കൊല്ലം: ഇസ്ലാം മതം സ്വീകരിക്കുകയും സുപ്രീംകോടതി വിധിയെത്തുടർന്ന് വീട്ട് തടങ്കലിലാകുകയും ചെയ്ത ഹാദിയയയുടെ ഭർത്താവ് ഷെഫിൻ ജഹാന്റെ പേരിൽ ക്രിമിനൽ കേസുകളില്ലെന്ന വ്യാജപ്രചാരണത്തിനെതിരെ കിളികൊല്ലൂർ പൊലീസിൽ പരാതി. ഷെഫിൻ ജെഹാൻ കേസുകളിൽ പ്രതിയല്ലെന്നും കിളിക്കൊല്ലൂർ പൊലീസ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മുഹമ്മദ് ഷെഫിൻ എന്ന എസ്.ഡി.പി.ഐ പ്രവർത്തകനെതിരെയുള്ള കേസുകളാണെന്നുമുള്ള പ്രചാരണം നടക്കുന്നതിനിടെയാണ് ഇരുവരുമർക്കെതിരെ പരാതി സമർപ്പിച്ചിരിക്കുന്നത്.

മുഹമ്മദ് ഷെഫിൻ തന്നെയാണ് ഫേസ്‌ബുക്ക് വഴി ഇത്തരം പ്രചാരണം ആരംഭിച്ചിരുന്നത്. ആദ്യം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും പിന്നീട് ലൈവായി എത്തി മുഹമ്മദ് ഷെഫിൻ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. നിരവധിപേരാണ് എസ്.ഡി.പി.ഐപ്രവർത്തകന്റെ അവകാശവാദങ്ങൾ കണ്ടത്. ഹാദിയ കേസിൽ കാര്യങ്ങൾ ഫെഫിന് അനുകൂലമാക്കാനായിരുന്നു ഇത്. ഇതിനിടെയാണ് കൊല്ലം മെഡിട്രിന ആശുപത്രിയിൽ അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

ഹാദിയ കേസ് സുപ്രീംകോടതിയുടെ പരിഗണനിയാണ്. ഇതിൽ എൻ ഐ എ അന്വേഷണവും നടക്കുന്നുണ്ട്. ഷെഫിൻ ജഹാനെതിരായ ആരോണങ്ങളാണ് അന്വേഷിക്കുന്നത്. ഇതിനിടെയാണ് സോഷ്യൽ മീഡിയയിലൂടെ ഷെഫിൻ ജെഹാനെതിരായ ആരോപണങ്ങൾ കെട്ടിചമച്ചതാണെന്ന പ്രചരണം സജീവമായത്. ഇതോടെ മെഡിട്രീനാ ആശുപത്രി അടിച്ചു തകർക്കുന്ന ദൃശ്യങ്ങൾ മറുനാടൻ പുറത്തുവിടുകയായിരുന്നു.

രോഗിക്ക് ചികിൽസ നിഷേധിച്ചുവെന്ന് ആരോപിച്ച് മെഡിട്രീനാ ആശുപത്രിയിൽ എസ് ഡി പി ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ഷെഫിൻ ജെഹാനായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ ഷെഫിൻ ജഹാൻ അതിക്രമം കാട്ടുന്നത്. ആശുപത്രിയുടെ വാതിൽ തല്ലി പൊളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇയാൾക്കെതിരെയുണ്ടെന്നാണ് സൂചന. ആശുപത്രി ആക്രമണമെന്നത് ഗുരുതര കുറ്റമാണ്. എസ് ഡി പി ഐ പ്രവർത്തകനെന്ന നിലയിലാണ് ഇതിൽ ഷെഫിൻ ജഹാൻ പങ്കെടുത്തതെന്നും വ്യക്തമാണ്. എന്നാൽ ഇതൊക്കെ മറച്ചുവെച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രചാരണം നടത്തുകയാണെന്നും കേരള പൊലീസിനെയും സിപിഐയേയും വിനേഷിനെ വ്യക്തിപരമായും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു.


എഐവൈഎഫ് കൊല്ലം സിറ്റി സെക്രട്ടറി വിനേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുഢാലോചനകുറ്റത്തിന് അന്വേഷണത്തിലിരിക്കുന്ന വ്യക്തികളാണ് ഷെഫിൻ മുഹമ്മദും സഹോദരങ്ങളും. ആ കോസോടുകൂടി ഗൾഫിലേക്ക് പോയ വ്യക്തികളാണ് ഇവർ. എന്നാൽ ഇപ്പോൾ ഈ കേസിനെയും ഹാദിയ കേസിനെയും ഒരുമിച്ചാക്കി പൊലീസിനെയും ഭരണകൂടത്തെയും വിമർശിക്കാനാണ് എസ്.ഡി.പി.ഐയുടെ ശ്രമം.

ഷെഫിൻ ജഹാനെയും, മുഹമ്മദ് ഷെഫിനെയും എതിർ കക്ഷികളാക്കി വിനേഷ് സമർപ്പിച്ച പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്:

'എതിർ കക്ഷികളെ രണ്ടുപേരെയും എനിക്ക് പരിചയം ഇല്ല. ഞാൻ എ.ഐ.വൈ.എഫിന്റെ കൊല്ലം സിറ്റി കമ്മിറ്റി സെക്രട്ടറിയാണ്. 2013 ഡിസംബർ 26ാം തീയതി കല്ലുത്താഴം ജംഗ്ഷനിൽ എന്റെ ബിസിനസ് സ്ഥാപനത്തിന്റെ മുന്നിൽ വെച്ച് പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ ചേർന്ന് എന്നെ വധിക്കാൻ ശ്രമിക്കുകയും ഇതിനെ സംബന്ധിച്ച് ഇരവിപുരം സർക്കിൾ ഇൻസ്പെക്ടർ അന്വേഷണം നടത്തിവരികയുമാണ്. ടി പ്രദേശത്ത് വർഗ്ഗീയകലാപം അഴിച്ചുവിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ ഭാഗമാണെന്നും അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടതാണ്.

2017 സെപ്റ്റംബർ 7ന് സോഷ്യൽമീഡിയ ആയ ഫേസ്‌ബുക്ക് വഴി കേരള പൊലീസിനെയും സിപിഐയെയും വ്യക്തിപരമായി എന്നെയും ചേർത്ത് എതിർകക്ഷികൾ അപകീർത്തികരമായ പോസ്റ്റ് ഇടുകയും ടി പ്രദേശത്ത് വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമാണ്. എന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് തൊട്ട് മുമ്പ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ എതിർകക്ഷികളും കൂട്ടാളികളും ചേർന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു.

എതിർകക്ഷികളുടെ ടി പ്രവർത്തി കാരണം മനസ്സമാധാനത്തോടുകൂടി ജീവിക്കുന്നതിന് ഞങ്ങൾ പരിസരവാസികൾക്ക് ബുദ്ധിമുട്ടാണ്. ദയവായി എതിർകക്ഷികളുടെ പ്രവർത്തി ഇല്ലാതാക്കാൻ നിയമനടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇരവിപുരം സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.