തിരുവനന്തപുരം: ഹാദിയയുടെ പിതാവ് അശോകൻ അസത്യപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവും സത്യസരണിയിലെ ജീവനക്കാരിയുമായ സൈനബ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 'ഇസ്ലാമോഫോബിയ' പ്രചരിപ്പിക്കുന്നവരാണ് അശോകനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം.

മതപരിവർത്തനം നടത്തുന്ന തൃപ്പൂണിത്തുറ ശിവശക്തി കേന്ദ്രത്തിനെതിരെ പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തണം. ഇസ്ലാമിനെയും മതവിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകൻ ഉന്നയിക്കുന്നതെന്നും സൈനബ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അടുത്തമാസം 22ന് ഹാദിയകേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

അശോകന് പിന്നിലുള്ളത് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണെന്നൈാണ് സൈനബയുടെ പ്രധാന ആരോപണം. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് സൈനബയുടെ പരാമർശങ്ങൾ. ഇസ്ലാമിനെയും ഇസ്ലാം മത വിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകൻ ഉന്നയിച്ചിരിക്കുന്നത്, രാജ്യ വിരുദ്ധരും സാമൂഹിക വിരുദ്ധരുമായ വ്യക്തികളുടെയും സംഘടനകളുടെയും സ്വാധീനത്തിലാണ് അശോകൻ എന്നും മറുപടി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കി രാജ്യത്ത് നിലനിൽക്കുന്ന ഐക്യവും അഖണ്ഡതയും തകർത്ത് അധികാരം കൈക്കലാക്കുക എന്ന ഗൂഢലക്ഷ്യം ആണ് അശോകന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഉള്ളതെന്നും സൈനബ ആരോപിക്കുന്നു. ഇവർക്ക് ഇതുവരെ കേരളത്തിൽ അധികാരത്തിൽ എത്താൻ സാധിച്ചിട്ടില്ല. കലക്കവെള്ളത്തിൽ അധികാരം പിടിക്കുകയാണ് ലക്ഷ്യം. ഇതിനായി ആദ്യം വെള്ളം കലക്കുകയാണ്. അശോകന് പിന്നിൽ പ്രവർത്തിക്കുന്ന രാജ്യ വിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളെ കണ്ടെത്താൻ നിഷ്പക്ഷമായ അന്വേഷണം വേണം. അത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും മറുപടി സത്യവാങ്മൂലത്തിൽ സൈനബ ആവശ്യപെടുന്നു.

അന്ധൻ ഇരുട്ടത്ത് സാങ്കൽപ്പികമായ കറുത്ത പൂച്ചയെ തപ്പുന്നത് പോലെയാണ് അശോകൻ ആരോപണങ്ങൾക്കായി തപ്പുന്നതെന്നും മറുപടി സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്ക് ആരെങ്കിലും മാറിയാൽ അത് മസ്തിഷ്‌ക്ക പ്രക്ഷാളനം ബാഹ്യപ്രേരണ എന്നൊക്കെ പറയുന്നത് ഇസ്ലാം മതത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ലോകത്ത് ഇങ്ങനെ പലരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. കമല സുരയ്യ, എആർ റഹ്മാൻ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി എന്നിവർ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഹാദിയയും സ്വന്തം ഇഷ്ടപ്രകാരം ആണ് ഇസ്ലാം മതം സ്വീകരിച്ചത് എന്നും സൈനബ മറുപടി സത്യവാങ് മൂലത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഭരണഘടനയുടെ 25 ആം അനുച്ഛേദ പ്രകാരം ഏത് മതവും സ്വീകരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഹാദിയയുടെ മൗലിക അവകാശം ആണ്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശം സംരക്ഷിക്കാൻ ഉള്ള സഹായം ആണ് നൽകിയത്. മാനുഷിക പരിഗണന കണക്കിലെടുത്താണ് ഹാദിയയെ സഹായിച്ചത്. ഹാദിയയുടെ മതപരിവർത്തനത്തിന് പിന്നിൽ എസ്ഡിപിഐയും പിഎഫ്ഐയും ആണെന്ന വാദം തെറ്റ്. താനോ സത്യസരണിയോ ഹാദിയയുടെ മതപരിവർത്തനം നടത്തിയിട്ടില്ല. ജാതി മത വർഗ്ഗ ഭേദമെന്യേ സ്വന്തം ഇഷ്ടപ്രകാരം വരുന്നവർക്ക് മതത്തെ കുറിച്ച് പഠിപ്പിക്കുന്ന സത്യസരണി, ഇസ്ലാം മത പരിവർത്തന കേന്ദ്രം അല്ലെന്നും സൈനബ മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തിൽ ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവ ഇല്ലെന്ന് സൈനബ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. ഷഹൻഷാ കേസിൽ കേരള ഡിജിപി കോടതിക്ക് സമർപ്പിച്ച 18 റിപ്പോർട്ടുകളിൽ 15 ലും കേരളത്തിൽ ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രത്യക്ഷമായ തെളിവുകൾ ഇല്ലാതെ കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ തയ്യാർ ആക്കിയ മൂന്ന് റിപ്പോർട്ടുകൾ ഉണ്ടെന്ന് പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ മുഖവിലയ്ക്ക് എടുക്കാൻ കഴിയില്ല എന്ന് സൈനബ ചൂണ്ടിക്കാട്ടുന്നു. 2009 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവ നിലനിൽക്കുന്നതിന് തെളിവ് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട മതപരിവർത്തനം എല്ലാ മതങ്ങളിലും ഉണ്ട്. കേരളത്തിൽ ഹിന്ദു മതത്തിലേക്ക് മാറ്റാൻ 5 സംഘടനകൾക്കും മുസ്ലിം മതത്തിലേക്ക് മാറ്റാൻ 2 സംഘടനകൾക്കും ബുദ്ധ മതത്തിലേക്ക് മാറ്റാൻ ഒരു സംഘടനയ്ക്കും ആണ് അധികാരം ഉള്ളത്. എന്നാൽ എല്ലാ ക്രിസ്ത്യൻ പള്ളികളിലും മതം മാറ്റാൻ അധികാരം ഉണ്ടെന്നും, നിയമസഭയിൽ നൽകിയ ഒരു മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിട്ടുള്ളതായും സൈനബ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവരെ കൊല്ലുന്നതായും, തിരികെ ഹിന്ദു മതത്തിലേക്ക് മടക്കി കൊണ്ട് പോകുന്നതിന് ലൈംഗികവും, ശാരീരികവും ആയ അക്രമങ്ങൾ നടത്തുന്നതായും സൈനബ ആരോപിക്കുന്നു. മലപ്പുറത്തെ തിരൂരിൽ യാസിർ, തിരൂർ അങ്ങാടിയിൽ ഫൈസൽ എന്നിവരെ ഇസ്ലാം മതം സ്വീകരിച്ചതുകൊണ്ട് സംഘപരിവാറുകാർ വധിച്ചു. 1987 ൽ ചിരുതകുട്ടി എന്ന ഹിന്ദു സ്ത്രീ മുസ്ലിം മതം സ്വീകരിച്ച് ആമിനകുട്ടി ആയി. ആമിനകുട്ടിയെ മഞ്ചേരിയിലെ ജില്ലാ കോടതി വളപ്പിൽ വച്ച് ആർഎസ്എസ്‌കാർ കുത്തി കൊന്നു എന്നും സൈനബ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാറുമായി ബന്ധമുള്ള സംഘടനകളാണ് ഈ കൊലപാതകങ്ങൾക്കും ഘർവാപ്പസികൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്. നിർബന്ധിത മതപരിവർത്തനം, ലൈംഗികവും ശാരീരികവും ആയ അതിക്രമം, മസ്തിഷ്‌ക അഷാളനം ശാരീരിക പീഡനങ്ങൾ എന്നിവ നടത്തുന്ന തൃപ്പൂണിത്തറ ശിവശക്തി കേന്ദ്രത്തിന് എതിരെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നും സൈനബ സത്യവാങ് മൂലത്തിലത്തിൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മതം മാറിയ ഹാദിയ ഐഎസ്ലേക്ക് പോകും എന്ന അശോകന്റെ ആരോപണത്തെയും സൈനബ ഖണ്ഡിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നതിനെ ക്രിമിനൽ തീവ്രവാദ സംഘടന ആയ ഐഎസ്സും ആയി ബന്ധപ്പെടുത്തുന്നത് ശരിയല്ല. ചില മലയാളികൾ വിദേശത്ത് പോയി എന്ന് കേട്ടിട്ടുണ്ട്. എന്നാൽ അവരുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് അറിയില്ല. ഇപ്പോൾ അവർ എവിടെ എന്നതിന് ഒരു തെളിവും ഇല്ല. ഇസ്ലാം മത വിശ്വാസികൾ അല്ലാത്ത ചിലർ ഐ എസിലേക്ക് ചേരാൻ പോയതായും, ഇവർ തിരിച്ചെത്തിയപ്പോൾ സുഷമ സ്വരാജ് സ്വീകരിച്ചതായും മാധ്യമ വാർത്തകളിൽ കണ്ടു. ഹാദിയക്ക് പാസ്പോർട്ട് പോലും ഇല്ല എന്നും സൈനബ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എസ്ഡിപിഐയ്ക്കോ, പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യയ്ക്കോ തീവ്രവാദം ഇല്ല എന്ന് സൈനബ അവകാശപ്പെടുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരു സാമൂഹിക സംഘടനയാണ്. മുസ്ലിംങ്ങളുടെയും ദളിതരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന ആണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയ സംഘടന ആണ്. തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന് സിമിയും ആയി രാഷ്ട്രീയ ബന്ധം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം ആണ്. കോളെജ് പ്രൊഫസറുടെ കൈവെട്ടിയ കേസിൽ പോപ്പുലർ ഫ്രണ്ടിനെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത് തെറ്റാണ്. ഒരു അന്വേഷണ ഏജൻസിയും പിഎഫ്ഐ യ്ക്ക് ഈ അക്രമവും ആയി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല എന്നും 45 പേജ് ദൈർഖ്യം ഉള്ള മറുപടി സത്യവാങ് മൂലത്തിൽ സൈനബ അവകാശപ്പെടുന്നു.