം അറിയിക്കുകയും അത് മാനിച്ചു കൊണ്ടുള്ള വിധികൾ കോടതികൾ പുറപ്പെടുവിക്കുകയും ചെയ്തു .ഹാദിയയുടെ കേസിൽ അസാധാരണമായ ഈ വിധി എന്തുകൊണ്ടുണ്ടായി എന്നതിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട് .

ഹാദിയയുടെ വിഷയവുമായി ബന്ധപ്പെട്ടു അവരുടെ അച്ഛൻ രണ്ടു പ്രാവശ്യം ഹർജി കൊടുത്തു എന്ന കാര്യം എല്ലാവർക്കും അറിയാം എന്ന് കരുതുന്നു .ഈ കോലാഹലങ്ങൾക്കിടയിൽ വിസ്മരിച്ചു കൂടാത്ത ഒരു കാര്യമാണ് അത് . ഹാദിയയെ തന്റെ കൂടെ അയക്കണം എന്ന അശോകന്റെ ആവശ്യം നിരാകരിച്ചു ഹാദിയയെ സ്വതന്ത്രയായി വിടുകയാണ് ആദ്യത്തെ ഹർജിയിൽ ഹൈക്കോടതി ചെയ്തത് .അതേ ഹൈക്കോടതി (മറ്റൊരു ഡിവിഷൻ ബെഞ്ച് ) രണ്ടാമത്തെ ഹർജിയിൽ ,ഹാദിയയുടെ ഇച്ഛക്ക് വിരുദ്ധമായി ,ആദ്യത്തെ ഹർജിയിലെ വിധിക്കു കടക വിരുദ്ധമായി ,അവരെ അച്ഛന്റെ കസ്റ്റഡിയിൽ വിട്ടു . സാഹചര്യങ്ങൾ എന്ത് തന്നെയായാലും ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഒരു വിധിയാണിത് . സുപ്രീം കോടതി ഈ വിധി റദ്ദാക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 

എന്തുകൊണ്ട് ഹൈക്കോടതിക്ക് മനം മാറ്റമുണ്ടായി ? സ്വന്തം അധികാരപരിധി ലംഘിച്ചു കൊണ്ട് ,ഒരു പൗരന്റെ മൗലികാവകാശം തന്നെ ഇല്ലാതാക്കുന്ന ഒരു വിധി എന്തുകൊണ്ട് പുറപ്പെടുവിച്ചു ?
2016 ജനുവരി 6 മുതൽ ഹാദിയയെ കാണാനില്ലെന്നു കാണിച്ചു അശോകൻ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ ഹാദിയ ഹൈക്കോടതിയിൽ അപേക്ഷ കൊടുക്കുന്നു .മുതിർന്ന അഭിഭാഷകൻ പി കെ ഇബ്രാഹിം മുഖേന നൽകുന്ന ഈ അപേക്ഷ കോടതി അനുവദിക്കുന്നു .തുടർന്ന് ഒൻപതാം എതിർകക്ഷിയായി ഹാദിയയെ ചേർക്കുന്നു ( അഖില അശോകൻ @ ആദിയ എന്നാണ് അപ്പോൾ പേര് രേഖപ്പെടുത്തിയിരിക്കുന്നത് ).

തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരായ ഹാദിയ താൻ സ്വമേധയാ ഇസ്ലാം സ്വീകരിച്ചതാണെന്ന് കോടതിയെ അറിയിക്കുന്നു .മതം പഠിക്കാനായി സത്യസരണിയിൽ ചേർന്നതിന്റെ രേഖകൾ ഹാജരാക്കുന്നു .ഹാദിയയുടെ വാദങ്ങൾ അംഗീകരിച്ച കോടതി , ഹാദിയയെ അവളുടെ ഇഷ്ടത്തിന് വിട്ടു കേസ് തീർപ്പാക്കുന്നു (25 ജനുവരി 2016 ).മാതാപിതാക്കൾക്ക് വേണമെങ്കിൽ അവളെ സന്ദർശിക്കാനുള്ള അനുവാദവും കൊടുക്കുന്നു .

ഇപ്പോഴത്തെ വിധിക്ക് കാരണമായ രണ്ടാമത്തെ ഹർജിയുമായി അശോകൻ വീണ്ടും കോടതിയിൽ എത്തുന്നത് 2016 ഓഗസ്റ്റ് 8 നാണ് .മകളെ വിദേശത്തേക്ക് കടത്താൻ സാധ്യത ഉണ്ടെന്നാരോപിച്ചായിരുന്നു ഈ ഹർജി . ഹർജി വാദം കേൾക്കാനായി 22 / 08 ലേക്ക് പോസ്റ്റ് ചെയ്യുന്നു .സൈനബയുടെ വീട്ടിൽ താമസിച്ചിരുന്ന ഹാദിയയെ കണ്ടെത്താൻ 'കഴിഞ്ഞില്ലെന്ന് പൊലീസ് കോടതിയിൽ അറിയിക്കുന്നു . തുടർന്ന്‌കേസ് 25 ലേക്ക് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം അഭിഭാഷകനോടൊപ്പം കോടതിയിൽ ഹാജരായ ഹാദിയ പഴയ നിലപടുകൾ തന്നെ ആവർത്തിക്കുന്നു . എന്നാൽ ഒരു മാസമായി അവൾ മിസ്സിങ് ആണെന്നും സൈനബയുടെ വീട്ടിൽ തുടർന്നും താമസിക്കുന്നത് സുരക്ഷിതമല്ലെന്നുമുള്ള അശോകന്റെ വാദം പരിഗണിച്ചു ഹാദിയയെ താൽകാലികമായി ഹോസ്റ്റലിൽ താമസിപ്പിക്കാൻ കോടതി ഉത്തരവിടുന്നു .

പിന്നീട് 27 സെപ്റ്റംബർ 2016 ന് ഹാദിയ വീണ്ടും കോടതിയിൽ ഹാജരാവുന്നു . ഹോസ്റ്റലിൽ താമസിക്കാനോ അച്ഛന്റെ കൂടെ പോകാനോ താത്പര്യമില്ലെന്ന് അറിയിക്കുന്നു . ഇഷ്ടമുള്ളിടത്ത് താമസിക്കാൻ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു . ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . പ്രായപൂർത്തിയായ ഒരു യുവതിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കളുടെ കൂടെ വിടാനോ ഹോസ്റ്റലിൽ നിർത്താനോ കഴിയില്ലെന്ന് കോടതി നിരീക്ഷിക്കുന്നു .തുടർന്ന് സൈനബയോടൊപ്പം പോകണമെന്ന അപേക്ഷ അനുവദിച്ചു കോടതി ഹാദിയയെ അവരുടെ ഇഷ്ടത്തിന് വിട്ടു .കേസ് കൂടുതൽ വാദം കേൾക്കാനായി മാറ്റി വെക്കുന്നു .

2016 നവംബർ 11 ന് അശോകന്റെ അഭിഭാഷകൻ ,ഹാദിയ പഠിക്കാൻ പോകാതെ അനിശ്ചിതമായി സൈനബയുടെ വീട്ടിൽ താമസിക്കുന്നതിൽ അശോകനുള്ള ഉൽക്കണ്ഠ കോടതിയെ അറിയിക്കുന്നു .അഖിലയുടെ ഹൗസ് സർജൻസി മുടങ്ങിക്കിടക്കുന്നതിലുള്ള ഉൽക്കണ്ഠയും കോടതിയെ ബോധിപ്പിക്കുന്നു .

കേസിലെ നിർണായകമായ വഴിത്തിരിവ് ഇനിയാണ് ഉണ്ടാകുന്നത് . ഡിസംബർ 19 ന് കേസ് വീണ്ടും പരിഗണിച്ച കോടതി ഹാദിയയുടെ പഠനത്തെ കുറിച്ച് ആരായുന്നു . ഹാദിയ പഠിച്ച സേലത്തെ അതേ കോളേജിൽ ഹൗസ് സർജൻസിക്ക് ചേരണമെന്ന ആവശ്യം ഹാദിയയുടെ അഭിഭാഷകൻ ഉന്നയിക്കുന്നു .അവിടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കാനുള്ള താത്പര്യം അറിയിക്കുന്നു . അവളുടെ സർട്ടിഫിക്കറ്റുകൾ അച്ഛന്റെ കൈവശമാണെന്നും അവ തിരിച്ചു കിട്ടണമെന്നും അഭിഭാഷകൻ കോടതിയെ അറിയിക്കുന്നു ഹാദിയയുടെ അഭിഭാഷകന്റെ ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . കോളേജിൽ ചേരാനായി അച്ഛന്റെ കൂടെ പോകാൻ വിരോധമില്ലെന്നും ഹാദിയ കോടതിയെ അറിയിക്കുന്നു . അവളുടെ ഹോസ്റ്റൽ ചെലവുകൾ അച്ഛൻ വഹിക്കണമെന്നും കോടതി ഉത്തരവിടുന്നു . തുടർന്ന് ഡിസംബർ 21 ലേക്ക് കേസ് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം ഹാജരായി സർട്ടിഫിക്കറ്റുകൾ കൈമാറണമെന്ന് അശോകനോട് കോടതി നിർദ്ദേശിക്കുന്നു . ഹാദിയയും നേരിട്ട് ഹാജരാവണമെന്നും ഉത്തരവിടുന്നു .

ഡിസംബർ 21 ന് ഹാദിയയും അശോകനും നേരിട്ട് ഹാജരാവുകയും സർട്ടിഫിക്കറ്റുകൾ കൈ മാറുകയും ഹാദിയ ഉപരി പഠനത്തിനായി കോളേജിൽ ചേരുകയും ചെയ്ത് അവസാനിക്കേണ്ടതായിരുന്നു ഈ കേസ് . പൊടുന്നനെ കാര്യങ്ങൾ അട്ടിമറഞ്ഞത് ഷെഫിൻ ജഹാന്റെ രംഗപ്രവേശത്തോടെയാണ് .

21 / 12 ന് ഷെഫിൻ ജഹാനോടൊപ്പമാണ് ഹാദിയ ഹാജരായത് . ഇതാരാണ് എന്ന് ആരാഞ്ഞ കോടതിയോട് ഭർത്താവാണ് എന്നറിയിച്ചതോടെ കോടതി അമ്പരന്നു . ഇതിനിടയിൽ എപ്പോഴായിരുന്നു വിവാഹം എന്നന്വേഷിച്ച കോടതി വീണ്ടും ഞെട്ടി . ഇതിന് മുൻപ് കേസ് വിശദമായി വാദം കേട്ട അതേ തിയ്യതിയിൽ -അതായത് ഡിസംബർ 19 നായിരുന്നു വിവാഹം . അന്നേ ദിവസ്സം ഹാദിയയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത് ,ഹാദിയക്ക് ഇപ്പോൾ വേണ്ടത് ഹൗസ് സർജൻസിക്കു ചേരുകയാണ് എന്നാണ് . വിവാഹം കഴിക്കുന്നതിനെ കുറിച്ച് -അതും അന്നേ ദിവസം തന്നെ ,വിവാഹം കഴിക്കുന്നതിനെ കുറിച്ച്- ഒരു സൂചനയും ഹാദിയയുടെ അഭിഭാഷകൻ നൽകിയില്ല . ഇവിടം മുതലാണ് കോടതിക്ക് അവിശ്വാസം തുടങ്ങുന്നത് .
വിവാഹം പൂർണമായും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതയാളുടെ 'ഏജൻസി 'ആണെന്നും കോടതിയിൽ വാദിക്കാൻ പറ്റില്ല . അവിടെ ഫൂക്കോയെയോ ദറിദയെയോ ഉദ്ധരിച്ചാൽ മതിയാവില്ല (അവര് രണ്ടു പേരും എന്നോട് ക്ഷമിക്കട്ടെ ).നൂറ്റാണ്ടു പഴക്കമുള്ള ഐ പി സിയും സി ആർ പി സിയും സിവിൽ നിയമങ്ങളും ഒക്കെ വെച്ച് തന്നെ പയറ്റേണ്ടി വരും കോടതിയിൽ . വിവാഹം കഴിച്ചത് ഹാദിയയുടെ 'ഏജൻസി ' ആയിട്ടല്ല കോടതി മനസിലാക്കുക .മറിച്ചു കോടതി വ്യവഹാരത്തിൽ ഇതിന് CONCEALMENT OF FACT എന്ന് പറയും . തുടർന്നങ്ങോട്ട് അത് വരെ നടന്ന എല്ലാ വ്യവഹാരങ്ങളുടെയും ഹാജരാക്കപ്പെട്ട രേഖകളുടെയും സാധുത കോടതി പരിശോധിച്ചു .

ഈ അപ്രതീക്ഷിത വിവാഹത്തെക്കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാൻ ഹാദിയയുടെ അഭിഭാഷകന് കഴിഞ്ഞില്ല . രണ്ടു പേരുടെയും ബന്ധുക്കൾ പങ്കെടുത്തുവെന്ന് ആദ്യം പറഞ്ഞ അഭിഭാഷകൻ പിന്നീട് അത് മാറ്റി പറഞ്ഞു .ഷെഫിൻ ജഹാന്റെ ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായി .വിവാഹ സർട്ടിഫിക്കറ്റിൽ പേര് ശരിയായല്ല രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കോടതി കണ്ടെത്തി . തുടർന്ന് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു .

അന്നേ ദിവസം കോളേജിൽ ചേരാനായി സേലത്തേക്കു പോകേണ്ടിയിരുന്ന ഹാദിയയെ കോടതി തിരിച്ചു ഹോസ്റ്റലിലേക്ക് തന്നെ വിട്ടു . മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ പാടില്ലെന്ന കടുത്ത നിബന്ധനകളോടെ . തുടർന്ന് മാസങ്ങൾ നീണ്ട പൊലീസ് അന്വേഷണം , വാദം കേൾക്കൽ .ഒടുവിൽ മെയ് 24 ന് കോടതി വിധിച്ചത് ഹാദിയയെ അച്ഛന്റെ കസ്റ്റഡിയിൽ വിട്ടു കൊണ്ടാണ് . കോടതി  terms of reference എന്ന നിലയിൽ അന്വേഷണപരിധിയിൽ ഉൾപ്പെടുത്താൻ പറഞ്ഞ പല കാര്യങ്ങളും പൊലീസ് അന്വേഷിച്ചില്ലെന്ന് കോടതി കണ്ടെത്തി ,അന്വേഷണ റിപ്പോർട്ട് തള്ളി .കേസിൽ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു .
കഴിഞ്ഞ പോസ്റ്റിൽ KJ Jacob പറഞ്ഞത് പോലെ ഋജുവും ലളിതവുമായ ബോധ്യങ്ങളാണ് നിയമത്തെ നിർവചിക്കുന്നത് .'.'Man of ordinary prudence' ' ആണ് നിയമത്തിന്റെ അളവുകോൽ .അല്ലാതെ സൂക്ഷ്മ രാഷ്ട്രീയമോ ഉത്തരാധുനികതയോ അല്ല . അതുകൊണ്ട് തന്നെ കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചു ,അല്ലെങ്കിൽ തെറ്റിധരിപ്പിച്ചു എന്ന നിഗമനം നിയമത്തിന്റെ കണ്ണിൽ യുക്തിസഹമാണ് . അതിന് ഉത്തരവാദികൾ ആരായാലും അവരാണ് ഹാദിയയെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടത് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല .

ഹാദിയയുടെ അഭിഭാഷകർ കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ പതറിപ്പോയതിനു കാരണമുണ്ട് .വിവാഹക്കാര്യം അവർക്കും അറിയുമായിരുന്നില്ല .ഹാദിയയുടെ അഭിഭാഷകനോട് ഞാൻ സംസാരിച്ചിരുന്നു . Way to Nikah എന്ന മാട്രിമോണിയൽ സൈറ്റിൽ പരസ്യം കൊടുത്തതായി പറയുന്നത് 2016 ഏപ്രിലിൽ ആണ് . രണ്ടാമത്തെ ഹർജി അപ്പോൾ കോടതിയിൽ എത്തിയിട്ടില്ല . അതായതു ഈ കേസ് തുടങ്ങുന്നതിന് മുൻപ് തന്നെ വിവാഹശ്രമങ്ങൾ തുടങ്ങിയിരുന്നു .അത് ഒരു ഘട്ടത്തിൽ പോലും അഭിഭാഷകരെ അറിയിച്ചില്ല ! നിയമത്തിന്റെ കണ്ണിൽ ഇത് കോടതിയെ കബളിപ്പിക്കാനായി നടത്തിയ വിവാഹമാണ് എന്ന് കോടതിക്ക് തോന്നാൻ പിന്നെയും കാരണങ്ങളുണ്ട് . ഫേസ് ബുക്കിൽ ആക്റ്റീവ് ആയ ഷഫീൻ ജഹാൻ വിവാഹക്കാര്യം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടില്ല എന്ന് കോടതി കണ്ടെത്തി . എന്നാൽ 2017 ജനുവരി 10 ന് മാതൃഭൂമി പത്രത്തിൽ ഇത് സംബന്ധിച്ച വാർത്ത വന്നതിനുശേഷം അന്നേ ദിവസം രാവിലെ 9 . 55 ന് ഷെഫിൻ ജഹാൻ നിക്കാഹിന്റെ ഫോട്ടോ ഫേസ് ബുക്കിൽ അപ്ലോഡ് ചെയ്തു എന്നും കോടതി നിരീക്ഷിക്കുന്നു .


കോടതി ആദ്യഘട്ടത്തിൽ വിശ്വാസത്തിലെടുത്ത സൈനബ എന്ന വ്യക്തിയാണ് ഹാദിയയെ വിവാഹം കഴിപ്പിക്കാൻ മുൻ കൈ എടുത്തത് എന്ന് കണ്ടെത്തുന്നതോടെ അവരുടെ മേൽ കോടതി അർപ്പിച്ച വിശ്വാസം തകരുന്നു . തുടർന്നാണ് അവരുടെയും 'ആന്റീസിഡൻസ് ' സംശയാസ്പദമാണ് എന്ന് കോടതി നിരീക്ഷിക്കുന്നത് . ചെർപ്പുളശ്ശേരി സ്വദേശിയായ ആതിര എന്ന മറ്റൊരു പെൺകുട്ടിയുടെ സമാനമായ കേസിലും ഒരു കോമൺ ഡിനോമിനേറ്റർ ആയി സൈനബ ഉണ്ട് എന്ന് കോടതി കണ്ടെത്തുന്നു . മതം മാറിയ ഈ പെൺകുട്ടി ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകുകയും ,തന്നെ നിർബന്ധിതമായി വിവാഹം കഴിപ്പിക്കാനും മതം മാറ്റാനും ശ്രമിച്ചു എന്ന് മജിസ്ട്രേറ്റ് കോടതി മുൻപാകെ മൊഴി കൊടുക്കുകയും ചെയ്തിരുന്നു . ഈ കേസിൽ അറസ്റ്റിലായവരും ഇനിയും പിടി കിട്ടാനുള്ളവരും എല്ലാം എസ് ഡി പി ഐ ക്കാരാണ് . വിവാഹം കഴിച്ചാൽ പിന്നെ കോടതി മാതാപിതാക്കളുടെ കൂടെ വിടില്ല എന്ന് സൈനബ തന്നെ ഉപദേശിച്ചതായി ആതിര മൊഴി നൽകിയിരുന്നു . കോടതിയെ കബളിപ്പിക്കാനായി നടത്തിയ വിവാഹമാണിത് എന്ന കോടതിയുടെ തോന്നൽ ബലപ്പെടാൻ ഇതും ഒരു കാരണമായി .


ഹാദിയയുടെ പേര് മൂന്നിടത്ത് മൂന്നു തരത്തിലാണ് എന്നതാണ് കോടതിയുടെ അവിശ്വാസത്തിനിടയാക്കിയ മറ്റൊരു കാര്യം . ഇത് വെറും അച്ചടി പ്പിശകാണെന്നാണ് ഷെഫിൻ ജഹാൻ ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നത് .അത് അവാസ്തവമാണ് . 2015 സെപ്റ്റംബറിൽ ഒരു നോട്ടറിയെ കൊണ്ട് ഒപ്പിടുവിച്ചു 'അഖില ' തയ്യാറാക്കിയ സത്യവാങ്മൂലത്തിൽ താൻ ഇസലാം മതം സ്വീകരിക്കുകയാണെന്നും ആസ്യ(Aasiya) എന്ന പേര് സ്വീകരിക്കുകയാണെന്നും പറയുന്നുണ്ട് . എറണാകുളത്തുള്ള രണ്ടു സുഹൃത്തുക്കളാണ് ആസ്യ എന്ന പേര് നിർദ്ദേശിച്ചതെന്ന് പിന്നീട് ഹാദിയ പറഞ്ഞതായും കോടതി രേഖകളിൽ ഉണ്ട് .ഇതെങ്ങനെ അച്ചടി പ്പിശകാവും ? പിന്നീട് ആദ്യത്തെ ഹർജിയിൽ കക്ഷി ചേരുമ്പോൾ ആദിയ എന്ന പേരാണ് രേഖകളിൽ ഉള്ളത് . ഇത് അച്ചടി പിശകാണ് എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം .പക്ഷേ കോടതിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം കേസിലെ കക്ഷിയുടെ ഐഡന്റിറ്റിയെ കുറിച്ച് തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാനാണോ എന്ന സംശയമാണ് ഉണ്ടാക്കുന്നത് . പറഞ്ഞല്ലോ , ഒന്നും ചെയ്യാൻ പറ്റില്ല ,നിയമത്തിന്റെ യുക്തി വേറെയാണ് .അത് മനസ്സിലാക്കി പെരുമാറുകയാണ് കോടതിയിൽ വേണ്ടത് .(കേസ് ജയിക്കണമെങ്കിൽ )
ഷെഫിൻ ജഹാന്റെ ഫേസ് ബുക്ക് പോസ്റ്റുകൾ പരിശോധിച്ച കോടതി അവ തീവ്രവാദസ്വഭാവമുള്ളവയാണ് എന്ന് നിരീക്ഷിക്കുന്നുണ്ട് . ഇതെല്ലാം വിവാഹം ''sham' ആണെന്ന സംശയത്തിനിടയാക്കി . വീണ്ടും പറയട്ടെ ,'അതെന്താ ,തീവ്രവാദിക്ക് വിവാഹം കഴിച്ചൂടെ എന്ന് ചോദിക്കാം ,ഫേസ് ബുക്കിൽ .പക്ഷെ കോടതിയിൽ പറ്റില്ല . വിവാഹം മറച്ചു വെച്ചു എന്നതും ,സമാനസ്വഭാവമുള്ള മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ എസ് ഡി പി ഐ ക്കാരാണ് എന്നതും ഈ കേസിലെ ചിലർ ആ കേസിലുമുണ്ട് എന്നതും ഒക്കെ കൂട്ടി വായിക്കുക എന്നത് കോടതിയെ സംബന്ധിച്ചിടത്തോളം യുക്തിസഹമാണ് .അതാണ് കോടതി ചെയ്തത് .കോടതിക്ക് ഓരോ കേസും വ്യത്യസ്തമാണ് .ഓരോ കേസിലെയും വസ്തുതകളും സാഹചര്യങ്ങളും നോക്കിയാണ് കോടതി തീരുമാനമെടുക്കുക .എന്തുകൊണ്ടാണ് വിവാഹക്കാര്യം ഫേസ് ബുക്കിൽ announce ചെയ്യാതിരുന്നത് എന്ന് ഷെഫിൻ ജഹാനോട് ഞാൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത് 'അങ്ങനെ ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ എന്നാണ് . ശരിയാണ് , നിർബന്ധമൊന്നുമില്ല . പക്ഷേ , നേരത്തെ പറഞ്ഞല്ലോ , സൂക്ഷ്മ രാഷ്ട്രീയമോ ,പോസ്റ്റ് മോഡേൺ സിദ്ധാന്തങ്ങളോ അല്ല,  Man of ordinary prudence  ആണ് കോടതിയുടെ അളവുകോൽ . ആ മാനദണ്ഡമനുസരിച്ചു ,വിവാഹം ഇത്രമേൽ രഹസ്യമാക്കി വെച്ചത് അസ്വാഭാവികമാണ് .

നാളെ സുപ്രീം കോടതി കേസ് പരിഗണിക്കുകയാണ് . എൻ ഐ എ നാളെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത് .വിവാഹം കോടതിയെ കബളിപ്പിക്കാനായി തട്ടിക്കൂട്ടിയതാണെന്ന കോടതിയുടെ നിഗമനത്തെ ശരി വെക്കുന്നതാണ് എൻ ഐ യുടെ കണ്ടെത്തൽ എന്നാണ് മനസ്സിലാക്കുന്നത് . ഈ എൻ ഐ എന്താ പ്രസ്സ് റിലീസ് കൊടുത്തോ എന്നൊക്ക അത്ഭുതപ്പെടുന്ന ചില കുട്ടികളെ കണ്ടു .ചിരിക്കുകയല്ലാതെ എന്ത് ചെയ്യും . അത്യാവശ്യം പത്തു പേരെ ഫോണെടുത്തു കുത്തി വിളിക്കാനുള്ള ശേഷിയുള്ള ഏതു പത്രപ്രവർത്തകർക്കും ഇമ്മാതിരി വിവരമൊക്ക കിട്ടും . എൻ ഐ എ എന്ന് പറയുന്ന സംവിധാനത്തെ കുറിച്ച് എനിക്ക് യാതൊരു മതിപ്പുമില്ലാത്തതിനാൽ ഞാൻ അതിന് ശ്രമിക്കാറില്ല എന്ന് മാത്രം . ഓപ്പണിലെ സ്റ്റോറിയിൽ എൻ ഐ എ യുടെ ഫൈൻഡിങ്‌സ് ഉണ്ട് .അത് ഡൽഹി ബ്യുറോയുടെ വിവരങ്ങളാണ് എന്ന് അതിൽ സിമ്പിൾ ഇംഗ്ലീഷിൽ എഴുതി വെച്ചിട്ടുമുണ്ട് . അതിന് ഞങ്ങൾക്ക് വായിക്കാൻ അറിയില്ലല്ലോ ,ചാപ്പ കുത്താനല്ലേ അറിയൂ !
. 2016 ഡിസംബർ 31 വരെ ഷെഫിൻ ജഹാൻ ഹാദിയയുടെ പ്രൊഫൈൽ വിസിറ്റ് ചെയ്തിട്ടില്ല എന്നാണു എൻ ഐ എ കണ്ടെത്തിയിരിക്കുന്നത് .അതായത് വിവാഹം നടന്ന തിയ്യതിയും കഴിഞ്ഞു വീണ്ടും 12 ദിവസങ്ങൾക്കു ശേഷം ..ഞാൻ ചോദിച്ചപ്പോൾ ഷെഫിൻ ജഹാൻ പറഞ്ഞത് ഗൂഗിൾ ചെയ്തപ്പോൾ കണ്ടതാണ് എന്നാണ് .ആ വിശദീകരണം മതിയാകും എന്ന് തോന്നുന്നില്ല . കാരണം ഒരു മാര്യേജ് പോർട്ടലിലെ പ്രൊഫൈൽ അങ്ങനെ ഗൂഗിൾ സെർച്ചിൽ വരുമോ ? വന്നാൽ തന്നെ അത് തുറക്കുമ്പോൾ ആ സൈറ്റിലേക്കല്ലേ അത് പോവുക ? ഇലക്ട്രോണിക് എവിഡൻസ് ആണ്.നിഷേധിക്കൽ എളുപ്പമാവില്ല .
എന്തായാലും കാര്യങ്ങൾ ഷെഫിൻ ജഹാന് കൂടുതൽ ബുദ്ധിമുട്ടാവാനാണ് സാധ്യത . സ്വന്തം ഭാഗം കോടതിയിൽ സ്ഥാപിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു .ഈ പോമോ ,അനാക്രി ,അമാനവ സെറ്റിന്റെ ഒറ്റ ബുദ്ധിയിൽ വിരിയുന്ന മണ്ടത്തരങ്ങൾ വായിച്ചും ഷെയർ ചെയ്തും ധൃതംഗപുളകിതനായി കാലം കഴിക്കാതെ എത്രയും വേഗം വക്കീലിനെ കണ്ടു കൗണ്ടർ ഗെയിം പ്ലാൻ ചെയ്യുകയാണ് ഷെഫിൻ ചെയ്യേണ്ടത് എന്നെനിക്ക് അഭിപ്രായമുണ്ട് . ദിലീപിന്റെ ഫാൻസുകാരും സുഹൃത്തുക്കളും ദിലീപിനോട് ചെയ്തതാണ് ഷെഫിൻ ജഹാന്റെ സുഹൃത്തുക്കൾ ഇപ്പോൾ അദ്ദേഹത്തോട് ചെയ്യുന്നത് എന്നാണ് എന്റെ തോന്നൽ .
ഷെഫിൻ ജഹാന്റെ പൂർവകാലമോ ,കൈവെട്ട് കേസിലെ അയാളുടെ നിലപാടോ ഇപ്പോൾ ചർച്ചയാക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല . പക്ഷെ അയാളെ സപ്പോർട്ട് ചെയ്യുന്നു എന്ന മട്ടിൽ കൂടെ നിൽക്കുന്നവർ മറ്റുള്ളവരെ കൊണ്ട് ഇതല്ല ,ഇതിലപ്പുറവും ചെയ്യിക്കും . തങ്ങളൊഴിച്ചുള്ള സകലരെയും ചാപ്പയടിച്ചു ,പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന, രാജ്യത്തിനകത്തും പുറത്തുമുള്ള ഈ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും ഷെഫിൻ ജഹാന് രക്ഷ കിട്ടട്ടെ എന്നാഗ്രഹിക്കുന്നു. എന്തൊക്കെയായാലും ഹാദിയയെ ഈ നരകയാതനയിലേക്ക് തള്ളി വിട്ടതിൽ എസ് ഡി പി ഐ ക്കും ഷെഫിൻ ജഹാനുമുള്ള പങ്ക് മറച്ചു വെക്കാൻ കഴിയില്ല .


ഇനി മറ്റൊരു കാര്യം. അപ്പുറത്ത് നിൽക്കുന്ന കക്ഷി 'കൈവെട്ടിനെ അനുകൂലിച്ച സുഡാപ്പി'യാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് ഈ കോടതി വിധിയുടെ അപകടങ്ങളെ കാണാതെ പോകുന്ന ഇടതുപക്ഷ /കോൺഗ്രസ്സ് ലീഗ് സുഹൃത്തുക്കളോടാണ് ഇനി പറയാനുള്ളത് . നിങ്ങൾ ഷെഫിൻ ജഹാനെ മാറ്റി നിർത്തി ഈ കോടതി വിധിയെ കാണാൻ തയ്യാറാവണം . അങ്ങേയറ്റം അപകടകരമായ പ്രിസിഡൻസ് ഉണ്ടാക്കുന്ന ഒരു വിധിയാണ് ഇത് . ഹാദിയയുടെ മൗലികാവകാശങ്ങൾ ലംഘിച്ചു എന്നത് മാത്രമല്ല ,ഈ കോടതി വിധിയുടെ അപകടം .അതേ കുറിച്ച് വിശദമായി അടുത്ത പോസ്റ്റിൽ .